'നാട്ടിൽ പോണം', പ്രതിഷേധവുമായി കണ്ണൂരിൽ അതിഥിത്തൊഴിലാളികൾ, വിരട്ടിയോടിച്ച് പൊലീസ്

By Web Team  |  First Published May 19, 2020, 12:38 PM IST

കണ്ണൂർ ജില്ലയിൽ ആകെ മുപ്പത്തിയയ്യായിരത്തോളം അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഏതാണ്ട് മൂവായിരത്തോളം പേർ മാത്രമേ പോയിട്ടുള്ളു. ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാകട്ടെ നിരവധി തീവണ്ടികൾ ഉണ്ടായിരുന്നതുമില്ല. 


കണ്ണൂർ: കണ്ണൂ‍ർ റെയിൽവേ സ്റ്റേഷന് മുന്നിൽ ഉത്തർപ്രദേശിലേക്ക് പോകാൻ ബസ്സോ ട്രെയിനോ ഉടൻ എത്തിച്ച് നൽകണമെന്നാവശ്യപ്പെട്ട് വളപട്ടണത്ത് നിന്നെത്തിയ അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ പണിയോ, പണമോ ഇല്ലെന്നും, കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും അതിഥിത്തൊഴിലാളികൾ പരാതിപ്പെടുന്നു. വണ്ടി കിട്ടിയില്ലെങ്കിൽ തീവണ്ടിപ്പാളം വഴി നടന്നുപോകുമെന്ന് അതിഥിത്തൊഴിലാളികൾ പറഞ്ഞു. പല തവണ ചർച്ച നടത്തിയിട്ടും ഇവർ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് പൊലീസെത്തി ഇവരെ വിരട്ടിയോടിച്ച് ബസ്സിൽ കയറ്റി തിരികെ കൊണ്ടുപോയി വിട്ടു. 

കോൺട്രാക്ടർമാരുടെ കീഴിലുള്ള നൂറോളം തൊഴിലാളികളാണ് കണ്ണൂരിൽ പ്രതിഷേധവുമായി എത്തിയത്. ഉത്തർപ്രദേശിലേക്ക് പോകണമെന്നായിരുന്നു പ്രധാന ആവശ്യം. ശ്രമിക് ട്രെയിനുകൾ കണ്ണൂരിൽ നിന്ന് നാമമാത്രമായ സർവീസുകളാണ് നടത്തുന്നത്. ഇവിടെ ജോലിയില്ല, പണമില്ല. ഭക്ഷണവും കിട്ടുന്നില്ല. പരാതി പറഞ്ഞിട്ടും ആരും നടപടിയെടുക്കുന്നില്ല. അതിനാൽ കേരളസർക്കാർ ഇടപെട്ട് തിരികെ കൊണ്ടുപോകണം. അതിനായി തീവണ്ടികൾ അനുവദിക്കണം. തീവണ്ടി കിട്ടിയില്ലെങ്കിൽ ബസ്സുകൾ വേണം - ഇതൊക്കെയായിരുന്നു അതിഥിത്തൊഴിലാളികളുടെ ആവശ്യം. 

Latest Videos

undefined

വളപട്ടണത്ത് ഇവ‍ർ താമസിച്ചിരുന്ന ക്യാമ്പുകളിൽ നിന്ന് ട്രാക്കുകൾ വഴി എട്ട് മണിക്കൂറോളം നടന്നാണ് ഇവർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. ആവശ്യമെങ്കിൽ തീവണ്ടിപ്പാളം വഴി നടന്നുപോകുമെന്ന് പറഞ്ഞ് ബാഗുകളുമായാണ് പലരുമെത്തിയത്. സാമൂഹിക അകലം പോലും പാലിക്കാതെ നിരവധി പേർ കൂട്ടം കൂടിയതോടെ ജില്ലാ ഭരണകൂടവും ജാഗ്രതയിലായി. ജില്ലാ  ലേബർ ഓഫീസറും തഹസിൽദാറും അടക്കമുള്ളവരെത്തി. 

ഭക്ഷണം കിട്ടുന്നില്ല എന്ന പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ തയ്യാറാണെന്നും, തീവണ്ടികൾ അനുവദിക്കുന്നത് സംസ്ഥാനസർക്കാരല്ലെന്നും ജില്ലാ ഭരണകൂടം തൊഴിലാളികളെ അറിയിച്ചു. തിരികെ പോകാൻ സൗകര്യം കിട്ടുന്നത് വരെ ഭക്ഷണം നൽകാനുള്ള ക്രമീകരണം നിലവിലുണ്ട്. അത് തുടർന്നും അനുവദിക്കാം. പക്ഷേ, കൂട്ടം കൂടുന്നത് അനുവദിക്കാനാകില്ലെന്നും, ഉടൻ തിരിച്ച് പോകണമെന്നും വ്യക്തമാക്കി. 

എന്നാൽ, കഴിഞ്ഞ കുറച്ചുദിവസമായി പഞ്ചായത്തുമായും ജില്ലാ ഭരണകൂടവുമായും ലേബർ ഓഫീസറുമായും സംസാരിക്കുന്നുണ്ടെങ്കിലും നാട്ടിലെത്തിക്കാൻ നടപടിയൊന്നുമെടുത്തില്ലെന്നായിരുന്നു അതിഥിത്തൊഴിലാളികൾ പരാതിപ്പെട്ടത്. ഉദ്യോഗസ്ഥർ ഇവരുമായി സമവായശ്രമം നടത്തിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായിരുന്നില്ല. 

മൂന്ന് മണിക്കൂറായി അതിഥി തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കുത്തിയിരുന്നു. ക്യാമ്പുകളിൽ പഞ്ചായത്ത് ഭക്ഷണം എത്തിക്കുന്നില്ലെന്ന് തൊഴിലാളികൾ ആരോപിച്ചു. പട്ടിണി കിടക്കാൻ വയ്യാത്തത് കൊണ്ടാണ് പാളത്തിലൂടെ നടക്കാൻ തീരുമാനിച്ചതെന്നും തൊഴിലാളികൾ പറഞ്ഞു.

എന്നാൽ സമവായം തുടർന്നിട്ടും കാര്യമില്ലെന്ന് വ്യക്തമായതോടെ പൊലീസ് ഇടപെടുകയായിരുന്നു. കെഎസ്ആർടിസി ബസ്സുകൾ എത്തിച്ച് ഇവരോട് ബസ്സിൽ കയറാൻ പറഞ്ഞു. അതിന് തയ്യാറാകാതിരുന്ന തൊഴിലാളികൾ കുത്തിയിരുന്ന് പ്രതിഷേധം തുടങ്ങി. തുടർന്ന് ഇവരെ ബലം പ്രയോഗിച്ച് ബസ്സുകളിൽ കയറ്റുകയായിരുന്നു. തിരികെ വളപട്ടണത്തെ ക്യാമ്പുകളിലേക്ക് തന്നെ ഇവരെ കൊണ്ടുപോയി. 

കണ്ണൂർ ജില്ലയിൽ ആകെ മുപ്പത്തിയയ്യായിരത്തോളം അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഏതാണ്ട് മൂവായിരത്തോളം പേർ മാത്രമേ പോയിട്ടുള്ളു. ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാകട്ടെ ആവശ്യമുള്ളത്ര തീവണ്ടികൾ ഉണ്ടായിരുന്നതുമില്ല. 

click me!