രണ്ടര വയസില്‍ കിണറ്റില്‍ വീണു, ജീവന്‍ തിരിച്ച് പിടിച്ച് കാര്‍ത്തിക് നീന്തിയെടുത്തത് 4 സ്വർണ്ണ മെഡലുകൾ

By Nikhil Pradeep  |  First Published Nov 13, 2022, 9:22 PM IST

100, 200 മീറ്റർ ബാക്ക്സ്ട്രോക്ക് റിലേ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയ്‌, 200 മീറ്റർ മെഡ് ലെയ് റിലേ എന്നീ വിഭാഗങ്ങളിൽ നിന്നും മത്സരിച്ചാണ് കാർത്തിക് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. 


തിരുവനന്തപുരം: രണ്ടരവയസിൽ കിണറ്റിൽ വീണു അഭുതകരമായ ജീവൻ തിരിച്ച് പിടിച്ച കാർത്തിക് വർഷങ്ങൾക്ക് ഇപ്പുറം സംസ്ഥാന സ്ക്കൂൾ നീന്തൽ മത്സരത്തിൽ വാരികൂട്ടിയത് നാല് സ്വർണ്ണ മെഡലുകൾ. വിഴിഞ്ഞം കോട്ടുകാൽ ഗവ.വി.എച്ച്.എസ്സ്.എസ്സിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയും കോട്ടുകാൽ പുന്നക്കുളം ദ്വാരകയിൽ പ്രദോഷ് സ്വപ്ന ദമ്പതികളുടെ മകനുമായ കാർത്തിക്.എസ്.പ്രദോഷ് ആണ് 
തൃശൂരിൽ നടന്ന സംസ്ഥാന സ്ക്കൂൾ നീന്തൽ മത്സരത്തിൽ പങ്കെടുത്ത നാല് ഇനങ്ങളിലും സ്വർണം നേടിയത്. ഇതോടെ നീന്തലില്‍ സബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനായി കാര്‍ത്തിക്.

100, 200 മീറ്റർ ബാക്ക്സ്ട്രോക്ക് റിലേ, 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയ്‌, 200 മീറ്റർ മെഡ് ലെയ് റിലേ എന്നീ വിഭാഗങ്ങളിൽ നിന്നും മത്സരിച്ചാണ് കാർത്തിക് ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. 2011 ജൂലെെ14 നാണ് ബന്ധുവീട്ടിലെ അറുപത്തടി താഴ്ചയുള്ള കിണറ്റിൽ രണ്ടര വയസുകാരൻ കാർത്തിക് വീഴുന്നത്. വീട്ടിലുള്ളവരുടെ നിലവിളികേട്ട് ഓടിയെത്തിയ പിതാവ് പ്രദോഷ് മകനെ രക്ഷപെടുത്താൻ കിണറ്റിലേക്ക് എടുത്തു ചാടി. മുങ്ങിതാഴ്ന്ന കുഞ്ഞിനെ പ്രദോഷ് വാരിയെടുത്ത് സുരക്ഷിതമാക്കി. സംഭവം കണ്ടു നിന്നിരുന്ന കാർത്തിക്കിൻ്റെ മാതാവ് സ്വപ്ന ബോധംകെട്ടു വീണു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരനായ യുവാവിന്റെ സഹായത്തോടെയാണ് ഒടുവില്‍ അച്ഛനും മകനും കിണറ്റില്‍ നിന്നും രക്ഷപ്പെട്ട് കരയിലെത്തിയത്.

Latest Videos

undefined

ഈ സംഭവം ആണ് മകനെ നീന്തൽ പഠിപ്പിക്കാൻ പിതാവ് പ്രദോഷിനു പ്രേരണ നൽകിയത്. രണ്ടാം ക്ലാസ് മുതൽ കാർത്തിക് നീന്തൽ പരിശീലനം ആരംഭിച്ചു. മൂന്നാം ക്ലാസ്സിൽ വെച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് കാര്‍ത്തിക് സമ്മാനവും കരസ്ഥമാക്കിയിരുന്നു. കഠിനപ്രയത്നവും താല്പര്യവും സ്കൂളിലെ അദ്ധ്യാപകർ നൽകുന്ന പരിശീലനവും പ്രോത്സാഹനവുമാണ് മകന്റെ ഈ നേട്ടത്തിനു കാരണമെന്നു പിതാവ് പ്രദോഷ് പറയുന്നു. 

Read More :  ചെക്ക് ഡാമിൽ വീണ മകളെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം, മകളെ രക്ഷപ്പെടുത്തി

click me!