വീഴ്ചയിൽ കാലിന്‍റെ എല്ലിന് പൊട്ടലുണ്ടായതിനെത്തുടർന്ന് വിദേശവനിതയെ ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം: കോവളത്ത് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണ് വിദേശവനിതക്ക് പരുക്ക്. സുഹൃത്തുക്കൾക്കൊപ്പം കേരളം കാണാനെത്തിയ ഡെൻമാർക്ക് സ്വദേശിനി അന്നയാണ് പൊളിഞ്ഞ നടപ്പാതയിൽ തട്ടിവീണത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. വീഴ്ചയിൽ കാലിന്‍റെ എല്ലിന് പൊട്ടലുണ്ടായതിനെത്തുടർന്ന് വിദേശവനിതയെ ആശുപത്രിയിലേക്ക് മാറ്റി.
സുഹൃത്തുക്കൾക്കൊപ്പം കാഴ്ചകൾ കണ്ട് നടന്നുവരികയായിരുന്ന അന്നയെ സമീപത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകളും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ദിനംപ്രതി വളരെയേറെ വിനോദ സഞ്ചാരികൾ എത്തുന്ന കോവളത്ത് കടൽതീരത്തോട് ചേർന്ന് നടക്കാനുള്ള സൗകര്യം പോലുമില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
വിദേശവനിത വീണ സ്ഥലത്ത് മാത്രമല്ല, ആളുകൾ കടലിലേക്ക് ഇറങ്ങുന്ന സ്ഥലത്തും തീരത്തോട് ചേർന്ന സ്ഥലങ്ങളിലുമെല്ലാം ഇതേരീതിയിലാണെന്നും അറ്റകുറ്റപ്പണികൾ നടത്താറില്ലെന്നും നാട്ടുകാർ പറയുന്നു. ഇത്രയും വലിയൊരു വിനോദ സഞ്ചാര കേന്ദ്രത്തിൽ ഇങ്ങനെ നടപ്പാതകൾ കിടക്കുന്നത് ഒട്ടും ശരിയല്ലെന്ന് ഒപ്പമെത്തിയ സുഹൃത്തുക്കളും പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം