കൂട് തകര്‍ത്ത് രക്ഷിക്കുമെന്ന നിരീക്ഷണം തെറ്റി, നാലാം ദിവസവും കൃഷ്ണയെ കൂട്ടാതെ തള്ളയാന

By Web Team  |  First Published Jun 18, 2023, 8:49 AM IST

കൃഷ്ണയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ത്ത് തള്ളയാന കൊണ്ടുപോകുമെന്ന വനംവകുപ്പിന്‍റെ നിരീക്ഷണത്തിന് വിപരീതമായിരുന്നു തള്ളയാനയുടെ നടപടി


പാലൂര്‍: അഗളിയിൽ കൂട്ടം തെറ്റി  ഒറ്റപ്പെട്ട കുട്ടിയാനയെ കൂട്ടാൻ  നാലാം  ദിവസവും അമ്മയാന വന്നില്ല. നിലവിലെ ഷെൽട്ടറിൽ നിന്ന് കുട്ടിയാന മാറ്റുകയാണ് വനംവകുപ്പ്. കൃഷ്ണ വനത്തിലെ ബൊമ്മിയാംപ്പടിയിലെ കാട്ടിലേക്കാണ്  മാറ്റുന്നത്. ഇന്നലെ രാത്രി കൂടിന് സമീപം തള്ളയാന എത്തിയെങ്കിലും കുട്ടിയാനയെ കൊണ്ടുപോയില്ല. കൃഷ്ണയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ത്ത് തള്ളയാന കൊണ്ടുപോകുമെന്ന വനംവകുപ്പിന്‍റെ നിരീക്ഷണത്തിന് വിപരീതമായിരുന്നു തള്ളയാനയുടെ നടപടി.

കുട്ടിയാനയെ അമ്മയാന കൂടെ  കൂട്ടാൻ ഇനി സാധ്യത വളരെ കുറവാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്. ഇതോടെയാണ് കാടിനകത്ത് വനം വകുപ്പിൻ്റെ ക്യാമ്പ് സ്റ്റേഷൻ്റെ സമീപത്തേക്ക് കൃഷ്ണയെ മാറ്റുന്നത്. അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിയെത്തിയത് രണ്ട് ദിവസത്തിന് മുന്‍പാണ്. വ്യാഴാഴ്ച തള്ളയാനയ്ക്കൊപ്പം ജനവാസ മേഖലയിലെത്തിയ കൃഷ്ണ കൂട്ടം വിട്ട് പോവുകയായിരുന്നു. തൊഴിലുറപ്പ് ജോലികള്‍ക്ക് പോയ നാട്ടുകാരാണ് കുട്ടിയാന തനിയെ നില്‍ക്കുന്നത് കണ്ട് വനംവകുപ്പിനെ വിവരം അറിയിച്ചത്.  

Latest Videos

undefined

നിലവില്‍ കരിക്കും പഴങ്ങളും വെള്ളവുമെല്ലാം വനപാലകര്‍ കൃഷ്ണയ്ക്ക് നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ആനക്കുട്ടിയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയതു കൊണ്ട് കാട്ടാനക്കുട്ടിയ്ക്ക്  വനം വകുപ്പ് കൃഷ്ണ എന്ന് പേരിട്ടിട്ടുണ്ട്. കൃഷ്ണയെ കാട്ടിൽ പ്രത്യേക ഷെൽട്ടറിൽ നിർത്തിയ ശേഷവും അമ്മയാന വന്നില്ലെങ്കിൽ വനംവകുപ്പിൻ്റെ സംരക്ഷണയിലാക്കുമെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം വിശദമാക്കിയിരുന്നു.  ഒരു വയസ് പ്രായമാണ് കുട്ടിയാനയ്ക്കുള്ളത്.

ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതെന്ന സംശയമാണ് വനംവകുപ്പിനുള്ളത്. കാട്ടാനക്കുട്ടിയെ കാടു കയറ്റാൻ വനംവകുപ്പിൻ്റെ ജീപ്പിലാണ് കൊണ്ടുപോയത്. കുട്ടിയാനയുടെ ശരീരത്തിൽ ചെറിയ മുറിവുണ്ട്. കാട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പറ്റിയതാകാം ഇതെന്നാണ് വനം വകുപ്പ് വിശദമാക്കുന്നത്. 

കൃഷ്ണയെ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതെന്ന് നിരീക്ഷണം, അമ്മയാന വന്നില്ലെങ്കിൽ സംരക്ഷിക്കാനൊരുങ്ങി വനംവകുപ്പ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!