തെങ്ങിന്റെ മുകളിലെത്തിയപ്പോൾ ശാരീരിക അസ്വസ്ഥത, വീഴാതിരിക്കാൻ കയറെടുത്ത് തെങ്ങുമായി ബന്ധിപ്പിച്ചു; ഒടുവിൽ മരണം

By Web TeamFirst Published Apr 2, 2024, 11:11 PM IST
Highlights

ഉടനെ താഴെയിറക്കി സിപിആര്‍ അടക്കമുള്ള പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ഇടുക്കി: തെങ്ങ് വെട്ടാന്‍ കയറിയ വയോധികന്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മരിച്ചു. കഞ്ഞിക്കുഴി ചുരുളിപ്പതാലില്‍ മരോട്ടിപ്പറമ്പില്‍ ഗോപിനാഥന്‍ (65) ആണ് തെങ്ങിന്‍ മുകളില്‍ വച്ച് മരിച്ചത്. ഇന്നലെ രാവിലെ 8.30നാണ് സംഭവം. 

'മരംവെട്ട് തൊഴിലാളിയായ ഗോപിനാഥന്‍ അയല്‍വാസിയായ നടക്കല്‍ സിബിയുടെ പുരയിടത്തില്‍ തെങ്ങു വെട്ടാന്‍ കയറിയപ്പോളാണ് സംഭവം. 90 അടിയോളം പൊക്കമുള്ള തെങ്ങിന്റെ മുക്കാല്‍ ഭാഗം പിന്നിട്ടപ്പോള്‍ അസ്വസ്ഥത തോന്നി. ശരീരം തളര്‍ന്നതോടെ പന്തികേട് തോന്നി ഉടന്‍ തന്നെ ഗോപിനാഥന്‍ കയ്യിലുണ്ടായിരുന്ന കയറെടുത്തു തെങ്ങുമായി സ്വയം ബന്ധിപ്പിച്ചു. പിന്നാലെ അബോധാവസ്ഥയിലായി. ഈ സമയം അതു വഴി കടന്നു പോയ സമീപവാസിയായ മറ്റൊരാള്‍ തെങ്ങില്‍ നിന്ന് കയര്‍ തുങ്ങിക്കിടക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് അവശനിലയില്‍ ഗോപിയെ മുകളില്‍ കണ്ടത്. ഉടന്‍ തന്നെ സ്ഥലമുടമയെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.'

Latest Videos

തുടര്‍ന്ന് ഇടുക്കി ഫയര്‍ സ്റ്റേഷനിലും കഞ്ഞിക്കുഴി പൊലീസിലും സ്ഥലമുടമ വിവരമറിയിച്ചു. ഇടുക്കിയില്‍ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേന യൂണിറ്റും കഞ്ഞിക്കുഴി പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉടനെ താഴെയിറക്കി സിപിആര്‍ അടക്കമുള്ള പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

മുതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഭാര്യ ലക്ഷ്മിക്കുട്ടി. മക്കള്‍: ഉഷ, നിഷ. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സീനിയര്‍ ഓഫീസര്‍ പ്രദീപ് കുമാര്‍, ഓഫീസര്‍മാരായ അനില്‍ കുമാര്‍, ആകാശ്, സ്റ്റേഷന്‍ ഓഫീസര്‍ അഖില്‍, ആഗസ്തി, സലിം, മനോജ്, അഞ്ചു, ശ്രീലഷ്മി, അജ്ഞന എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

'ഇത്തരം ഡ്രൈവര്‍മാര്‍ കെഎസ്ആര്‍ടിസിയില്‍ വേണ്ട'; ബ്രിജേഷിനെ പിരിച്ചുവിട്ടു
 

tags
click me!