ജോലിക്ക് കയറുമ്പോൾ കാണിക്കാൻ വ്യാജ ആധാർ, പിറ്റേ ദിവസം തന്നെ വൻ കൊള്ളനടത്തി നാടുവിട്ടു; പിന്നാലെയെത്തി പൊലീസ്

By Web Team  |  First Published Dec 14, 2024, 3:32 AM IST

പശ്ചിമ ബംഗാളിൽ പോയി ഒളിവിൽ കഴിയുന്നതിനിടെ തൃശ്ശൂരിൽ നിന്നുള്ള പൊലീസ് സംഘം അവിടെയെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുവരികയായിരുന്നു.


തൃശൂര്‍: സ്വര്‍ണാഭരണ പണിശാലയില്‍ നിന്നും 37 പവന്‍ സ്വര്‍ണം കവര്‍ച്ച നടത്തി മുങ്ങിയ പ്രതികളെ ഒല്ലൂർ പൊലീസ് പശ്ചിമ ബംഗാളിൽ നിന്ന് പിടികൂടിയെങ്കിലും മോഷ്ടിച്ച സ്വർണം ഇവരിൽ നിന്ന് കണ്ടെടുക്കാനായില്ല. വെസ്റ്റ് ബംഗാള്‍ പശ്ചിമ ബഥനിപൂര്‍ സ്വദേശികളായ രവിശങ്കര്‍ ഭട്ടാചാര്യ (28), അമിത് ഡോലെ (24) എന്നിവരെയാണ് കഴിഞ്ഞ ദിവസം കേരളാ പൊലീസ് പിടികൂടിയത്. വെസ്റ്റ് ബംഗാളിലെ പര്‍ഗാന്‍സ് ജില്ലയില്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നതിനിടെ തൃശ്ശൂരിൽ നിന്നുള്ള പൊലീസ് സംഘം അവിടെ അന്വേഷിച്ചെത്തുകയായിരുന്നു. 

കഴിഞ്ഞ സെപ്തംബര്‍ 28നാണ് അഞ്ചേരിയില്‍ സ്വര്‍ണാഭരണ പണിശാല നടത്തുന്ന ബംഗാള്‍ സ്വദേശി സുജയ്‍യുടെ സ്ഥാപനത്തിലേക്ക് ഇരുവരും ജോലിക്ക് എത്തിയത്. സുജയ് 20 വര്‍ഷമായി അഞ്ചേരിയിലാണ് താമസം. ഇവിടെ തന്നെയാണ് സ്വർണ പണിശാല നടത്തുന്നത്. ജോലിക്ക് കയറിയതിന്റെ പിറ്റേന്നുതന്നെ പ്രതികള്‍ സ്വര്‍ണം കവര്‍ന്ന ശേഷം സ്വന്തം നാട്ടിലേക്ക് കടന്നു. വ്യാജ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി ജോലിക്ക് എത്തി സ്വര്‍ണം കവര്‍ന്നശേഷം ഒളിവില്‍ പോകുന്ന രീതിയാണ് പ്രതികള്‍ നടത്തിവന്നിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒല്ലൂർ സബ് ഇൻസ്‍പെക്ടർ ജീസ് മാത്യു, അസിസ്റ്റന്റ് സബ് ഇൻസ്‍പെക്ടർ അരുണ്‍ ഘോഷ്, സിവിൽ പൊലീസ് ഓഫീസർ അഭീഷ് ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് ബംഗാളിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!