കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്.
കാസർകോഡ്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിനുള്ളിൽ കൊവിഡ് ബാധിതയായ യുവതിക്ക് സുഖപ്രസവം. കാസർഗോഡ് ഉപ്പള സ്വദേശിനിയായ 38 വയസുകാരിയാണ് ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്ന് രാവിലെ 7.23 നാണ് സംഭവം. കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് ഡോക്ടർമാർ റഫർ ചെയ്യുകയായിരുന്നു.
വിവരം ലഭിച്ചത് അനുസരിച്ച് ഉടൻ തന്നെ മുള്ളിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസ് സ്ഥലത്തെത്തി. 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ റോബിൻ ജോസഫ്, പൈലറ്റ് ആനന്ദ് ജോൺ എന്നിവർ ഡോക്ടറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം ഉടൻ തന്നെ യുവതിയെ ആംബുലൻസിലേക്ക് മാറ്റി പരിയാരത്തേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. യുവതിയോട് ഒപ്പം ഉണ്ടായിരുന്നവർ വനിതാ നേഴ്‌സിന്റെ സേവനം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വഴിയിൽ നിന്ന് 108 ആംബുലൻസിലെ തന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യനായ ശ്രീജ എസ്സും ആംബുലൻസിൽ കയറി.
undefined
പയ്യന്നൂർ കോത്തായംമുക്ക് എത്തിയപ്പോഴേക്കും യുവതിയുടെ നില കൂടുതൽ വഷളായി. തുടർന്ന് ശ്രീജ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് മനസിലാക്കുകയായിരുന്നു. ഇതോടെ ആംബുലൻസ് റോഡ് വശത്ത് നിറുത്തിയ ശേഷം എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായ റോബിൻ ജോസഫ്, ശ്രീജ എന്നിവരുടെ പരിചരണത്തിൽ 8.23ന് യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ തന്നെ ഇരുവരും അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി. ഇതിന് ശേഷം പൈലറ്റ് ആനന്ദ് ജോൺ ഉടൻ തന്നെ ആംബുലൻസ് പരിയാരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജൻ പരിശോധനയിലാണ് യുവതി കൊവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ 108 ആംബുലൻസ് ജീവനക്കാർ പി.പി.ഈ കിറ്റ് ഉൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കേരളത്തിന് തന്നെ അഭിമാനമായ സേവനം നടത്തിയ ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു. കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞിട്ട് പോലും സന്നിദ്ധഘട്ടത്തില്‍ ജീവനക്കാര്‍ നടത്തിയ സേവനം വളരെ വലുതാണ്. കൊവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ഇത്തരം സേവനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി വ്യക്തമാക്കി.