പിങ്ക് പൊലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായി മടങ്ങി വരുകയായിരുന്നു
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ അന്വേഷണം. കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്നപ്പോൾ പിങ്ക് പൊലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായി മടങ്ങി വരുകയായിരുന്നു. പിന്നീടാണ് വനിതാ എ എസ് ഐയെക്കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിച്ചത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം തുടങ്ങിയത്.
വിശദ വിവരങ്ങൾ ഇങ്ങനെ
കൊയിലാണ്ടി ബസ്റ്റാൻഡിൽ അനാവശ്യമായി സംഘടിച്ചു നിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞു പോകാൻ പറഞ്ഞ വനിതാ എ എസ് ഐയെകൊണ്ടാണ് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം നടന്നത്. സ്കൂൾ വിട്ട സമയത്ത് ബസ്റ്റാൻഡിൽ സംഘടിച്ച ഒരു കൂട്ടം വിദ്യാർഥികളോട് വനിതാ എ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പോലീസ് തിരിച്ചു പോകാൻ നിർദേശിച്ചിരുന്നു. ഈ സമയം അവിടെ നിന്നും പോയ വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായെത്തി പൊലീസിനോട് കയർക്കുകയായിരുന്നു. എ എസ് ഐയോട് മാപ്പ് പറയണം എന്നും നിർബന്ധിച്ചു. ഇതോടെ വനിതാ എ എസ് ഐ മാപ്പ് പറയുകയും ചെയ്തു. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികൾ ആയതിനാൽ തനിക്ക് പരാതി ഇല്ലെന്നാണ് എ എസ് ഐ പറയുന്നത്.
വീഡിയോ കാണാം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം