ഇന്നും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടുകളുണ്ടാകാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും പുതിയ റഡാർ ചിത്ര പ്രകാരം മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
രണ്ട് ചക്രവാതചുഴിയും മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0 .9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമൂലം ശക്തമായ മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചയെയും പെയ്ത കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശിയതോടെ പലയിടത്തും മരം കടപുഴകി വീണു. കനത്ത കാറ്റിൽ പലയിടത്തും മരങ്ങൾ പാളത്തിലേക്ക് വീണു, കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. തകഴിയിൽ പാളത്തിന് കുറുകെ മരം വീണ് കിടക്കുന്നതിനാൽ 06014 കൊല്ലം - ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു. തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ സർവീസ് വൈകി. കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയിൽ പിടിച്ചിട്ടു.
ട്രാക്കിൽ മരം വീണതിനാൽ ആലപ്പുഴ വഴിയും കോട്ടയംവഴിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന തീവണ്ടികളാണ് നിലവിൽ വൈകിയോടുന്നത്. ഇന്നും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടുകളുണ്ടാകാൻ സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read More : അവർ കൂട്ടുകാരാ, പക്ഷേ പലിശ കാര്യം വന്നപ്പോൾ ബന്ധം മറന്നു, മാറി താമസിച്ചിട്ടും വിട്ടില്ല; മനോജിന്‍റെ കുടുംബം