'അവസാനമില്ല..', കൈവിരലില്‍ കുടുങ്ങിയ ചൈനീസ് മോതിരം പുറത്തെടുത്ത് അഗ്നിരക്ഷാ സേന

By Web TeamFirst Published Mar 18, 2022, 3:11 PM IST
Highlights

കടയില്‍ നിന്ന് വാങ്ങിയ മോതിരം കഴിഞ്ഞ ദിവസമാണ് വിരലിലിട്ടത്. ഇന്നലെ രാവിലെയായതോടെ വിരലില്‍ നീരുവന്നു. വേദന മൂലം പലയിടങ്ങളിലും പോയി മോതിരം ഊരി എടുക്കാനായി ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.

മലപ്പുറം : ചൈനീസ് മോതിരം (Chinese Ring) വിരലില്‍ കുടുങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് (Plus one Student) സഹായ ഹസ്തവുമായി അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ (Fire and  Rescue Officers). പെരിന്തല്‍മണ്ണ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ എരവിമംഗലം സ്വദേശിയായ 16 കാരനാണ് വിരലില്‍ കുടുങ്ങിയ മോതിരം ഊരിയെടുക്കാന്‍ കഴിയാതെ വലഞ്ഞത്.

കടയില്‍ നിന്ന് വാങ്ങിയ മോതിരം കഴിഞ്ഞ ദിവസമാണ് വിരലിലിട്ടത്. ഇന്നലെ രാവിലെയായതോടെ വിരലില്‍ നീരുവന്നു. വേദന മൂലം പലയിടങ്ങളിലും മോതിരം ഊരി എടുക്കാനായി ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഒടുവില്‍ പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാ നിലയത്തില്‍ വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

Latest Videos

കുട്ടിയെ നിലയത്തില്‍ എത്തിച്ച് സ്റ്റേഷന്‍ ഓഫീസര്‍ സി ബാബു രാജന്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ വി അബ്ദുല്‍ സലീം എന്നിവരുടെ നേതൃത്വത്തിലാണ് മോതിരം മുറിച്ച് എടുത്തത്. മോതിരം വിരലില്‍ കുടുങ്ങുന്നത് മൂലം ഉണ്ടാകുന്ന അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും കുട്ടികളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഗ്‌നിരക്ഷാ അധികൃതര്‍ അറിയിച്ചു.

'ഇനി ഇത് ധരിക്കല്ലേ', ഊരിയെടുത്ത ചൈനീസ് മോതിരങ്ങൾ കോർത്ത് മാലയാക്കി അഗ്നിരക്ഷാസേനയുടെ ബോധവൽക്കരണം

മലപ്പുറം : കൈവിരലിൽ കുടുങ്ങിയ ചൈനീസ് മോതിരങ്ങൾ ഊരിയെടുക്കുക സാധാരണയായി അഗ്നിരക്ഷാ സേനയുടെ കർതവ്യമാണ്. അത് അക്ഷരംപ്രതി അനുസരിച്ച് മാതൃകയായിരിക്കുകയാണ് മലപ്പുറം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ. മോതിരങ്ങൾ കൊണ്ട് മനോഹരമായ മാലയും ഇവർ തീർത്തിട്ടുണ്ട്. 

ചൈനീസ് സ്റ്റീൽ മോതിരങ്ങൾ ധരിക്കുന്നതിനെതിരെ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ മാല നിർമ്മിച്ചത്. ഈ അടുത്ത കാലത്തായി മലപ്പുറം ജില്ലാ ആസ്ഥാനത്തെ അഗ്‌നിശമനസേന ഓഫീസിൽ കൈ വിരലിൽ ചൈനീസ് മോതിരം കുടുങ്ങി എത്തിയവരുടെ വിരലിൽ നിന്ന് മുറിച്ചെടുത്ത മോതിരങ്ങൾ ഉപയോഗിച്ചാണ് ബോധവൽക്കരണത്തിന്റെ ഭാഗമായി മാല നിർമ്മിച്ചിരിക്കുന്നത്.

കുട്ടികളും മുതിർന്നവരും ഉൾപ്പടെ നിരവധി ആളുകളുടെ കൈവിരലിൽ നിന്നാണ് ഈ അടുത്ത കാലത്തായി ഇത്തരത്തിൽ ചൈനീസ് മോതിരങ്ങൾ മുറിച്ചെടുത്തത് എന്ന് മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ പറയുന്നു. നിസ്സാര തുകക്ക് ലഭിക്കുന്ന ഇത്തരം മോതിരങ്ങൾ ആളുകൾ കൈ വിരലിൽ വാങ്ങി ഇടും. പിന്നീട് ഇത് കയ്യിൽ നിന്ന് ഊരി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന് കഴിയാതെ വരും. തുടർന്ന് വെളിച്ചെണ്ണയും സോപ്പും ഉൾപ്പെടെ ഉപയോഗിച്ച് മോതിരം കൈയിൽ നിന്ന് ഊരി മാറ്റാൻ ശ്രമം നടത്തുമെങ്കിലും പലപ്പോഴും പരാജയപ്പെടും. 

പിന്നീട് ആശുപത്രികളിലും, തട്ടാൻമാരെയും സമീപിക്കും. അവിടെ നിന്നും ഇത് ഊരിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഫയർ സ്റ്റേഷനെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം ഇത്തരത്തിലുള്ള ഇരുപതോളം കേസുകളാണ് മലപ്പുറം ഫയർ സ്റ്റേഷനിൽ എത്തുന്നത്. കൈ വിരലിൽ കുടുങ്ങിയ മോതിരം എടുക്കാൻ പറ്റാത്ത വേദനയോടെ പുലർച്ചെ സമയങ്ങളിൽ പോലും കുട്ടികളും മുതിർന്നവരും മലപ്പുറം ഫയർ സ്റ്റേഷനിൽ എത്താറുണ്ട്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ മാല നിർമ്മിച്ച് ബോധവൽക്കരണം നടത്തുന്നത്.

click me!