ടെക്നോപാർക്കിലെ വിക്കറ്റ് ഗേറ്റ് തുറക്കാൻ ഒടുവിൽ തീരുമാനം; പൂട്ടിയത് കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ

By Web TeamFirst Published Nov 30, 2023, 9:13 PM IST
Highlights

33 വർഷത്തോളമായി ജീവനക്കാർക്ക് അകത്തേക്ക് വരാനും പുറത്തേക്ക് പോകാനും ടെക്നോപാർക്ക് ക്യാമ്പസിൽ ഉപയോഗിക്കുന്നതാണ്, വിക്കറ്റ് ഗേറ്റ് എന്നും സൈഡ് ഗെറ്റ് എന്നും പല പേരുകളിൽ അറിയപ്പെടുന്ന ഒന്നരയടി വീതി മാത്രമുള്ള ചെറിയ ഗേറ്റ്.

തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാർക്ക് ആശ്വാസം. 31 ദിവസമായി അടഞ്ഞു കിടക്കുന്ന നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ ഒടുവിൽ തീരുമാനമായ. തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ആണ് തീരുമാനം കൈക്കൊണ്ടത്. പ്രദേശത്ത് സുരക്ഷാ ക്യാമറകളും കൂടുതൽ തെരുവ് വിളക്കുകളും സ്ഥാപിക്കുന്നതിനും പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനും തീരുമാനം എടുത്തിട്ടുണ്ട്. എന്നാൽ എന്ന് മുതൽ ഗേറ്റ് തുറക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പൂട്ടിയ ടെക്നോപാർക്കിലെ വിക്കറ്റ് ഗേറ്റ് തുറക്കണമെന്ന ജീവനക്കാരുടെ ആവശ്യം ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാർക്ക് പുറമെ, ഈ ഗേറ്റ് പൂട്ടിയതോടെ ഇവിടെയുള്ള ചെറുകിട സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരുന്നു. 33 വർഷത്തോളമായി ജീവനക്കാർക്ക് അകത്തേക്ക് വരാനും പുറത്തേക്ക് പോകാനും ടെക്നോപാർക്ക് ക്യാമ്പസിൽ ഉപയോഗിക്കുന്നതാണ്, വിക്കറ്റ് ഗേറ്റ് എന്നും സൈഡ് ഗെറ്റ് എന്നും പല പേരുകളിൽ അറിയപ്പെടുന്ന ഒന്നരയടി വീതി മാത്രമുള്ള ചെറിയ ഗേറ്റ്.

Latest Videos

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി എന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതർ ഗേറ്റ് അടക്കുകയായിരുന്നു. കഴക്കൂട്ടം പൊലീസിൽ നിന്ന് നിർദേശം ലഭിച്ചാൽ മാത്രമേ ഈ ഗേറ്റ് തുറക്കാൻ കഴിയൂ എന്ന നിലപാടിലായിരുന്നു ടെക്നോ പാർക്ക് അധികൃതർ. സംഭവത്തിൽ ടെക്നോ പാർക്കിലെ സാംസ്കാരിക സംഘടനയായ പ്രതിധ്വനി ബന്ധപ്പെട്ടവരെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. പിന്നാലെ പ്രദേശത്ത് ചെറുകിട വ്യാപാരികളും ടെക്നോപാർക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. തുടർന്ന് വിഷയത്തിൽ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും ശശി തരൂർ എം.പിയും ഇടപെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!