തൃശൂരിൽ മരണാനന്തര ചടങ്ങുകള്‍ക്ക് ഇടമില്ലാതെ കുഴങ്ങി ഒരു കുടുംബം, സൗകര്യമൊരുക്കി വായനശാല

By Web TeamFirst Published Aug 9, 2023, 11:16 PM IST
Highlights

മരണാനന്തര ചടങ്ങുകള്‍ക്ക് വായനശാലയില്‍ സൗകര്യമൊരുക്കി കൊടുത്ത് വായനശാല ഭാരവാഹികള്‍ മാതൃക കാട്ടി
 

തൃശൂര്‍: മരണാനന്തര ചടങ്ങുകള്‍ക്ക് വായനശാലയില്‍ സൗകര്യമൊരുക്കി കൊടുത്ത് വായനശാല ഭാരവാഹികള്‍ മാതൃക കാട്ടി. കുറ്റിച്ചിറ ഗ്രാമീണ വായനശാലയാണ് മരണാനന്തര ചടങ്ങുകള്‍ നടത്താനായി നിര്‍ധന കുടുംബത്തിന് വിട്ടുനല്കിയത്. വായനശാലയ്ക്ക് സമീപം താമസിക്കുന്ന പുതിയാനത്ത് വീട്ടില്‍ വാസു(65)വിന്റെ അന്ത്യകര്‍മങ്ങള്‍ക്കാണ് ഗ്രാമീണ വായനശാല വേദിയായത്. 

വൃക്കരോഗത്തെ തുടര്‍ന്ന് മരിച്ച വാസുവിന്റെ കര്‍മങ്ങള്‍ നടത്താന്‍ സ്ഥലമില്ലാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരുടെ വിഷമം കണ്ട് വായനശാല പ്രവര്‍ത്തകര്‍ സൗകര്യമൊരുക്കി കൊടുക്കുകയായിരുന്നു. റോഡിനോട് ചേര്‍ന്ന് ബേക്കറിയും അതിനോടനുബന്ധിച്ചുള്ള മുറിയിലുമാണ് വാസുവിന്റെ കുടുംബം താമസിച്ചിരുന്നത്. വീടിനകത്തോ, പുറത്തോ കര്‍മങ്ങള്‍ നടത്താന്‍ മതിയായ സൗകര്യമില്ല.

Latest Videos

എന്തുചെയ്യണമെന്നറിയാതെ വീട്ടുകാര്‍ പരിഭ്രമിച്ച് നിന്നപ്പോഴാണ് മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും അതിര്‍വരമ്പുകള്‍ മറികടന്ന് വായനശാല പ്രവര്‍ത്തകര്‍ മാതൃകാപരമായ സഹായവുമായെത്തിയത്. മതസൗഹാര്‍ദത്തിന്റേയും മനുഷ്യത്വത്തിന്റേയും പുതിയൊരു മാനമാണ് ഗ്രാമീണ വായനശാല പ്രവര്‍ത്തകര്‍ നല്കിയത്. പ്രവര്‍ത്തകരായ പികെ. ഉണ്ണിക്കൃഷ്ണന്‍, ടിവി. ബാലന്‍, കെവി ടോമി, സുബ്രന്‍ കൊരട്ടി, പ്രേംലാല്‍ എന്നിവര്‍ നേതൃത്വം നല്കി. കര്‍മങ്ങള്‍ക്ക് ശേഷം ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തില്‍ സംസ്‌കരിച്ചു. ദേവു ആണ് മരിച്ച വാസുവിന്റെ ഭാര്യ. മക്കള്‍: സതീഷ്, സലീഷ്.

Read more:  പെരുമ്പാവൂരിൽ ദമ്പതികളുടെ വീട്ടിലും വാഹനത്തിലും പരിശോധന; പാക്കറ്റുകളിലാക്കി 'മെക്സിക്കൻ ബ്രൌൺ', വില ലക്ഷങ്ങൾ

click me!