മെഡല്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് 2023ല്‍ ഡിജിപിയുടെ കൈയില്‍ നിന്നും വാങ്ങിയത് രാഖിയാണ്
കോഴിക്കോട്: ഡിവൈഎസ്പിയുടെ നിര്‍ദേശവുമായി തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഡോഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്ക് സ്‌നിഫര്‍ ഡോഗുകളായ രാഖിയും പ്രിന്‍സും നല്‍കുന്ന ഒരു വാക്കുണ്ട്- 'ഏത് പാതാളത്തില്‍ ഒളിപ്പിച്ചാലും നമ്മള്‍ പൊക്കിയിരിക്കും'. കോഴിക്കോട് റൂറലിലെ ബാലുശ്ശേരി, പേരാമ്പ്ര എന്നീ യൂണിറ്റുകളിലെ പൊലീസ് നായകളാണ് രാഖിയും പ്രിന്‍സും. വ്യാജമദ്യ നിര്‍മാണം കണ്ടെത്തലും അനധികൃത മദ്യക്കടത്തും തടയലാണ് രാഖിയുടെ പ്രധാന ജോലിയെങ്കില്‍ ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ്, കറുപ്പ് തുടങ്ങിയ ലഹരി വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ മിടുക്കനാണ് പ്രിന്‍സ്. മികച്ച പ്രകടനം കാഴ്ചവെച്ച നായകള്‍ക്കുള്ള മെഡല്‍ ഓഫ് എക്‌സലന്‍സ് അവാര്‍ഡ് 2023ല്‍ ഡിജിപിയുടെ കൈയില്‍ നിന്നും നേടിയത് രാഖിയായിരുന്നു.
ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായകളാണ് എട്ട് വയസ്സുകാരിയായ രാഖിയും നാല് വയസ്സ് പിന്നിട്ട പ്രിന്‍സും. ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ എരഞ്ഞിമാവ് വരെയുള്ള പ്രദേശങ്ങളില്‍ നിരവധി റെയ്ഡുകളിലാണ് ഇരുവരും പങ്കെടുത്തിട്ടുള്ളത്. നിരവധി തവണ ലഹരിവസ്തുക്കള്‍ ഒളിപ്പിച്ച നിലയിലും വാഹനങ്ങളിലും മറ്റും കടത്തുന്നതിനിടയിലും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇരുവരും ഇതിനോടകം തന്നെ ലഹരിക്കടത്തുകാരുടെ പേടിസ്വപ്‌നമാണ്.
2022ല്‍ പെരുവണ്ണാമൂഴിയില്‍ എക്‌സൈസ് സംഘത്തോടൊപ്പം പരിശോധന കഴിഞ്ഞ് മടങ്ങവേ വീണ്ടും തിരികേ ഓടിപ്പോയ രാഖി കാടിനകത്ത് വലിയ കുഴിയില്‍ മണ്ണ് മൂടി മുകളില്‍ ഇലകളും മറ്റും വച്ച് ഒളിപ്പിച്ച നിലയിലുള്ള ലിറ്റര്‍ കണക്കിന് വാഷ് കണ്ടെത്തിയിരുന്നു. റൂറല്‍ ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടിയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുഴിച്ചിട്ട നിലയില്‍ അനേകം ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആര്‍പിഎഫ് സംഘത്തോടൊപ്പം നടത്തിയ സംയുക്ത പരിശോധന കഴിഞ്ഞ് മടങ്ങവേ രാഖിയെ കണ്ട് രണ്ട് ഇതരസംസ്ഥാനക്കാര്‍ അവരുടെ പക്കലുണ്ടായിരുന്ന രണ്ട് വലിയ ബോക്‌സുകള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയുണ്ടായി. പരിശോധിച്ചപ്പോള്‍ നിരോധിത ലഹരിവസ്തുക്കളായിരുന്നു പെട്ടിയിലുണ്ടായിരുന്നത്.
2021ല്‍ കുറ്റ്യാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഞ്ചാവ് പിടികൂടിയതാണ് പ്രിന്‍സിന്റെ ഔദ്യോഗിക ജീവിതത്തിലെ വലിയ ലഹരിവേട്ട. എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍പ്പെട്ട ജെര്‍മന്‍ഷെപ്പേര്‍ഡ് ഇനത്തിലുള്ള രണ്ട് വയസ്സുകാരനായ റൈനയും ട്രാക്ക് സ്‌നിഫര്‍ വിഭാഗത്തിലുള്ള ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ആറ് വയസ്സുകാരന്‍ ബോണിയും ഇരുവര്‍ക്കും കൂട്ടായി ഇവിടെയുണ്ട്. പൊലീസ് ഉദ്യോഗസ്ഥരായ ഡാലിന്‍, വിജില്‍, വിനു, അഭിലാഷ്, വിനേഷ്, സുജീഷ്, ജിനു എന്നിവരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം