ഭാര്യയുടെ പങ്കാളിയെ വെട്ടി സുബിൻ രഞ്ജിനിയുമായി കടന്നത് തിരുപ്പൂരിലേക്ക്, യാത്ര ട്രെയിനിൽ; പിന്തുടർന്ന് പൊക്കി

By Web TeamFirst Published Sep 20, 2024, 5:41 PM IST
Highlights

രഞ്ജിനിയെയും കൊണ്ടു ചങ്ങനാശേരിയിൽ നിന്നു ട്രെയിനിലാണു സുബിൻ തിരുപ്പൂരിലേക്കു കടന്നത്. അവിടെ അയാളുടെ സഹോദരിയും അമ്മയും വാടകയ്ക്കു താമസിക്കുന്നുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. സുബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് തിരുപ്പൂരിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ: ആലപ്പുഴയിൽ അർദ്ധരാത്രി വീട്ടിൽ അതിക്രമിച്ചു കയറി മുൻ ഭാര്യയുടെ ഇപ്പോഴത്തെ പങ്കാളിയെ വെട്ടിപ്പരിക്കേൽപിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാളെ തിരുപ്പൂരിൽ നിന്നും പിടികൂടി. ആലപ്പുഴ ആര്യാട് എഎൻ കോളനിയിൽ സുബിൻ (35) ആണ് അറസ്റ്റിലായത്. ഇയാൾ തട്ടിക്കൊണ്ടുപോയ വേഴപ്ര ഇരുപതിൽചിറ രഞ്ജിനിയെയും (30) പൊലീസ് തിരിപ്പൂരിൽനിന്നു കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ യുവതിയെ ബന്ധുക്കൾക്കൊപ്പം അയച്ചു. 17ന് രാത്രിയാണ് രാമങ്കരി പഞ്ചായത്ത് വേഴപ്ര പുതുപ്പറമ്പിൽ ബൈജുവിനെ (37), സുബിൻ വീട്ടിൽ കയറി വടിവാൾ കൊണ്ടു ദേഹമാസകലം വെട്ടിയത്. ഗുരുതര പരിക്കേൽക്കുകയും കൈവിരൽ അറ്റുപോവുകയും ചെയ്ത ബൈജു ചികിത്സയിലാണ്.

രഞ്ജിനിയെയും കൊണ്ടു ചങ്ങനാശേരിയിൽ നിന്നു ട്രെയിനിലാണു സുബിൻ തിരുപ്പൂരിലേക്കു കടന്നത്. അവിടെ അയാളുടെ സഹോദരിയും അമ്മയും വാടകയ്ക്കു താമസിക്കുന്നുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു. സുബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് തിരുപ്പൂരിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. രഞ്ജിനിയും അവിടെ ഉണ്ടായിരുന്നു. സുബിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് ആ ബന്ധം ഉപേക്ഷിച്ചു രഞ്ജിനി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയതെന്നു പൊലീസ് അറിയിച്ചു. ഈയിടെ ബൈജുവുമായി അടുപ്പത്തിലായി ഒരുമിച്ചു താമസം തുടങ്ങി. അതറിഞ്ഞാണു സുബിൻ അവിടെയെത്തി അക്രമം നടത്തിയത്. 17ന് രാത്രി സുബിൻ ബൈജുവിന്റെ വീട്ടിലെത്തി അടുക്കള വാതിൽ തകർത്ത് അകത്തു കയറി രഞ്ജിനിയെയാണ് ആദ്യം വെട്ടിയത്. 

Latest Videos

വെട്ടു തടയുമ്പോഴാണു ബൈജുവിന്റെ കൈവിരൽ അറ്റത്. പിന്നീട് ബൈജുവിനെ പലതവണ വെട്ടി. അതിനു ശേഷം രഞ്ജിനിയെ പാടത്തെ വെള്ളക്കെട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. എസി റോഡിൽ നിന്ന് ഓട്ടോയിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിൽ ആദ്യം എറണാകുളത്തേക്കും അവിടെ നിന്നു മറ്റൊരു ട്രെയിനിൽ തിരുപ്പൂരിലേക്കും പോയെന്നു പൊലീസ് അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്ത് ഇന്നലെ സുബിനെ എത്തിച്ചു പൊലീസ് തെളിവെടുത്തു. രാവിലെ വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. രാമങ്കരി ഇൻസ്പെക്ടർ വി ജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പി മുരുകൻ, പി രാജേഷ്, സീനിയർ സിപിഒ സി വിനിൻ, ജോസഫ്, സിപിഒ മനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പരുക്കേറ്റ ബൈജു കോട്ടയം ഗവണ്‍മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Read More : തൃശൂരിൽ സംശയ സാഹചര്യത്തിൽ ഒരു യുവാവ്, പിടികൂടി പരിശോധിച്ചപ്പോൾ കിട്ടിയത് 130 മില്ലിഗ്രാം എൽഎസ്‍ഡി സ്റ്റാമ്പ്!

click me!