ലോക്ക്ഡൗണിൽ കടത്തിണ്ണകൾ കയ്യടക്കി തെരുവ് നായ്ക്കൾ; ദുരിതം പേറി വ്യാപാരികൾ

By Web Team  |  First Published May 20, 2020, 1:30 PM IST

കടത്തിണ്ണകളിൽ കുപ്പികളിൽ കളർ വെള്ളം നിറച്ച് ഇവയെ തടയാൻ ശ്രമിച്ചാലും ഫലമുണ്ടാകാറില്ല. 


മാന്നാർ: മാന്നാർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം വ്യാപാര കേന്ദ്രങ്ങളിലെ കടത്തിണ്ണയിലായത് വ്യാപാരികളുടെ ജീവിതം ദുരിതപൂർണമായി മാറി. തിരുവല്ല- മാവേലിക്കര റോഡിൽ
ടൗൺ മുതൽ സ്റ്റോർ ജങ്ഷൻ വരെയുള്ള കടകളിലും ഇടറോഡരികിലുള്ള കടകളിലെ തിണ്ണകളിലുമാണ് തെരുവ് നായ്ക്കളുടെ വാസസ്ഥലം.
  
ലോക്ക്ഡൗണിൽ കടകൾ അടഞ്ഞുകിടന്നത് നായ്ക്കൾക്ക് മലമൂത്ര വിസർജനം നടത്താൻ അവസരമായി. വ്യാപാര കേന്ദ്രങ്ങൾ തുറന്നിട്ടും രാത്രി കാലങ്ങളിൽ കട തിണ്ണയിൽ കയറി കിടക്കുന്ന നായ്ക്കൾ മലമൂത്ര വിസർജനം നടത്തുന്നതിനാൽ വ്യാപാരികൾക്ക് കടകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാതെ ഇവ നീക്കം ചെയ്ത് നിത്യേന ശുചീകരിക്കേണ്ട ഗതികേടിലാണ്. 

മാന്നാർ നായർ സമാജം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ്ട്രഷറിക്ക് മുന്നിലും സമീപത്തെ കട തിണ്ണയിലുമാണ് കുട്ടത്തോടെ എത്തുന്ന നായ്ക്കൾ മലമൂത്ര വിസർജനം നടത്തുന്നത്. കടത്തിണ്ണകളിൽ കുപ്പികളിൽ കളർ വെള്ളം നിറച്ച് ഇവയെ തടയാൻ ശ്രമിച്ചാലും ഫലമുണ്ടാകാറില്ല. ജില്ലാ പഞ്ചായത്ത് തെരുവ് നായ്ക്കളെ വന്ധീകരണം നടത്താനുള്ള തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ തെരുവ്‌ നായ‌ ശല്യത്തിന് പരിഹാരം കണ്ടെത്തുന്നതിനോ, വന്ധീകരണം നടത്തുന്നതിനോ മാന്നാർ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും വ്യാപാരികളും നാട്ടുകാരും പറയുന്നു.

Latest Videos

click me!