നന്മ നിറഞ്ഞ ക്രിസ്മസ് സമ്മാനം, സ്വന്തം വീടിനൊപ്പം മരിച്ചുപോയ സഹപാഠിയുടെ കുടുംബത്തിനും വീട് നിർമിച്ച് പ്രവാസി

By Web TeamFirst Published Dec 25, 2023, 9:49 AM IST
Highlights

നിർധന കുടുംബത്തിന് വീട് ഒരുക്കണമെന്ന് മാത്യു ഏറെനാളായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വന്തം വീടിന്‍റെ ഗൃഹപ്രവേശത്തിനൊപ്പം സഹപാഠിയുടെ കുടുംബത്തിനും താക്കോല്‍ കൈമാറി. 

പത്തനംതിട്ട: സ്വന്തം വീടിന്‍റെ ഗൃഹപ്രവേശത്തിനൊപ്പം മരിച്ചുപോയ സഹപാഠിയുടെ നിർധന കുടുംബത്തിനു കൂടി വീട് നിർമ്മിച്ചു നൽകിയിരിക്കുകയാണ് പത്തനംതിട്ട ഉളനാട് സ്വദേശി വി സി മാത്യു. വീടുപണി തുടങ്ങിയപ്പോൾ ഭാര്യ തയാറാക്കാൻ തുടങ്ങിയ ബൈബിളിന്‍റെ കയ്യെഴുത്തുപ്രതി പൂർത്തിയാക്കി ക്രിസ്മസ് കാലത്ത് പുതിയ വീട്ടിൽ വെയ്ക്കാനായതും ഇരട്ടി മധുരമാണെന്ന് മാത്യു പറയുന്നു.

പ്രവാസിയായ വി സി  മാത്യു മനോഹരമായൊരു വീട് പൂർത്തിയാക്കി. മാത്യുവിന് ഈ ക്രിസ്മസ് കാലത്ത് അതിലേറെ സന്തോഷം നൽകുന്ന വേറെയും ചില കാര്യങ്ങളുണ്ട്. മാത്യുവിന്‍റെ സഹപാഠിയായിരുന്ന വർഗീസിന്‍റെ കുടുംബത്തിനാണ് ക്രിസ്മസ് സമ്മാനമായി പുതിയ വീട് നല്‍കിയത്. സഹപാഠിയായിരുന്ന വർഗ്ഗീസ് അടുത്ത കാലത്ത് മരിച്ചുപോയി. നിർധന കുടുംബത്തിന് വീട് ഒരുക്കണമെന്ന് മാത്യു ഏറെനാളായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വന്തം വീടിന്‍റെ ഗൃഹപ്രവേശത്തിനൊപ്പം സഹപാഠിയുടെ കുടുംബത്തിനും താക്കോല്‍ കൈമാറി. 

Latest Videos

വിലമതിക്കാനാവാത്ത ക്രിസ്മസ് സമ്മാനത്തിന്‍റെ സന്തോഷത്തിലാണ് വർഗ്ഗീസിന്‍റെ കുടുംബം. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്ന് ഇങ്ങനെയൊരു വീട്ടിലേക്ക് എത്തിയതില്‍ സന്തോഷമുണ്ടെന്ന് മോളി വര്‍ഗീസ് പറഞ്ഞു. ജൂലി മാത്യു കൈകൊണ്ട് എഴുതി തയ്യാറാക്കിയ ബൈബിൾ പുതിയ വീട്ടിൽ സ്ഥാപിക്കാൻ കഴിഞ്ഞതും മാത്യുവിന്‍റെ കുടുംബത്തിന് ഇരട്ടി മധുരമായി. നാല് വർഷം കൊണ്ടാണ് 2709 പേജുള്ള ബൈബിൾ എഴുതി പൂർത്തിയാക്കിയത്.

tags
click me!