കടലിൽ 5 നോട്ടിക്കല്‍ മൈല്‍ അകലെ എഞ്ചിൻ നിലച്ച് കുടുങ്ങിയെന്ന് സന്ദേശം, 45 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

By Web TeamFirst Published Sep 5, 2024, 10:06 PM IST
Highlights

യന്ത്രത്തകരാര്‍ കടലില്‍ കുടുങ്ങിയ 45 മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി 

തൃശൂര്‍: അഴീക്കോട് ഫിഷ് ലാന്‍ഡിങ്ങ് സെന്ററില്‍ നിന്നും ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന്‌ പോയ കൃഷ്ണകൃപ എന്ന ഇന്‍ബോഡ് വള്ളത്തിന്റെ എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. 

കടലില്‍ 5 നോട്ടിക്കല്‍ മൈല്‍ (10 കിലോമീറ്റര്‍) അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിന്‍ നിലച്ച് കുടുങ്ങിയ തൃശ്ശൂര്‍ ജില്ലയില്‍ എറിയാട് പേബസാര്‍ സ്വദേശി കിഴക്കേ വളപ്പില്‍ ശശി എന്നയാളുടെ ഉടമസ്ഥതയിലുള്ള കൃഷ്ണ കൃപ എന്ന ഇന്‍ബോര്‍ഡ് വള്ളവും എരിയാട് സ്വദേശികളായ 45 മത്സ്യ തൊഴിലാളികളെയുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്.

Latest Videos

രാവിലെ 9.40 മണിയോടുകൂടിയാണ് വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ് പോളിന്റെ നിര്‍ദ്ദേശാനുസരണം എഫ്ഇഒ ശ്രുതിമോള്‍, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എന്‍ പ്രശാന്ത്കുമാര്‍, വി.എം ഷൈബു, റസ്‌ക്യൂ ഗാര്‍ഡ്മാരായ, ഹുസൈന്‍, വിജീഷ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

മത്സ്യ ബന്ധന യാനങ്ങള്‍ വാര്‍ഷിക അറ്റകുറ്റപണികള്‍ കൃത്യമായി നടത്താത്തതും, കാലപ്പഴക്കം ചെന്ന മത്സ്യ ബന്ധനയാനങ്ങള്‍ ഉപയോഗിച്ച് മത്സ്യ ബന്ധനത്തിന് പോകുന്നതും കടലില്‍ അപകടങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഈ ആഴ്ചയില്‍ തന്നെ 3-ാമത്തെ യാനമാണ് ഇത്തരത്തില്‍ കടലില്‍ അകപ്പെടുന്നത്. 

ജില്ലയില്‍ രക്ഷാപ്രവര്‍നത്തിന് ഫിഷറീസ് വകുപ്പിന്റെ 2 ബോട്ടുകള്‍ ചേറ്റുവയിലും, അഴീക്കോടും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും തീര്‍ത്തും സൗജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നതെന്നും തൃശ്ശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി സുഗന്ധകുമാരി അറിയിച്ചു.

സാധനങ്ങൾക്കെല്ലാം വലിയ വിലക്കുറവ്, പഴം- പച്ചക്കറി എല്ലാമുണ്ട്, സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!