ചന്ദ്രമതി കുഞ്ഞമ്മയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ പുറകേ വന്ന ലോറി ഇടിക്കുകയും ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഓട്ടോ ഇടിച്ചിട്ട ലോറി നിർത്താതെ പോയി.
പൂച്ചാക്കൽ: ആലപ്പുഴ പൂച്ചാക്കലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് 15-ാം വാർഡിൽ മേകരമഠത്തിൽ പരേതനായ പരമേശ്വര പണിക്കരുടെ ഭാര്യ ചന്ദ്രമതി കുഞ്ഞമ്മ (85) യാണ് മരിച്ചത്. കഴിഞ്ഞ മാസം 31 ന് രാവിലെ 8 മണിക്ക് ആലപ്പുഴ പാതിരപ്പള്ളിക്ക് സമീപം നാഷണൽ ഹൈവേയിൽ വെച്ചാണ് അപകടം നടന്നത്.
ചന്ദ്രമതി കുഞ്ഞമ്മയും കുടുംബവും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ പുറകേ വന്ന ലോറി ഇടിക്കുകയും ഓട്ടോ മറിഞ്ഞ് ഗുരുതര പരിക്കോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഓട്ടോ ഇടിച്ചിട്ട ലോറി നിർത്താതെ പോയി. അപകടമുണ്ടാക്കിയ ലോറി ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓട്ടോയിൽ ചന്ദ്രമതി കുഞ്ഞമ്മയ്ക്കൊപ്പമുണ്ടായിരുന്ന പേരക്കുട്ടി ശാലിനിയുടെ കാൽ ഒടിയുകയും ശസ്ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു.
വാഹനത്തിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആയിരുന്നു ചന്ദ്രമതിയുടെ മരണം. മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ട് വളപ്പിൽ സംസ്ക്കാരം നടത്തി. മക്കൾ: രത്നകുമാരി, വിദ്യാകുമാരി, കനകകുമാരി, മിനി കുമാരി, പൈങ്കിളിക്കുഞ്ഞമ്മ. മരുമക്കൾ: രവീന്ദ്രൻ നായർ, രാജപ്പൻ നായർ, ബാബു, രാജേന്ദ്രപ്രസാദ്.
Read More : അളവിലും തൂക്കത്തിലും മായം; തിരുവനന്തപുരത്ത് 348 സ്ഥാപനങ്ങളിൽ പരിശോധന, 2.54 ലക്ഷം പിഴയീടാക്കി, 76 കേസുകൾ