'കൺമണി പൊൻമണിയേ... ' ശാന്തിയമ്മയുടെ പൊന്മണിയായി 'കൺമണി'! താമസം പിടി സെവനൊപ്പം; പേടി കൊതുകിനെ!

By Web TeamFirst Published Dec 11, 2023, 7:58 PM IST
Highlights

കൺമണി എന്ന് നീട്ടി വിളിച്ചാൽ കുട്ടിയാന ഓടിയെത്തും. ജനിച്ച് ആഴ്ചകൾക്കകം അമ്മയിൽ നിന്നകന്ന കൺമണിയ്ക്ക് ശാന്തി പോറ്റമ്മയായി.

പാലക്കാട്: അട്ടപ്പാടി കാട്ടിനുള്ളിൽ  ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാന പുതിയ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. വിദഗ്ധർ ദിവസങ്ങളുടെ മാത്രം ആയുസ്  പ്രവചിച്ചിരുന്ന കൺമണി ധോണിയിൽ വനപാലകരുടെ സംരക്ഷണയിൽ  ആരോഗ്യം വീണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറയുന്നു.

ഒക്ടോബറിൽ അട്ടപ്പാടി മൂച്ചിക്കടവിൽ നിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കുട്ടിയാനയെ കിട്ടിയത്. പൊക്കിളിലും ദേഹത്താകമാനവും മുറിവുകൾ. കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാനയെ കൂടുതൽ പരിചരണത്തിനായാണ് ധോണി ക്യാമ്പിലെത്തിച്ചത്. ഒക്ടോബർ 31 ന് രാത്രി ധോണിയിലെത്തിക്കുമ്പോൾ എത്ര ദിവസം ജീവിക്കുമെന്നു പോലും സംശയമായിരുന്നു. ആ രാത്രി തന്നെയാണ് PT 7 ൻ്റെ പാപ്പാൻ മാധവൻ്റെ അമ്മ ശാന്തി മകനെ കാണാൻ ധോണിയിലെത്തിയത്. അന്ന് ഏറ്റെടുത്തതാണ് ശാന്തി കുട്ടിയാനയുടെ പരിചരണം. കൺമണി എന്ന് നീട്ടി വിളിച്ചാൽ കുട്ടിയാന ഓടിയെത്തും. ജനിച്ച് ആഴ്ചകൾക്കകം അമ്മയിൽ നിന്നകന്ന കൺമണിയ്ക്ക് ശാന്തി പോറ്റമ്മയായി.
 
പുലർച്ചെ 5 മണിയ്ക്ക് എഴുന്നേൽക്കുന്നതു മുതൽ രാത്രി 11 വരെ ശാന്തിക്കൊപ്പം കുട്ടിയാനയുണ്ടാകും. ദിവസം 20 ലിറ്ററെങ്കിലും പാൽ കുടിക്കും കൺമണി. മറ്റുള്ളവരുടെ കണ്ണേറ് കിട്ടാതിരിക്കാൻ പാൽ കുപ്പി മറച്ചു പിടിക്കുന്നതിൽ പോലും ഒരമ്മയുടെ കരുതലുണ്ട്. 6 മാസം പ്രായമായ കൺമണിയുടെ പരുക്കുകളെല്ലാം ഭേദമായി. ധോണിയെ കിടുകിടാ വിറപ്പിച്ച PT 7 ൻ്റെ കൂട്ടിലാണ് താമസം. പകൽ മുഴുവൻ കൂട്ടിന് പുറത്തെ കളിമുറ്റത്ത് ഓടി നടക്കുന്ന കൺമണിയ്ക്ക് ഏറ്റവും പേടി കൊതുകിനെ. സന്ധ്യ മയങ്ങിയാൽ കൊതുകുകൾ വട്ടമിടാൻ തുടങ്ങിയാൽ കൺമണി കൂട്ടിൽ ഓടി കയറും. അങ്ങനെ ധോണിയുടെ കൺമണി പതുക്കെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. ഒന്നാം പിറന്നാൾ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് വനപാലകർ. 

Latest Videos

സിസിടിവി ദൃശ്യങ്ങളിലുണ്ടെല്ലാം, മങ്കി തൊപ്പി വച്ചെത്തിയ ആൾ, അക്ഷയയിലും കയറി, 7 കടകളുടെ പൂട്ട് പൊളിക്കുന്നു

കണ്മണിക്ക് ശാന്തി പോറ്റമ്മയായത് ഇങ്ങനെ

click me!