Latest Videos

'സാറേ ഇതും സിനിമയാകുമോ?' കേരള ക്രൈംഫയലിന് പ്രമേയമായ കേസ് പ്രതിയുടെ ചോദ്യം, ത്രില്ലര്‍ സിനിമയെ വെല്ലും അറസ്റ്റ്

By Web TeamFirst Published Jun 30, 2024, 10:58 PM IST
Highlights

ഏഴു വര്‍ഷക്കാലം കണ്ണുവെട്ടിച്ചു നടന്ന ആ പ്രതിയെ മറ്റൊരു ത്രില്ലടിപ്പിക്കുന്ന അന്വേഷണത്തിലൂടെ കൊച്ചി പൊലീസ് പിടികൂടിയ സംഭവവും നാടകീയത നിറഞ്ഞതാണ്.

കൊച്ചി: രാജ്യമാകെ ശ്രദ്ധിച്ചൊരു മലയാളം വെബ് സീരിസിന് പ്രമേയമായ സംഭവമായിരുന്നു 2011ല്‍ കൊച്ചിയില്‍ നടന്ന സ്വപ്ന വധക്കേസും അതിലെ പ്രതിക്കു വേണ്ടിയുളള പൊലീസ് അന്വേഷണവും ആയിരുന്നു. വിചാരണയ്ക്കു മുമ്പ് ആ കേസിലെ പ്രതി പിന്നെയും പൊലീസിനെയും കോടതിയെയും വെട്ടിച്ച് മുങ്ങി. ഏഴു വര്‍ഷക്കാലം കണ്ണുവെട്ടിച്ചു നടന്ന ആ പ്രതിയെ മറ്റൊരു ത്രില്ലടിപ്പിക്കുന്ന അന്വേഷണത്തിലൂടെ കൊച്ചി പൊലീസ് പിടികൂടിയ സംഭവവും നാടകീയത നിറഞ്ഞതാണ്.

ഏഴു വര്‍ഷം പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ഒളിവു ജീവിതത്തിനു ശേഷം ഇന്നലെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്ത ബിജു. കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍ സ്വപ്ന എന്ന ആന്ധ്രപ്രദേശുകാരിയെ കൊന്ന കേസിലെ പ്രതിയാണ്. ഈ കേസില്‍ ബിജുവിനെ കണ്ടെത്താനായി പൊലീസ് നടത്തിയ അന്വേഷണമാണ് അജു വര്‍ഗീസും ലാലും പ്രധാന വേഷങ്ങളിലെത്തിയ കേരള ക്രൈം ഫയല്‍സ് എന്ന വെബ് സീരിസിന് ആധാരമായതും.
 
2011ല്‍ അതിവിദഗ്ധമായ അന്വേഷണത്തിനൊടുവില്‍ പൊലീസ് പിടിയിലായ ബിജു 2017-ലാണ് കോടതിയില്‍ നിന്ന് ജാമ്യം നേടി പിന്നെയും മുങ്ങിയത്. വിചാരണ ഒഴിവാക്കി കഴിഞ്ഞ ഏഴു കൊല്ലക്കാലം കണ്ണുവെട്ടിച്ചു നടന്ന ബിജുവിനെ പിടിക്കാന്‍ വേണ്ടി നോര്‍ത്ത് പൊലീസ് നടത്തിയ രണ്ടാമത്തെ അന്വേഷണം ത്രില്ലടിപ്പിക്കുന്നൊരു സിനിമാക്കഥയെക്കാള്‍ രസകരമായിരുന്നു.

ആധാറോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്തൊരു പ്രതി. മൊബൈല്‍ ഫോണില്ല. കൂട്ടുകാരില്ല. ആകെയുളളത് ബിജു എന്നൊരു പേരും അറസ്റ്റിലായ കാലത്തെ ചിത്രവും മാത്രം. നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രതാപ ചന്ദ്രന്‍റെ നിര്‍ദേശ പ്രകാരം ബിജുവിന് പിന്നാലെയിറങ്ങിയ സിവില്‍ പൊലീസ് ഓഫിസര്‍ മഹേഷ് ശരിക്കും ഇരുട്ടില്‍ തപ്പുകയായിരുന്നു. തിരുവനന്തപുരം കീഴായിക്കോണത്തെ വീട് കേന്ദ്രീകരിച്ച് ഏറെ നാള്‍ അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. വര്‍ഷങ്ങളായി ബിജുവിനെ അറിയില്ലെന്ന് വീട്ടുകാരും പഴയ കൂട്ടുകാരും പറഞ്ഞു. ബിജു എടുത്തതെന്ന് കരുതുന്നൊരു ആധാര്‍ കാര്‍ഡിന് പിന്നാലെ പോയിട്ടും പ്രയോജനമുണ്ടായില്ല 

ബിജു, സണ്‍ ഓഫ് സുകുമാരന്‍ നാടാര്‍, കീഴായിക്കോണം എന്നൊരു വിലാസം മാത്രമായിരുന്നു പൊലീസിനുണ്ടായിരുന്നത്. ഈ വിലാസത്തിനു പിന്നാലെ പോയ പൊലീസിന് 35 ബിജുമാരുടെ ഫോണ്‍ നമ്പര്‍ കിട്ടി. ഇതിലൊരു ഫോണ്‍ നമ്പരാണ് മുങ്ങി നടന്ന ബിജുവിലേക്ക് പൊലീസിന് വഴി വെട്ടിയത്.  ബിജു പണ്ടാരിയെന്ന ഹോട്ടല്‍ സംരംഭകന്‍റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്ത് എടുത്ത ആ സിമ്മില്‍ നിന്നുളള വിളികളത്രയും എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണെന്ന കണ്ടെത്തലാണ് വഴിത്തിരിവായത്. ആ നമ്പരിനെ പിന്തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്നിലെ അഴുക്കും ചെളിയും കക്കൂസ് മാലിന്യങ്ങളുമെല്ലാം നിറഞ്ഞൊരു ഭാഗത്തെ കൊച്ചുമുറിയിലേക്ക് പൊലീസെത്തി. അവിടെ 500 രൂപ മാസ വാടകയ്ക്ക് താമസിച്ചിരുന്ന കൊലയാളി ബിജുവിനെ കിട്ടി.

തമിഴ്നാട്ടിലും,ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ വിവിധ ഹോട്ടലുകളില്‍ പാചക തൊഴിലാളിയായി ജോലി ചെയ്തായിരുന്നു ജീവിതമെന്നാണ് ബിജു പൊലീസിനോട് പറഞ്ഞത്. ഇതിനിടെ പലകുറി കൊച്ചിയില്‍ വന്നു പോയി. നാടാകെ തനിക്കായി അന്വേഷണം നടക്കുമ്പോഴും കൊച്ചി നഗരത്തിലെ പല പൊലീസ് സ്റ്റേഷനുകള്‍ക്കു മുന്നിലൂടെയും കടന്നു പോയിട്ടും തന്നെ ആരും തിരിച്ചറിഞ്ഞില്ലെന്നും ഇതോടെയാണ് നഗരത്തില്‍ തന്നെ സ്ഥിര താമസമുറപ്പിക്കാന്‍ തീരുമാനിച്ചതെന്നുമാണ് ബിജുവിന്‍റെ മൊഴി. സ്വപ്ന കൊലക്കേസിന്‍റെ അന്വേഷണം വെബ് സീരിസായ കാര്യം താന്‍ അറിഞ്ഞിരുന്നുവെന്നും അത് കണ്ടിരിന്നുവെന്നും പൊലീസിനോട് പറഞ്ഞ ബിജു തനിക്കു വേണ്ടി നടന്ന ഈ രണ്ടാമത്തെ അന്വേഷണവും സിനിമയാകുമോ സാറേ എന്ന് ചോദിച്ചാണ് ജയിലിലേക്ക് കയറിയതത്രേ.

ഭാര്യാപിതാവിനെയും സഹോദരനെയും കുത്തിക്കൊന്ന കേസില്‍ മരുമകന് ജീവപര്യന്തം തടവും പിഴയും

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!