ട്വന്‍റി ട്വന്‍റി ഭരിക്കുന്ന പഞ്ചായത്തുകളിൽ കേന്ദ്ര സംഘത്തിന്‍റെ പരിശോധന; സഹകരിക്കാതെ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ

By Web TeamFirst Published Dec 24, 2023, 8:30 PM IST
Highlights

കേന്ദ്ര പഞ്ചായത്ത് രാജ് ഡപ്യൂട്ടി സെക്രട്ടറി വിജയ് കുമാര്‍, അഡ്വൈസര്‍ ഡോ പി പി ബാലൻ എന്നിവരാണ് പ‌ഞ്ചായത്തുകളിലെത്തി പദ്ധതികള്‍ നേരില്‍ കണ്ട് വിലയിരുത്തിയത്.

കൊച്ചി: കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘം എറണാകുളത്തെ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് പദ്ധതികള്‍ വിലയിരുത്തി. ട്വന്‍റി ട്വന്‍റി പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തുകളിലെ കേന്ദ്ര സംഘത്തിന്‍റെ സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥരാരും സഹകരിച്ചില്ല. കേന്ദ്ര പഞ്ചായത്ത് രാജ് ഡപ്യൂട്ടി സെക്രട്ടറി വിജയ് കുമാര്‍, അഡ്വൈസര്‍ ഡോ പി പി ബാലൻ എന്നിവരാണ് പ‌ഞ്ചായത്തുകളിലെത്തി പദ്ധതികള്‍ നേരില്‍ കണ്ട് വിലയിരുത്തിയത്.

രാവിലെ കിഴക്കമ്പലം പഞ്ചായാത്ത് ഓഫീസിലെത്തിയ സംഘം ഭരണസമിതി അംഗങ്ങളുമായും പ്രസിഡന്‍റുമായും സംസാരിച്ചു. പഞ്ചായത്ത് നടപ്പാക്കുന്ന വികസന ജനക്ഷേമ പദ്ധതികളും ഇത് കാര്യക്ഷമമായി നടപ്പാക്കുന്ന രീതികളും പഞ്ചായത്ത് ഭരണസമിതി കേന്ദ്ര സംഘത്തിന് വിശദീകരിച്ചു കൊടുത്തു. പിന്നീട് ഹൈടെക്കാക്കിയ മലയടം തുരുത്ത് ഗവൺമെന്‍റ്  യു പി സ്കൂള്‍, വലിയ തോട് കുളം പുനരുദ്ധാരണ പ്രവര്‍ത്തി, ചിറ, കുടുംബ ശ്രീ തയ്യല്‍ യൂണിറ്റ്, താമരച്ചാല്‍ വനിത വ്യവസായ യൂണിറ്റ്, ഞാറള്ളൂര്‍ മോഡേൺ അംഗൻവാടി, ഡോഗ്സ് വില്ല റോഡ്, ഗോഡ്സ് വില്ല പ്രോജക്ട് എന്നിവയടക്കം പഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതികള്‍ കേന്ദ്ര സംഘം സന്ദര്‍ശിച്ചു.

Latest Videos

ട്വന്‍റി ട്വന്‍റി നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള സൂപ്പര്‍ മാര്‍ക്കറ്റും സംഘം സന്ദര്‍ശിച്ചു. ജനങ്ങള്‍ക്ക് ഉപകാരമാവുന്ന പദ്ധതികള്‍ ഇടനിലക്കാരെ ഒഴിവാക്കി അഴിമതിക്ക് അവസരം നല്‍കാതെ നടപ്പാക്കുന്നതാണ് പഞ്ചായത്തിന്‍റെ മാതൃകയെന്ന് ഭരണ സമിതിയും വിശദീകരിച്ചു. പദ്ധതികളിലും നടത്തിപ്പിലും സംതൃപ്തി അറിയിച്ച കേന്ദ്ര സംഘം പഞ്ചായത്ത് ഭരണമസമിതിയെ ദില്ലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ജമ്പനും തുമ്പനും ഇൻസ്റ്റഗ്രാം പേജ്, കൂടെ യൂട്യൂബ് വീഡിയോ; അബ്‌കാരിആക്ട് സെക്ഷൻ 55 എച്ച് പ്രകാരം കേസ്, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!