സ്വപ്നതീരമാകാൻ കരമനയാർ തീരം, നഗര ഹൃദയത്തില്‍ ഒരു ടൂറിസ്റ്റ് സ്പോട്ട്; ഒരുങ്ങുന്നത് 15 കോടിയുടെ പദ്ധതി

By Web TeamFirst Published Jan 31, 2024, 2:26 PM IST
Highlights

കുട്ടികൾക്കായൊരു പാർക്ക്, ജോഗ്ഗിംഗ് ട്രാക്ക്, സൈക്കിൾ ട്രാക്ക്, ഓപ്പൺ ജിം, യോഗ പ്ലാറ്റ്ഫോം, ഇരിപ്പിടങ്ങൾ എന്നിങ്ങനെ  നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു ടൂറിസ്റ്റ് ഹബ്ബ് ഒരുങ്ങുകയാണ്

തിരുവനന്തപുരം: ഉദ്യാനവും ഓപ്പൺ ജിമ്മും നടപ്പാതകളുമൊക്കെയായി കരമനയാറിന്റെ തീരം ഉഷാറാകുന്നു. കരമന മുതൽ ആഴാങ്കൽ വരെയുള്ള നദിതീരത്തിന്‍റെ സൗന്ദര്യവത്കരണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും. സ്മാർട്ട് സിറ്റിയും ജലസേചന വകുപ്പും ചേർന്ന് 15 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാകുന്നത്. ഇതോടെ തിരുവനന്തപുരം നഗരഹൃദയത്തിൽ ഒരുങ്ങുന്നത് ഒരുഗ്രൻ ടൂറിസ്റ്റ് സ്പോട്ടാണ്.

കരമന പാലം മുതൽ ആഴാങ്കൽ ജംഗ്ഷൻ വരെ 1.9 കി.മീ ദൂരത്ത് കരമനാറിന്റെ തീരം അടിമുടി മാറും. കുട്ടികൾക്കായൊരു പാർക്ക്, ജോഗ്ഗിംഗ് ട്രാക്ക്, സൈക്കിൾ ട്രാക്ക്, ഓപ്പൺ ജിം, യോഗ പ്ലാറ്റ്ഫോം, ഇരിപ്പിടങ്ങൾ എന്നിങ്ങനെ  നഗരത്തിന്റെ ഹൃദയഭാഗത്ത് കരമയാർ തീരത്ത്, ഒരു ടൂറിസ്റ്റ് ഹബ്ബ് ഒരുങ്ങുകയാണ്. കഴിഞ്ഞ ഒക്ടോബറിലാണ് നിർമാണപ്രവർത്തനം തുടങ്ങിയത്.

Latest Videos

രണ്ട് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കി ഏപ്രിലിൽ ഉദ്ഘാടനം നടത്താനാണ് ലക്ഷ്യം. സ്മാർട്ട് സിറ്റി ഫണ്ടിൽ നിന്ന് 15 കോടി രൂപ ചെലവിൽ ജലസേചന വകുപ്പാണ് സൗന്ദര്യവത്കരണ പദ്ധതി നടപ്പാക്കുന്നത്. ടൂറിസ്റ്റ് സ്പോട്ട് ഒരുക്കുക മാത്രമല്ല, കരമനയാറിന്റെ തീരത്തെ കയ്യേറ്റം തടയാനും കൂടി ലക്ഷ്യമിട്ടാണ് പദ്ധതി.

ബോട്ടിംഗ് സൗകര്യവും ആധുനിക ടോയ്‍ലെറ്റുകളും ഉറപ്പാക്കും. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. നഗരത്തിൽ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കങ്ങൾ കണക്കിലെടുത്ത്, കരമനയാറിലെ ബണ്ടുകളുടെ ബലപ്പെടുത്തലും സൈഡ് വാൾ ഒരുക്കലും പദ്ധതിയുടെ ഭാഗമാണ്. ഉള്ളൂർ തോടിലടക്കം മുമ്പ് പ്രഖ്യാപിച്ച പല സൗന്ദര്യവത്കരണ പദ്ധതികളും പ്രഖ്യാപനത്തിൽ ഒതുങ്ങിയത് പോലെയായില്ലെങ്കിൽ, രണ്ട് മാസത്തിനുള്ളിൽ കരമന തീരം സ്വപ്നതീരമാകും. 

 

click me!