തലസ്ഥാനത്ത് നിന്ന് പൊക്കിയ ബൈക്ക്, കറങ്ങി നടക്കുന്നത് കൊച്ചിയിൽ; 35ഓളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ

By Web TeamFirst Published Jan 19, 2024, 9:04 PM IST
Highlights

കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് മേടിക്കാനെത്തിയ സ്ത്രീയുടെ രണ്ടരപ്പവന്‍റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിന്‍റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.

കൊച്ചി: മുപ്പത്തിയഞ്ചോളം മോഷണക്കേസുകളിലെ പ്രതി പിടിയിൽ. തൃക്കാക്കര വിഷ്ണു (36) നെയാണ് കുന്നത്ത് നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് പന്ത്രണ്ട് മാല പൊട്ടിക്കൽ കേസും, ഒരു ബൈക്ക് മോഷണവും. നേരത്തെ 22 കേസുകൾ തെളിഞ്ഞിട്ടുണ്ട്.  പ്രത്യേകം രൂപീകരിച്ച അന്വേഷണ സംഘം ചാലക്കുടിയിലെ ബാർ ഹോട്ടലിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പിടികൂടുന്നതിനിടയിൽ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. 

കിഴക്കമ്പലത്തെ മെഡിക്കൽ ഷോപ്പിൽ മരുന്ന് മേടിക്കാനെത്തിയ സ്ത്രീയുടെ രണ്ടരപ്പവന്‍റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിന്‍റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ജില്ലയിൽ മാല പൊട്ടിക്കലുകൾ നടത്തിയത്. പൊട്ടിക്കുന്നതിനിടയിൽ ആക്രമിക്കുകയും ചെയ്യും. മോഷണമുതൽ വിറ്റു കിട്ടുന്ന പണം ആർഭാട ജീവിതത്തിനുപയോഗിക്കുകയാണ് ചെയ്യുന്നത്. പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല.

Latest Videos

ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാൾ വലയിലാക്കുന്നത്. വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ കളമശേരി, ചേരാനല്ലൂർ, തൃക്കാക്കര എന്നിവിടങ്ങളിൽ രണ്ട് കേസ് വീതവും, പെരുമ്പാവൂർ, എടത്തല, കുന്നത്തുനാട്, കോയമ്പത്തൂർ പാലക്കാട് അതിർത്തി, വരാപ്പുഴ, പാലാരിവട്ടം എന്നിവിടങ്ങളിൽ ഓരോ മാല മോഷണക്കേസും തമ്പാനൂരിലെ ഒരു ബൈക്ക് മോഷണ കേസുമാണ് തെളിഞ്ഞത്. പിടികൂടുന്നതിനിടയിൽ പോലീസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്.

കുന്നത്തുനാട് നിന്ന് പൊട്ടിച്ചെടുത്ത മാല എറണാകുളത്ത് പഴയ സ്വർണ്ണം വാങ്ങുന്ന കടയിൽ വിറ്റ നിലയിൽ കണ്ടെത്തി.   ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ് ഐമാരായ ടി.എസ്.സനീഷ്,  ഏ.ബി.സതീഷ്, കെ.വി.നിസാർ,  എ.എസ്.ഐ അബൂബക്കർ,  സീനിയർ സി പി ഒ മാരായ ടി.എ.അഫ്സൽ, വർഗീസ്.ടി.വേണാട്ട്, പി.എം.മുഹമ്മദ്, പി.എം.റിതേഷ്, ബിബിൻ രാജ്, അഭിലാഷ് കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഗണേഷ് കുമാറിന്‍റെ പുതിയ തീരുമാനത്തിൽ ഞെട്ടി യാത്രക്കാർ; കടുത്ത നിരാശയും വിഷമവും തുറന്ന് പറഞ്ഞ് നാട്ടുകാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!