യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്റ്റാൻഡിൽ മുഴുവൻ കുഴികൾ... ശക്തൻ സ്റ്റാൻഡിൽ യാത്രക്കാർ നടത്തുന്നത് സാഹസിക യാത്ര

By Web Team  |  First Published Oct 24, 2024, 1:51 PM IST

ദിവസേന നൂറുക്കണക്കിന് ബസുകളും പതിനായിരത്തിലധികം യാത്രക്കാരും എത്തുന്ന സ്റ്റാന്‍ഡിനാണ് ഇങ്ങനെ ഒരു ഗതി. യാത്രക്കാരേയും ബസുകളേയും ഒരു പോലെ കുഴി വലയ്ക്കുകയാണ്


തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ കുഴിയിൽ വീഴാതെ സൂക്ഷിക്കുക. യാത്രക്കാരെ വീഴ്ത്താന്‍ ചതികുഴികളാണ് ഉള്ളത്. ഒന്നും രണ്ടുമല്ല... എണ്ണിയാല്‍ തീരാത്ത അത്ര കുഴികളാണ് തൃശൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ബസ് സ്റ്റാന്‍ഡിലുള്ളത്. ദിവസേന നൂറുക്കണക്കിന് ബസുകളും പതിനായിരത്തിലധികം യാത്രക്കാരും എത്തുന്ന സ്റ്റാന്‍ഡിനാണ് ഇങ്ങനെ ഒരു ഗതി. ശക്തന്‍ സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രധാന ഭീഷണി ചെളിക്കുഴികളാണ്. ടാറിംഗ് പൂർണമായി അടർന്ന് മാറിയ ഇവിടെ ഒരു മഴ പെയ്താൽ കുഴികളിൽ വെള്ളം നിറയും. ഇതിൽ വീഴാതെയും ബസിന് അടിയിൽ പെടാതെയും സാഹസിക യാത്രയാണ് യാത്രക്കാർക്ക് ചെയ്യേണ്ടി വരുന്നത്. 

കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, പാലക്കാട് തുടങ്ങി പ്രധാന സ്ഥലങ്ങളിലേക്കെല്ലാം ബസ് സര്‍വീസ് നടത്തുന്ന തൃശൂരിലെ പ്രധാന സ്റ്റാന്‍ഡാണ് ചെളിയും മണ്ണും നിറഞ്ഞ് തകര്‍ന്ന രൂപത്തിലായത്. ദിവസേന അഞ്ഞൂറില്‍ പരം ബസുകളാണ് ശക്തന്‍ സ്റ്റാന്‍ഡിലെത്തുന്നത്. രൂക്ഷമായ സ്ഥലപരിമിതി നേരിടുന്നതിനാല്‍ എങ്ങോട്ടു തിരിഞ്ഞാലും ബസുകള്‍ക്കിടയില്‍ പെട്ട് യാത്രക്കാർക്ക് ജീവന്‍ അപകടത്തിലാവാനുള്ള സാധ്യതയുമുണ്ട്. പീച്ചി, മാന്ദാമംഗലം, ഇരിങ്ങാലക്കുട തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ബസുകള്‍ പുറപ്പെടുന്ന ഭാഗത്ത് വലിയ കുഴികളാണ് ഉണ്ടായിട്ടുള്ളത്. പാലക്കാട് ഭാഗത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ് ബസുകളും ഈ ഭാഗത്താണ് നിര്‍ത്തിയിടാറുള്ളത്. മലപ്പുറം, പെരിന്തല്‍മണ്ണ, കുന്നംകുളം ബസുകള്‍ നിര്‍ത്തിയിടുന്ന ഭാഗങ്ങളിലും നിറയെ കുഴികളാണ്.  

Latest Videos

സ്റ്റാന്‍ഡിന് അകത്തേക്കും പുറത്തേക്കും കടക്കുന്ന റോഡും തകര്‍ന്ന നിലയിലാണ്. നിരവധി തവണ കോര്‍പ്പറേഷനിലും കലക്റ്റര്‍ക്കും മറ്റും പരാതി നല്‍കിയെങ്കിലും യാതൊരു പരിഹാര നടപടിയും എടുത്തിട്ടില്ലെന്ന് ബസ് ജീവനക്കാര്‍ ആരോപിക്കുന്നത്. ഓടി കിട്ടുന്ന കളക്ഷന്‍ കുഴിയില്‍ ചാടി കേടുപാടുകള്‍ സംഭവിക്കുന്ന ബസുകളുടെ അറ്റകുറ്റ പണികള്‍ക്ക് ചെലവഴിക്കേണ്ടി വരുന്ന സാഹചര്യവും നിലവിലുണ്ട്. കനത്ത മഴയില്‍ സ്റ്റാന്‍ഡ് തകര്‍ന്നിട്ടും ടാര്‍ ചെയ്യാനോ, നവീകരിക്കാനോ അധികൃതര്‍ നടപടിയെടുക്കുന്നില്ല.

തകര്‍ന്ന ഭാഗങ്ങളില്‍ ടാറിംഗ് നടത്തിയാല്‍ വേഗത്തില്‍ പഴയ സ്ഥിതിയിലാകുമെന്നാണ് ബസ് ജീവനക്കാര്‍ പറയുന്നത്. മഴ പെയ്തതോടെ സ്റ്റാന്‍ഡും പരിസരവും മാലിന്യക്കൂനയ്ക്ക് തുല്യമായെന്ന് യാത്രക്കാരും പറയുന്നു. ദുര്‍ഗന്ധം സഹിക്കാതെ കടന്നു പോകാന്‍ സാധിക്കില്ല. കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗിക്കാതെ സ്റ്റാന്‍ഡിന് ചുറ്റും യാത്രക്കാരടക്കം മൂത്രമൊഴിക്കുന്ന സാഹചര്യവുമുണ്ട്. ഇതിനെതിരേയും കര്‍ശന നടപടി വേണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍  ഈ ഭാഗങ്ങളില്‍ സിസിടിവിയും വാണിംഗ് ബോര്‍ഡുകളും വെക്കണമെന്നും ഇവിടെ കാര്യം സാധിക്കുന്നവരെ പിടികൂടി പിഴ ഈടാക്കണമെന്നും യാത്രക്കാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കോര്‍പറേഷനും അധികൃതരും ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. ബസുകള്‍ക്ക് ദിവസേന രണ്ടായിരത്തിലധികം ട്രിപ്പുകള്‍ നടക്കുന്ന ഇടുങ്ങിയ സ്റ്റാന്‍ഡിനകത്തേക്ക് ഓട്ടോറിക്ഷകളും ബൈക്കും കാറുമെല്ലാം കയറി വരുന്നതിനാല്‍ കൂടുതല്‍ അപകട സാധ്യത ഉണ്ടാകുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!