അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

By Web TeamFirst Published Jan 13, 2024, 10:31 PM IST
Highlights

അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ് ജനുവരി 24 മുതല്‍ മാര്‍ച്ച് രണ്ടാം തീയതി വരെയാണ് നടക്കുന്നത്.

തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.gov.in സന്ദര്‍ശിച്ച് serviceonline.gov.in/trekking എന്ന ലിങ്കില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ് ജനുവരി 24 മുതല്‍ മാര്‍ച്ച് രണ്ടാം തീയതി വരെയാണ് നടക്കുന്നത്. ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രെക്കിംഗ് അനുവദിക്കൂ. ഒരു ദിവസം 70 പേര്‍ എന്ന കണക്കിലായിരിക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍. ദിവസം 30 പേരില്‍ കൂടാതെ ഓഫ്‌ലൈന്‍ ബുക്കിംഗ് തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുവദിക്കാം. ഓഫ് ലൈന്‍ ബുക്കിംഗ്, ട്രെക്കിംഗ് തീയതിക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ സാധിക്കൂ. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിംഗ് ഫീസ്. 

Latest Videos

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡി ഓണ്‍ലൈനായി അപ്ലോഡ് ചെയ്യേണ്ടതാണ്. 14 വയസു മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ മാത്രമാണ് യാത്ര അനുവദിക്കൂ. ഏഴു ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം. ഫസ്റ്റ് എയിഡ് കിറ്റ്, അപകട ഇന്‍ഷൂറന്‍സ് എന്നിവ ട്രെക്കിംഗിന് വരുന്നവര്‍ ഉറപ്പു വരുത്തണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിംഗ് നിര്‍ത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു. 

വിശദ വിവരങ്ങള്‍ക്ക്: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം: 0471-2360762.

മൃതദേഹം അഴുകിയ നിലയില്‍, ദിവ്യയുടേതെന്ന് തിരിച്ചറിഞ്ഞത് എങ്ങനെ? പൊലീസ് മറുപടി 
 

click me!