പഞ്ചായത്ത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ഒരുനിമിഷം വൈകാതെ രാജിവച്ചു; ഒരേ ഒരു കാരണം!

By Web TeamFirst Published Aug 10, 2023, 9:56 PM IST
Highlights

കൂറുമാറ്റ നിരോധനനിയമപ്രകാരം നിലവില്‍ പ്രസിഡന്‍റായിരുന്ന സിന്ധു അയോഗ്യയാക്കപ്പെട്ടതിനാലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്

തൃശൂര്‍: തെരഞ്ഞെടുക്കപ്പെട്ട് സത്യപ്രതിജ്ഞ ചെയ്തയുടന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പദം രാജിവച്ചു. പാവറട്ടി പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസിലെ വിമല സേതുമാധവനാണ് അധികാരമേറ്റതിന് പിന്നാലെ രാജിവച്ചത്. വര്‍ഗീയ കൂട്ടുകെട്ടിനില്ലെന്ന് പറഞ്ഞാണ് വിമല സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ രാജി വച്ചത്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വിമലക്ക് എസ് ഡി പി ഐ അംഗങ്ങളുടെ വോട്ടുകള്‍ ലഭിച്ചിരുന്നു. ഇതോടെ കോൺഗ്രസ് നേതൃത്വം രാജി വയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തയുടന്‍ വിമല രാജിവച്ചത്.

വീണ്ടും മഴ, ആശ്വാസ വാർത്ത! ഈ നാല് ജില്ലകളിൽ ഇന്ന് രാത്രി 'ഇടിയോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും' സാധ്യത

Latest Videos

14 അംഗ ഭരണസമിതിയില്‍ ഏഴു വോട്ടുകളാണ് വിമലയ്ക്ക് ലഭിച്ചത്. ഇതില്‍ രണ്ടണ്ണമാണ് എസ് ഡി പി ഐയുടേത്. സ്വതന്ത്രയായി വിജയിച്ച് ഇടതിനൊപ്പം നില്‍ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയുടേതടക്കം ആറു വോട്ട് എല്‍ ഡി എഫിനും ലഭിച്ചു. ബി ജെ പി അംഗം തെരഞ്ഞടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി എസ് ഡി പി ഐയുമായോ ബി ജെ പിയുമായോ കൂട്ടുകൂടുന്നില്ലെന്ന നയത്തിന്‍റെ ഭാഗമായാണ് പാര്‍ട്ടിയുടെ നിലപാടിനൊപ്പം നിന്ന് പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരം പ്രസിഡന്റ് പദവി രാജിവച്ചത്. രാജിയോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വിള്ളലുണ്ടാക്കുകയെന്ന എസ് ഡി പി ഐയുടെ ഗൂഢനീക്കമാണ് തകര്‍ന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കൂറുമാറ്റ നിരോധനനിയമപ്രകാരം നിലവില്‍ പ്രസിഡന്‍റായിരുന്ന സിന്ധു അയോഗ്യയാക്കപ്പെട്ടതിനാലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. വാര്‍ഡ് ഒന്നില്‍ നിന്ന് കോണ്‍ഗ്രസ് സ്വതന്ത്രയായി നിന്ന് വിജയിച്ച സിന്ധു കൂറുമാറി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് പ്രസിഡന്റാകുകയായിരുന്നു. ഇതിനെതിരേ വിമല സേതുമാധവന്‍ പരാതി നല്കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സിന്ധുവിനെ അയോഗ്യയാക്കി. വിധിക്കെതിരേ സിന്ധു ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി
അംഗീകരിക്കുകയാണുണ്ടായത്.

അയോഗ്യയാക്കപ്പെട്ട അംഗം ഉള്‍പ്പെടെ 15 അംഗങ്ങളാണ് ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഇപ്പോഴുള്ള 14 അംഗങ്ങളില്‍ അഞ്ച് യു ഡി എഫ്, എല്‍ ഡി എഫ് അഞ്ച്, എസ് ഡി പി ഐ രണ്ട്, ബി ജെ പി ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. വിമലയുടെ പേര് കോണ്‍ഗ്രസംഗം ജറോം ബാബു നിര്‍ദേശിക്കുകയും കേരള കോണ്‍ഗ്രസംഗം ടി കെ സുബ്രഹ്മണ്യന്‍ പിന്താങ്ങുകയും ചെയ്തു. ഇടതുപക്ഷ സ്ഥാനാര്‍ഥി എം എം റജീനയുടെ പേര് 15-ാം വാര്‍ഡംഗം സിബി ജോണ്‍സന്‍ നിര്‍ദേശിച്ചു. നാലാം വാര്‍ഡംഗം ഷീബ തോമാസ് പിന്താങ്ങി.

പി ഡബ്ല്യു ഡി അസിസ്റ്റിന്റ് എന്‍ജിനിയര്‍ എ കെ നവീന്‍ വരണാധികാരിയായിരുന്നു. രാജിവച്ചതിന് ശേഷം വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമല സേതുമാധവന് അഭിവാദ്യമര്‍പ്പിച്ച് പാവറട്ടി സെന്ററില്‍ ആഹ്‌ളാദ പ്രകടനം നടത്തി. ഡി സി സി സെക്രട്ടറിമാരായ പി കെ. രാജന്‍, വി വേണുഗോപാല്‍, ബ്ലോക്ക് പ്രസിഡന്റ് സി ജെ സ്റ്റാന്‍ലി, മണ്ഡലം പ്രസിഡന്റ് ആന്റോ ലിജോ, ബ്ലോക്ക് പഞ്ചായത്തംഗം ഒ ജെ ഷാജന്‍, യുത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രജീഷ്, പഞ്ചായത്തംഗങ്ങളായ ടി കെ സുബ്രഹ്മണ്യന്‍, ജോസഫ് ബെന്നി, സുനിത രാജു എന്നിവര്‍ നേതൃത്വം നല്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!