തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയെന്നാണ് പരാതി.
തിരുവനന്തപുരം: കോവിഡ് ചികിത്സയുടെ പേരിൽ ചില സ്വകാര്യാശുപത്രികൾ ഭീമമായ തുക ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45600 രൂപ ഈടാക്കിയെന്നാണ് പരാതി. പരാതിയെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം ജില്ലാ കളക്ടറും അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് ഹാജരാക്കണം. കേസ് മേയ് 28 ന് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേരള- തമിഴ്നാട് അതിർത്തിയിലെ ഒരു സ്വകാര്യാശുപത്രിയിലാണ് ഇത്തരത്തിൽ കൊള്ള നിരക്ക് ഈടാക്കിയത്. കഴിഞ്ഞ മാസം 27 ന് ഈ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റിയ രോഗിക്കാണ് ഒരു ദിവസത്തെ ഓക്സിജന് 45600 രൂപ ഈടാക്കിയത്. ഒരേ പി പി ഇ കിറ്റാണ് ജീവനക്കാർ ധരിക്കുന്നതെങ്കിലും ഓരോ രോഗിയിൽ നിന്നും പി പി ഇ കിറ്റിന് പണം ഈടാക്കുന്നെന്നും പരാതിയുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona