26 വർഷം കഠിന തടവ്, ഒന്നര ലക്ഷം രൂപ പിഴ; ഒമ്പത് വയസുകാരിയോട് ക്രൂരത കാട്ടിയ 61 കാരന് ശിക്ഷ വിധിച്ച് കോടതി

By Web Team  |  First Published Dec 3, 2024, 12:01 AM IST

2013 ജൂണ്‍ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളില്‍ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു


 

തൃശൂര്‍: ഒമ്പതു വയസുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ 61 കാരനെ 26 വര്‍ഷം കഠിന തടവിനും 1,50,000 രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന്‍ വിധി പ്രസ്താവിച്ചു. 2013 ജൂണ്‍ മാസത്തിനും 2014 ജനുവരി മാസത്തിനും ഇടയിലുള്ള പല ദിവസങ്ങളില്‍ അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ ചെങ്ങാലൂര്‍ സ്വദേശി മൂക്കുപറമ്പില്‍ വീട്ടില്‍ ഹരിദാസിനെ (61) ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്.

Latest Videos

undefined

വീടിനടുത്ത കടയിൽ സോപ്പ് മേടിക്കാൻ പോയ 5 വയസുകാരിക്ക് പീഡനം, 40 കാരന് 20 വർഷം തടവും പിഴയും ശിക്ഷ

പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 21 സാക്ഷികളേയും 25 രേഖകളും 10 തൊണ്ടിവസ്തുക്കളും തെളിവുകളായി ഹാജരാക്കിയിരുന്നു. പുതുക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം. രാജീവ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന പി.വി. ബേബി, എസ്.പി. സുധീരന്‍ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ലെയ്‌സണ്‍ ഓഫീസറുമായ ടി.ആര്‍. രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ഒരു വര്‍ഷം കഠിന തടവിനും കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ആറു വര്‍ഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ആറു മാസം കഠിന തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴസംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!