9ാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; 20കാരനെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

By Web TeamFirst Published Jan 26, 2024, 5:29 PM IST
Highlights

എന്താണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നതിൽ അവ്യക്തത ഉണ്ടായിരുന്നു. വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ വാർഷിക ദിനത്തിലായിരുന്നു ആത്മഹത്യ. 

വയനാട്: വയനാട്ടിലെ ഒമ്പതാം ക്ലാസുകാരിയുടെ  ആത്മഹത്യയിൽ ഒരാൾ പിടിയിൽ. ആലപ്പുഴ സ്വദേശി ആദിത്യനാണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴയിലെ കണിച്ചുകുളങ്ങര സ്വദേശിയാണ് പ്രതി ആദിത്യൻ. സാമൂഹിക മാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി ആദിത്യൻ സംസാരിച്ചിരുന്നു. പെൺകുട്ടികളുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്തപ്പോഴാണ് പൊലീസിന് ഇതേ കുറിച്ച് സൂചന കിട്ടിയത്.

പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആദിത്യനിലേക്ക് എത്തിയത്. പ്രതിയുടെ മൊബൈൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് വിശദമായി പരിശോധിക്കുകയാണ്. ആദിത്യനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. എന്താണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നതിൽ അവ്യക്തത ഉണ്ടായിരുന്നു. വിദ്യാർത്ഥിനി പഠിക്കുന്ന സ്കൂളിലെ വാർഷിക ദിനത്തിലായിരുന്നു ആത്മഹത്യ. 

Latest Videos

വാർഷികത്തിന് പണം കണ്ടെത്താൻ കൂപ്പൺ പിരിക്കാൻ ഏൽപ്പിച്ചിരുന്നു. ഇത് വിറ്റു തീർക്കാൻ മരിച്ച പെൺകുട്ടിക്ക് കഴിഞ്ഞില്ല. പെൺകുട്ടി കൂപ്പൺ തിരിച്ചു നൽകിയില്ലെന്ന് അധ്യാപകർ ആരോപിച്ചിരുന്നു. ഇത് വിദ്യാർത്ഥിനിയെ അലട്ടിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബത്തിൻ്റെ ആരോപണം. ആരോപണം അധ്യാപകർ നിഷേധിച്ചിരുന്നു. സ്കൂൾ വാർഷിക ദിനത്തിൽ വൈകിട്ട്  നാലു മണിയോടെയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വാർഷികാഘോഷം നടത്തിയതിൽ വിമർശനവുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!