'തീ​ഗോളമായ ബസിനുള്ളിൽ പെൺകുട്ടിയുടെ കരച്ചിൽ'; കേരളത്തെ കരയിച്ച ദുരന്തത്തിന് 30 വയസ്, ഇന്നും നടുക്കുന്ന ഓ‍ർമ

By Web TeamFirst Published Feb 6, 2024, 7:48 AM IST
Highlights

രാത്രി ഒരു മണിയോടുകൂടിയാണ് അരൂർ പൊലീസ് കോൺസ്റ്റബിളായിരുന്ന പ്രസന്നന് അടുത്ത വീട്ടിലെ ലാൻഡ് ഫോണിലേയ്ക്ക് വിളിയെത്തുന്നത്.

അരൂര്‍: കേരളത്തിൽ റോഡ് അപകടത്തിൽ ഏറ്റവും കൂടുതൽ പേർ വെന്ത് മരിച്ച ചമ്മനാട് ദുരന്തത്തിന് 30 വയസ്. സംഭവത്തിൽ പൊലീസിന്‍റെ പ്രഥമ റിപ്പോർട്ട് തയ്യാറാക്കിയ 68 വയസ് കഴിഞ്ഞ വെട്ടയ്ക്കൽ പള്ളിപറമ്പിൽ പി എൻ പ്രസന്നന് ആ ദിവസം നൊമ്പരമായി ഇന്നും മനസിലുണ്ട്. 1994 ഫെബ്രുവരി അഞ്ചാം തീയതി രാത്രി 10 മണിയ്ക്ക് ശേഷമാണ് ദേശീയപാതയിൽ ആലപ്പുഴ ജില്ലയിലെ ചമ്മനാട് ഇ സി ഇ കെ. യൂണിയൻ ഹൈസ്കൂളിന് സമീപം നാടിനെ നടുക്കിയ അപകടം നടന്നത്. രാത്രി ഒരു മണിയോടുകൂടിയാണ് അരൂർ പൊലീസ് കോൺസ്റ്റബിളായിരുന്ന പ്രസന്നന് അടുത്ത വീട്ടിലെ ലാൻഡ് ഫോണിലേയ്ക്ക് വിളിയെത്തുന്നത്.

കെ എസ് ആർ ടി സി ബസും ചകിരി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടമെന്നാണ് അറിയിപ്പ് വന്നത്. അപ്പോൾ തന്നെ സംഭവ സ്ഥലത്തേയ്ക്ക് പായുകയായിരുന്നു പ്രസന്നൻ. തൃശൂരിൽ നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും, മധ്യപ്രദേശിലെ ഇൻഡോറിലേക്കു കയറുമായി പോകുകയായിരുന്ന ലോറിയുമായിരുന്നു ദേശീയ പാതയിൽ കൂട്ടിയിടിച്ചത്. ബസിനു മുൻപിൽ പോയിരുന്ന സൈക്കിൾ യാത്രികനെ രക്ഷിക്കുവാനായി ബസ് വലത്തേക്ക് വെട്ടിച്ചപ്പോൾ ലോറിയുടെ ഡീസൽ ടാങ്കിലേക്കായിരുന്നു എതിരെ വന്ന ബസ് ഇടിച്ചുകയറിയത്.

Latest Videos

ഇടിയുടെ ആഘാതത്താൽ ബസിന്‍റെ മുൻഭാഗം പൂർണ്ണമായി തകരുകയും ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി അവിടമാകെ ഡീസൽ പരക്കുകയുമായിരുന്നു. ഒപ്പം തന്നെ ഇടിച്ചതിന്റെ ഫലമായി തീപ്പൊരി ഉണ്ടാകുകയും അതുമൂലം ഇരു വാഹനങ്ങളും കത്തുകയുമാണുണ്ടായതെന്ന് പ്രസന്നൻ പറയുന്നു. തിരുവനന്തപുരം ബാലമന്ദിരത്തിലെയും ബാലികാമന്ദിരത്തിലെയും കുട്ടികളടക്കം 103 യാത്രക്കാരുമായെത്തിയ ബസിൽ 37 പേരാണ് മരിച്ചതെന്ന് ഇന്നും ഞെട്ടലോടെയാണ് പ്രസന്നൻ ഓർക്കുന്നത്.

26 പേരെയാണ് തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്കുശേഷം, തിരിച്ചറിയാനാകാത്ത ഒൻപതു പേരുടെ മൃതദേഹങ്ങൾ ചേർത്തല നഗരസഭ ശ്മശാനത്തിൽ സംസ്കരിച്ചു. ഇതിൽ ആറു മാസത്തിനുള്ളിൽ ആറു പേരെക്കൂടി തിരിച്ചറിഞ്ഞു. എന്നാൽ മൂന്ന് പതിറ്റാണ്ട് കടന്ന് പോകുമ്പോഴും മരിച്ചവരിൽ ഇനിയും മൂന്നുപേർ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. അരൂർ എസ് ഐ. ആയിരുന്ന കെ പി. മോഹൻകുമാറിന്‍റെ കീഴിലായിരുന്നു പ്രസന്നൻ. എഫ് ഐ ആർ സമർപ്പിക്കുമ്പോൾ രേഖകളുൾപ്പെടെ 3000 പേജിൽ സ്വന്തം കൈപ്പടയിലെഴുതിയത് പി. എൻ. പ്രസന്നൻ തന്നെയായിരുന്നു. ഇതിന് മുന്‍പത്തെ വർഷം പൊലീസ് മേധാവിയിൽ നിന്ന് അംഗീകാരവും പ്രസന്നനെ തേടി എത്തിയിരുന്നു.

2011 ൽ പൂച്ചാക്കൽ പോലീസ് സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ് ഐ ആയിരിക്കെയാണ് വിരമിച്ചത്. രക്ഷാപ്രവർത്തനത്തിന് ആദ്യം എത്തിയ അപകടസ്ഥലത്തിന് തൊട്ടടുത്തുള്ള ചമ്മനാട് ഇസിഇകെ യ‍ൂണിയൻ ഹൈസ്കൂളിലെ അധ്യാപകനും അന്ധകാരനഴിചില്ലം പറമ്പിൽ സി ഡി ആസാദിനും ആ ദിനം ഓര്‍മകളില്‍ നിന്നും മായുന്നില്ല. അന്ന് സ്കൂൾ വാർഷികാഘോഷം നടക്കുന്ന സമയമായിരുന്നു. എന്തോ വലിയ ശബ്‍ദം കേട്ടാണ് ആസാദിനൊപ്പം സ്കൂളിലുണ്ടായിരുന്ന രക്ഷകർത്താക്കളും സംഭവസ്ഥലത്തേയ്ക്ക് എത്തുന്നത്. ആസാദ് നോക്കുമ്പോൾ തീഗോളമായിരുന്ന ബസിന്റെ ഇടയിൽ നിന്ന് പത്ത് വയസ് തോന്നിയ്ക്കുന്ന പെൺകുട്ടി കരഞ്ഞ് വിളിക്കുന്നതാണ് കണ്ടത്. പിന്നൊന്നും നോക്കാതെ പെൺകുട്ടിയെ എങ്ങനെയോ രക്ഷപെടുത്തി സ്കൂളിനകത്തേയ്ക്ക് ഓടി പ്രാഥമിക ശുശ്രൂഷ നൽകിയത് ഇന്നലെത്തെ പോലെ ഓർക്കുന്നുവെന്ന് ആസാദ് പറയുന്നു. പിറ്റേ ദിവസമാണ് അറിയുന്നത് പെൺകുട്ടിയുടെ പിതാവ് ബസിനുള്ളിൽ അഗ്നിയ്ക്ക് ഇരയായതെന്ന്.

ആകെ തുമ്പ് ഒരു ടീ ഷർട്ട്, വിറ്റു പോയ 680 എണ്ണത്തിനും പിന്നാലെ പൊലീസ്; ത്രില്ല‍ർ സിനിമകളേക്കാൾ ട്വിസ്റ്റുകൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!