1929 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ പ്രകാശ് കാരാട്ട് ചേരുന്നത് 1953 ലാണ്. അഞ്ച് വയസുവരെയാണ് കാരാട്ടും കുടുംബവും പാലക്കാട് താമസിച്ചത്.
പാലക്കാട്: ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയത്തില്‍ സന്ദര്‍ശനം നടത്തി പ്രകാശ് കാരാട്ട്. ബാല്യത്തിലെ ഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന വിദ്യാലയത്തിലേക്കാണ് പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന സിപിഎം നേതാവുമായ പ്രകാശ് കാരാട്ട് എത്തിയത്. പാലക്കാട് വടക്കന്തറ ഡോ.നായർ ഗവണ്‍മെന്‍റ് യു.പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കാരാട്ട്.
undefined
താൻ പഠിച്ച ക്ലാസ് മുറിയും, കളിച്ചു നടന്ന സ്കൂൾ പരിസരവുമെല്ലാം വീണ്ടും കാണാനായതിന്റെ സന്തോഷം മറച്ചുവെച്ചില്ല പ്രകാശ് കാരാട്ട്. കാരാട്ടിന് ചുറ്റും ആളും തിരക്കും കൂടിയതോടെ കുട്ടികളുടെ ശ്രദ്ധയും അങ്ങോട്ടേക്കായി. ടിവിയിലൊക്കെ വരുന്ന ആളല്ലേ എന്ന മട്ടിൽ ചിലരൊക്കെ അദ്ദേഹത്തെ തന്നെ നോക്കി നിന്നു. ടീച്ചർമാരും മറ്റ് സ്റ്റാഫുകളും കാരാട്ടിനൊപ്പം നിന്ന് ഫോട്ടോ എടുത്തപ്പോൾ കുട്ടികളും മാറിനിന്നില്ല. അവരും കാരാട്ടിനൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
1929 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ പ്രകാശ് കാരാട്ട് ചേരുന്നത് 1953 ലാണ്. അഞ്ച് വയസുവരെയാണ് കാരാട്ടും കുടുംബവും പാലക്കാട് താമസിച്ചത്. ഒന്നാം ക്ലാസ് പഠനം പൂർത്തിയായതോടെ കുടുംബം ബർമയിലേക്ക് തിരിച്ചു. പിന്നീട് പ്രകാശ് എന്ന കുട്ടിയുടെ കാഴ്ചപ്പാടുകളും വീക്ഷണവും മാറി. സിപിഎമ്മിലെ മുതിർന്ന ദേശീയ നേതാവായുള്ള വളർച്ചയിലും ആദ്യാക്ഷരങ്ങളിലേക്ക് പിച്ചവെച്ച് നടത്തിയ വിദ്യാലയത്തെ അദ്ദേഹം മറന്നില്ല.
സ്കൂൾ നവീകരണത്തിന്റെ ഭാഗമായി അധികൃതർ ബന്ധപ്പെട്ടപ്പോൾ തന്നെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. കേരളത്തിൽ വരുമ്പോൾ സ്കൂൾ സന്ദർശിക്കാമെന്ന വാക്കും നല്‍കിയിരുന്നു. ഈ വാക്ക് പാലിച്ചായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. നാട്ടിലെയും സ്കൂളിലേയും വിശേഷങ്ങൾ തിരക്കി കാരാട്ട് വീണ്ടും ആ സ്കൂളിലെ കുട്ടിയായി. മുൻ എംപി എൻ എൻ കൃഷ്ണദാസും കാരാട്ടിനൊപ്പമുണ്ടായിരുന്നു. ഒടുവിൽ ഇറങ്ങാൻ നേരം ഒരു കൊച്ചുമിടുക്കി ഓടിവന്ന് കാതിലെന്തോ രഹസ്യമായി പറഞ്ഞു. അത് കേട്ട് കൈകുലുക്കി ഒരു പുഞ്ചിരിയും സമ്മാനിച്ചാണ് കാരാട്ട് മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം