5 മാസമായി അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇല്ല, തൊടുപുഴ നഗരസഭയിൽ വികസന പദ്ധതികള്‍ സ്തംഭനാവസ്ഥയില്‍

By Web Team  |  First Published Nov 27, 2024, 3:00 PM IST

മുൻ എഇ വിജിലൻസ് കേസിൽ അറസ്റ്റിലായ ശേഷം പകരം ആളെ നിയമിച്ചിട്ടില്ലാത്തതിനാൽ തൊടുപുഴയിൽ എഇ പദവി ഒഴിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് 5 മാസം


തൊടുപുഴ: ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തിലെ മുനിസിപ്പാലിറ്റിയായ തൊടുപുഴയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇല്ലാതായിട്ട് മാസങ്ങള്‍. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന അജി സി.റ്റി വിജിലന്‍സ് കേസില്‍ അറസ്റ്റിലായതിന് ശേഷം ഇതുവരെ പകരം അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് തൊടുപുഴ നഗരസഭയിലെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍, കെട്ടിട നിര്‍മാണ പെര്‍മിറ്റ് തുടങ്ങിയ നിരവധി ജോലികള്‍ സ്തംഭിച്ച അവസ്ഥയിലാണ്.

സമീപ നഗരസഭകളില്‍ കോട്ടയം കഴിഞ്ഞാല്‍ ഏറ്റവും വലിയ നഗരവും തൊടുപുഴയാണ്. കോട്ടയം മുനിസിപ്പാലിറ്റിയില്‍ അഞ്ച് അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ ജോലി ചെയ്യുമ്പോള്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍ പോലും ഇല്ല എന്നത് ഭരണത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇല്ലാത്ത വിഷയം ചര്‍ച്ചയായിരുന്നു. 

Latest Videos

undefined

അടിയന്തരമായി രണ്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ തൊടുപുഴ നഗരസഭക്ക് അനുവദിച്ചാല്‍ മാത്രമേ പദ്ധതി നിര്‍വ്വഹണം ഉള്‍പ്പെടെയുള്ളവ മുന്നോട്ട് പോകൂവെന്നാണ് ഭരണ സമിതിയംഗങ്ങള്‍ പറയുന്നത്. എ.ഇ ഇല്ലാത്തത് മൂലം നിരവധി ജോലികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാല താമസം ഉണ്ടാകുന്നുണ്ട്. ഇതിനിടയില്‍ കുന്നംകുളം നഗരസഭയിലെ എഞ്ചിനീയറേ തൊടുപുഴക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെങ്കിലും അദ്ദേഹം സ്റ്റേ വാങ്ങിയതിനാല്‍ ചാര്‍ജ്ജെടുത്തില്ല. 

ഒന്നാം ഗ്രേഡ് നഗരസഭ ആയതിനാല്‍ തൊടുപുഴക്ക് ഓരോ വര്‍ഷവും കോടി കണക്കിന് ഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. എങ്കിലും എഞ്ചിനീയര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ ഫണ്ടുകള്‍ ലാപ്‌സ് ആകുന്ന സ്ഥിതി വിശേഷമാണ് ഇവിടെയുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!