കാലിൽ കുരുങ്ങിയ നൂൽ തെങ്ങിൽ ചുറ്റി തല കീഴായി കിടന്ന് അവശനിലയിലായ പരുന്തിനെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: കാലിൽ കുരുങ്ങിയ നൂൽ തെങ്ങിൽ ചുറ്റി തല കീഴായി കിടന്ന് അവശനിലയിലായ പരുന്തിനെ രക്ഷപ്പെടുത്തി. വിഴിഞ്ഞം പുല്ലൂർകോണം ക്ഷേത്രത്തിനടുത്താണ് പരുന്ത് തെങ്ങിൽ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് ഉയരം കൂടിയ തെങ്ങിൽ തലകീഴായി കിടക്കുന്ന പരുന്ത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റ് ഒരു തെങ്ങ് കയറ്റ തൊഴിലാളിയുടെ സഹായത്തോടെ ചുറ്റിക്കിടന്ന നൂൽ അഴിച്ച് പരുന്തിനെ താഴെ എത്തിച്ചു. അവശനിലയിലായിരുന്ന പരുന്തിനെ പുല്ലൂർക്കോണത്തെ മൃഗാശുപത്രിയിൽ എത്തിച്ച് ഇഞ്ചക്ഷനും, മരുന്നുകളും ട്രിപ്പും നൽകി ഫയർ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് നിരീക്ഷണത്തിൽ വെച്ചു.
ഉച്ചയോടെ ആരോഗ്യനില മെച്ചപ്പെട്ട പരുന്തിനെ ഉദ്യോഗസ്ഥർ സ്വതന്ത്രമാക്കി പറത്തിവിട്ടു. എഎസ്ടിഒ സജീവ് കുമാർ, ഗ്രേഡ് എഎസ്ടിഒ അലി അക്ബർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജിനേഷ്, രാജേഷ്, പ്രദീപ്, വിപിൻ, അജിത് കുമാർ, ഹോം ഗാർഡ് സുനിൽ ദത്ത് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം