സമയം പുലർച്ചെ 1.30, കെഎസ്ഇബി ഓഫീസിൽ മദ്യലഹരിയിൽ അക്രമം; കമ്പ്യൂട്ടറും ഫോണും തകർത്തു, 43കാരൻ അറസ്റ്റിൽ

By Web Team  |  First Published Aug 8, 2024, 12:36 PM IST

വിവരം തിരുവല്ലം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. 


തിരുവനന്തപുരം: വൈദ്യുത ബിൽ അടയ്ക്കാത്തതിനെ തുടർന്ന്  വീട്ടിലെ കണക്ഷൻ കെഎസ്ഇബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചതിന് പിന്നാലെ മദ്യലഹരിയിൽ അക്രമം. കെഎസ്ഇബിയുടെ തിരുവല്ലം സെക്ഷൻ ഓഫീസിലാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ മേനിലം കീഴെ പാലറ കുന്നിൽ അജികുമാറിനെ (43) തിരുവല്ലം പൊലീസ്  അറസ്റ്റ് ചെയ്തു. 

ചൊവാഴ്ച പുലർച്ചെ 1.30 ഓടെ കാറിൽ എത്തിയ അജികുമാർ കെഎസ്ഇബി ഓഫീസിന്‍റെ പ്രധാന വാതിലിൽ വന്ന് ഇടിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഉടൻ ജീവനക്കാർ കതക് തുറന്നു പുറത്ത് വന്നതും ഇയാൾ റിസപ്ഷനിൽ ഉണ്ടായിരുന്ന കംമ്പ്യൂട്ടർ, ലാൻഡ് ഫോൺ, എന്നിവ എടുത്ത് നിലത്തടിക്കുകയും ജനാലകളുടെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് അക്രമിയെ നേരിടാൻ ശ്രമിച്ച ഓഫീസ് സ്റ്റാഫുകളായ ബ്രൈറ്റ് സിങ് ജോസഫ്, ലൈൻമാൻ സജി, സുദർശൻ എന്നിവർക്ക് ആക്രമണത്തിൽ നേരിയ പരിക്കേറ്റു. തുടർന്ന് വിവരം തിരുവല്ലം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. 

Latest Videos

മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ച കേസുൾപ്പെടെ പൂന്തുറ, നേമം, തിരുവല്ലം എന്നീ സ്റ്റേഷനുകളിൽ അജികുമാറിനെതിരെ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. റൗഡി സംഘത്തിൽ ഉൾപ്പെട്ടയാളാണെന്നും തിരുവല്ലം പൊലീസ് പറഞ്ഞു. ഏതാനും നാളുകൾക്ക് മുമ്പ് കട്ട് ചെയ്ത വൈദ്യുത കണക്ഷൻ പണം അടിച്ചതിനെ തുടർന്ന് പുനസ്ഥാപിച്ചിരുന്നതായി കെഎസ്ഇബി അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

78 ലക്ഷം രൂപ തട്ടിയ മാനേജരും അസിസ്റ്റന്‍റ് മാനേജരും പിടിയിൽ; തിരിമറി നടത്തിയത് സ്വര്‍ണ പണയ വായ്പകളിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!