ഒളിത്താവളമൊരുക്കാൻ പ്രതികളെ വിശാലിന് പരിചയപ്പെടുത്തി കൊടുത്തതാരാണന്ന് കണ്ടെത്തിയാൽ മാത്രമെ ഈ കേസിലെ മറ്റ് ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ്
തൃശൂർ: നടിയും മുന്‍ ബിജെപി നേതാവുമായ ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം. കുന്നംകുളം ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ബിജെപി മെമ്പറായ അജിതയുടെ ഭർത്താവും ബിജെപി പ്രാദേശിക നേതാവുമായ വിശാലാണ് (40) തട്ടിപ്പ് സംഘത്തിന് ഒളിത്താവളം ഒരുക്കാൻ ഒത്താശ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
തമിഴ്നാട് സ്വദേശികളായ അളഗപ്പൻ (62), ഭാര്യ നാച്ചൽ (56), മകൻ ശിവ (32), ബന്ധുക്കളായ ആരതി (28), സതീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. ഗൗതമിയുടെ 25 കോടി രൂപ മൂല്യമുള്ള 46 ഏക്കര്‍ ഭൂമി തട്ടിയെടുത്ത കേസിലാണ് ഇവർ അറസ്റ്റിലായത്. തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. കേസ് അന്വേഷിക്കുന്ന തമിഴ്നാട് പൊലീസ് സംഘം കുന്നംകുളത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുന്നംകുളം ചൂണ്ടൽ പുതുശ്ശേരിയില്‍ വാടകക്ക് മുറികളെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന സംഘത്തെ ചെന്നൈ ക്രൈംബ്രാഞ്ചാണ് വ്യാഴാഴ്ച രാവിലെ പിടികൂടിയത്. കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതി അളഗപ്പന്റെ മുൻകൂർ ജാമ്യം തള്ളിയിരുന്നു.
undefined
വിശാലും കുടുംബവും വാടകക്ക് താമസിക്കുന്ന കാണിപ്പയ്യൂർ മാന്തോപ്പിലെ വീട്ടിലെത്തിയ തമിഴ്നാട് പൊലീസ് വിശാലിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. തിരിച്ചു പോയ പൊലീസ് സംഘം വീണ്ടും വീട്ടിലെത്തിയെങ്കിലും വിശാലും കുടുംബവും വീട് പൂട്ടി സ്ഥലം വിട്ടു. വിശാലിന്‍റെ ഭാര്യ അജിത ജോലി ചെയ്യുന്ന കേച്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിലും തമിഴ്നാട് ക്രൈംബ്രാഞ്ച് പൊലീസ് തിരച്ചിലും പരിശോധനയും നടത്തി. വിശാലിനു വേണ്ടി വീട്ടിൽ നോട്ടീസ് പതിച്ച ശേഷമാണ് പൊലീസ് തിരിച്ചു പോയത്.
ഒളിത്താവളമൊരുക്കാൻ പ്രതികളെ വിശാലിന് പരിചയപ്പെടുത്തി കൊടുത്തതാരാണെന്ന് കണ്ടെത്തിയാൽ മാത്രമെ ഈ കേസിലെ മറ്റ് ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ചെന്നൈ പൊലീസ് കമ്മീഷണറും ക്രൈംബ്രാഞ്ച് പൊലീസും തൃശൂരിൽ ക്യാമ്പ് ചെയ്താണ് ചൂണ്ടൽ പുതുശ്ശേരിയിലെ ഒളിത്താവളം കണ്ടെത്തിയത്. പ്രതികൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് കേച്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. ബിജെപി പ്രാദേശിക നേതാവായ ഷാജിയാണ് ക്വാർട്ടേഴ്സ് നടത്തിയിരുന്നത്.
പ്രതികൾക്ക് താവളമൊരുക്കിയത് തൃശൂരിലെ ബിജെപി നേതാവാണെന്ന് സിപിഎം കുന്നംകുളം ഏരിയാ കമ്മറ്റി ആരോപിച്ചു. കൊടകര കുഴൽപ്പണക്കേസ് പ്രതികളായ കവർച്ചാ സംഘത്തെ സംരക്ഷിച്ചതും ഇതേ ഉന്നത നേതാവാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ഈ നേതാവ് കുന്നംകുളത്ത് മൽസരിച്ചപ്പോള്‍ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തത് വിശാലായിരുന്നു. ഈ അടുപ്പമാണ് തമിഴ്നാട്ടിലെ തട്ടിപ്പു സംഘത്തിന് ഒളിത്താവളം ഒരുക്കാൻ ഉപയോഗിച്ചതെന്നും സിപിഎം ആരോപിച്ചു. തട്ടിപ്പുകാർക്ക് ഒളിത്താവളം ഒരുക്കി സംരക്ഷിച്ച വിശാൽ, ഭാര്യ അജിത എന്നിവരെ അറസ്റ്റ് ചെയ്യണമെന്നും ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ് അംഗം അജിത വിശാൽ രാജിവെക്കണമെന്നും സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി എം എൻ സത്യൻ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം