തൃശൂരിലേക്ക് ജിഎസ്ടി സംഘമെത്തിയത് വിനോദ യാത്രാ ബസുകളിൽ, പങ്കെടുക്കുന്നത് 700ഓളം ഉദ്യോഗസ്ഥർ

By Web TeamFirst Published Oct 24, 2024, 1:38 PM IST
Highlights

തൃശൂരിലെ സ്വർണാഭര നിർമ്മാണശാലകളിലേക്കും കടകളിലേക്കും വിനോദയാത്ര ഫ്ലക്സുകൾ പതിപ്പിച്ച ടൂറിസ്റ്റ് ബസുകളിലാണ് ജിഎസ്ടി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെത്തിയത്. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ പിടികൂടിയത് കണക്കിൽപ്പെടാത്ത സ്വർണവും രേഖകളും

തൃശൂർ: സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ എത്തിച്ചത് ഉല്ലാസയാത്ര എന്ന ഫ്ലക്സ് പതിപ്പിച്ച വാഹനങ്ങളിൽ. അയൽക്കൂട്ടങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും വിനോദയാത്ര എന്ന് വിശദമാക്കുന്ന ഫ്ലക്സ് ബോർഡുകൾ പതിപ്പിച്ച ടൂറിസ്റ്റ് ബസുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയത്. 

തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലുമാണ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്. റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് വിശദമാക്കുന്നത്. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. 

Latest Videos

നിലവിൽ 74ഓളം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ഇതുവരെ നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത സ്വർണം പിടികൂടിയതായി ജിഎസ്ടി ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വിശദമാക്കിയിരുന്നു. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നതെന്നും നാളെ രാവിലെ വരെ പരിശോധന തുടർന്നേക്കുമെന്നും അധികൃതർ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്. 5 കൊല്ലത്തെ നികുതി വെട്ടിപ്പാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഓപ്പറേഷൻ ടോറേ ഡെൽ ഓറോ എന്ന പേരിലാണ് പരിശോധന നടക്കുന്നത്.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!