വീടൊരുക്കിയത് പ്രവാസി വ്യവസായി നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടി. താക്കോൽ കൈമാറുമ്പോൾ ആ മുഖത്തും സംതൃപ്തിയുടെ നിറപുഞ്ചിരി. ആനന്ദക്കണ്ണീരോടെയാണ് ഗംഗാധരനും ദേവുവും താക്കോൽ ഏറ്റുവാങ്ങിയത്.
പാലക്കാട്: പാലക്കാട് മാത്തൂരിലെ ഗംഗാധരനും ദേവുവിനും ഇനി പുതിയ വീട്ടിൽ ഭയപ്പാടില്ലാതെ അന്തിയുറങ്ങാം. പൊളിഞ്ഞുവീഴാറായ കൂരയിൽ ഭീതിയോടെ കഴിഞ്ഞ കുടുംബത്തിന്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലൂടെയാണ് പുറംലോകമറിഞ്ഞത്. വാർത്ത കണ്ട് ഷാഫി പറമ്പിലിന്റെ ഇടപെടലിൽ പ്രവാസി വ്യവസായി അജ്-ഫാൻ മുഹമ്മദ് കുട്ടിയുടെ സഹായത്തോടെയാണ് ഇവർക്കിപ്പോൾ വീട് യാഥാ൪ത്ഥ്യമായിരിക്കുന്നത്.
കഴിഞ്ഞ ജനുവരി ഏഴിനാണ് ഗംഗാധരന്റെയും കുടുംബത്തിന്റെയും ജീവിത സാഹചര്യം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തെത്തിയത്. വാർത്ത കണ്ട് ഷാഫി പറമ്പിൽ വീട് നൽകാമെന്ന ഉറപ്പും നൽകി. ഫെബ്രുവരിയിൽ തറക്കല്ലിട്ടു. എട്ടുമാസത്തിനിപ്പുറം ആ സ്വപ്ന ഭവനം യാഥാ൪ത്ഥ്യമായി. വീടൊരുക്കിയത് പ്രവാസി വ്യവസായി നെച്ചിക്കാട്ടിൽ മുഹമ്മദ് കുട്ടി. താക്കോൽ കൈമാറുമ്പോൾ ആ മുഖത്തും സംതൃപ്തിയുടെ നിറപുഞ്ചിരി. ആനന്ദക്കണ്ണീരോടെയാണ് ഗംഗാധരനും ദേവുവും താക്കോൽ ഏറ്റുവാങ്ങിയത്.
undefined
മാത്തൂരിൽ പൊളിഞ്ഞു വീഴാറായ കൂരയിൽ ഭീതിയോടെയാണ് ഈ മൂന്നംഗ കുടുംബം ജീവിച്ചത്. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന കാഴ്ച നഷ്ടപ്പെട്ട ഗംഗാധരനും കുടുംബവും നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു. നവകേരള സദസിലുൾപ്പെടെ പരാതി നൽകിയിരുന്നുവെന്നും കുടുംബം പറയുന്നു.
രണ്ടു വർഷം മുമ്പാണ് ഗംഗാധരന്റെ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനമറ്റത്. കൂലിപ്പണി ചെയ്തായിരുന്നു മകനുൾപ്പെടെ മൂന്നംഗ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. നെൽകൃഷിയായിരുന്നു ഏക വരുമാനം. ചികിത്സക്ക് പണം തികയാതെ വന്നതോടെ തുച്ഛമായ വിലയ്ക്ക് നിലം വിൽക്കേണ്ടിവന്നു.
തൊഴിലുറപ്പ് ജോലിക്ക് പോയാണ് പിന്നീട് ഗംഗാധരന്റെ ഭാര്യ ദേവു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. നട്ടെല്ലിന് ക്ഷതമേറ്റതോടെ ആ വഴിയും അടഞ്ഞു. ദുരിത ജീവിതത്തിലൂടെ കടന്നുപോകുകയായിരുന്നു ഗംഗാധരന്റെ കുടുബം. തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തെത്തിയതും ഇപ്പോൾ വീടൊരുങ്ങിയിരിക്കുന്നതും.