നിറങ്ങള്‍ പെയ്തിറങ്ങിയ മഴമരം, ഫോർട്ട് കൊച്ചിയിലെ വെളിച്ചത്തിനെന്തു വെളിച്ചം !

By Web TeamFirst Published Dec 28, 2023, 2:26 PM IST
Highlights

അലങ്കാര വിളക്കുകളും നക്ഷത്രങ്ങളുമെല്ലാം നിറഞ്ഞ രാത്രികള്‍ ആസ്വദിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്

കൊച്ചി: പുതുവ‍ർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഫോർട്ട് കൊച്ചി. അലങ്കാര വിളക്കുകളും നക്ഷത്രങ്ങളുമെല്ലാം നിറഞ്ഞ രാത്രികള്‍ ആസ്വദിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. പതിവുപോലെ വെളി ഗ്രൗണ്ടിലൊരുക്കിയ മഴമരമാണ് പ്രധാന ആകർഷണം.

പുതുവർഷത്തെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ് കൊച്ചിക്കാർ. ആഘോഷത്തിന്‍റ മാറ്റ് കൂട്ടാൻ നിറങ്ങള്‍ പെയ്തിറങ്ങിയ പോലെ മഴമരവും തയ്യാറായി. 1500 സീരിയൽ ബള്‍ബുകളും നക്ഷത്രങ്ങളും പപ്പാഞ്ഞിയുമൊക്കെയായി 8 ലക്ഷം രൂപ ചെലവിലാണ് മരം അണിയിച്ചൊരുക്കിയത്. മരം കാണാന്‍ ആയിരങ്ങളാണ് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തുന്നത്.

Latest Videos

പുതുവർഷപ്പിറവിയിൽ എരിഞ്ഞടങ്ങാനുള്ള പപ്പാഞ്ഞിയുടെ നിർ‍മ്മാണവും പുരോഗമിക്കുന്നുണ്ട്. ഒപ്പം ദിവസവും നൈറ്റ്സ് യുണൈറ്റഡ് ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിൽ കലാപരിപാടികളും നടക്കുന്നുണ്ട്. കളിചിരികളും നൃത്തവുമൊക്കെയായി ഒരു നല്ല സായാഹ്നം ആസ്വദിക്കാൻ ഫോർട്ട് കൊച്ചി എല്ലാവരെയും മാടിവിളിക്കുകയാണ്. 

കോഴിക്കോട് മാനാഞ്ചിറയും മഞ്ഞയും വെള്ളയും ചുവപ്പും വെളിച്ചങ്ങൾ അണിഞ്ഞു ഇതുവരെയില്ലാത്ത പ്രഭയിൽ വെട്ടിത്തിളങ്ങി നില്‍ക്കുകയാണ്. മിന്നിത്തിളങ്ങുന്ന മാനാഞ്ചിറ കാണാൻ ജനങ്ങൾ കൂട്ടമായി എത്തി. പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ബുധനാഴ്ച വൈകീട്ടാണ് മാനാഞ്ചിറ ദീപാലംകൃതമായത്. 'ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ് ഹാര്‍മണി' എന്ന പേരില്‍ വിനോദ സഞ്ചാര വകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചത്.

ഇല്ലുമിനേഷനിൽ വൈദ്യുതി വിളക്കുകൾ കൊണ്ടലങ്കരിച്ച ബേപ്പൂർ ഉരുവാണ് പ്രദർശനത്തിലെ ഹൈലൈറ്റ്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ  മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 100 കിലോ തൂക്കം വരുന്ന ഭീമൻ കേക്ക് മുറിച്ചാണ് മന്ത്രി പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചത്. കോളേജ്, സ്കൂൾ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ കലാപ്രകടനവും ചടങ്ങിലുണ്ടായി.

click me!