രണ്ടാമത്തെ തർക്കം കൈവിട്ടു, 19 കാരൻ ആശോകനെ കുത്തിയത് ഇലക്ട്രീഷ്യൻമാർ ഉപയോഗിക്കുന്ന കത്തികൊണ്ട്, പ്രതി പിടിയിൽ

By Web Team  |  First Published Apr 7, 2024, 12:05 AM IST

അശോകൻ സുബീഷിൻറെ സ്ഥാപനത്തിനു മുന്നിലെത്തി ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.


വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം തേങ്ങാക്കല്ലിൽ യുവാവിനെ ബന്ധു  കുത്തിക്കൊന്നത് മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെയെന്ന് പൊലീസ്. തേങ്ങാക്കൽ സ്വദേശി അശോകൻ (25) ആണ് മരിച്ചത്. സംഭവത്തിൽ അശോകന്റെ ബന്ധുവായ തേങ്ങാക്കൽ സ്വദേശി സുബീഷിനെ (19) പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. 

തേങ്ങാക്കൽ പള്ളിക്കടയിൽ സുബീഷിൻറെ മൈക്ക് സെറ്റ് വാടകക്ക് നൽകുന്ന സ്ഥാപനത്തിനു മുന്നിൽ വച്ച് ആണ് തർക്കം ഉണ്ടായത്.  രണ്ടു പേരും വ്യത്യസ്ത സ്ഥലത്തിരുന്ന് മദ്യപിച്ചിരുന്നു. ഇതിനു ശേഷം അശോകൻ സുബീഷിൻറെ സ്ഥാപനത്തിനു മുന്നിലെത്തി ഉച്ചത്തിൽ സംസാരിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടായി. സുഹൃത്തുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കുറച്ച് സമയത്തിനു ശേഷം വീണ്ടുമെത്തി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഇലക്ട്രിഷ്യൻമാർ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് സുബീഷ്  അശോകന്‍റെ നെഞ്ചിൽ കുത്തി. 

Latest Videos

undefined

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അശോകൻ മരിച്ചത്. സ്ഥലത്ത് എത്തിയ വണ്ടിപ്പെരിയാർ പൊലീസ് ഉടൻ തന്നെ  സുബിഷിനെയും സുഹൃത്തുക്കളെയും പിടികൂടി. ചോദ്യം ചെയ്യലിൽ സുബീഷ് കുറ്റം സമ്മതിച്ചെന്ന് എസ്എച്ച്ഒ ഹേമന്ദ് കുമാർ പറഞ്ഞു. പ്രതിയുമായി വണ്ടിപ്പെരിയാർ പൊലീസ് തെളിവെടുപ്പ് നടത്തുകയും അശോകനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു. ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.  ഇതിനിടെ പ്രതിയുടെയും കൊല്ലപ്പെട്ട യുവാവിന്റെയും  ബന്ധുക്കൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി.  

സുബീഷിൻറെ ബന്ധുവിന്‍റെ വീടിന് നേരെയും ആക്രമണവും ഉണ്ടായി.  ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരുക്കേറ്റിട്ടുണ്ട്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ വണ്ടിപ്പെരിയാർ പൊലീസ് പ്രദേശത്ത് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് വണ്ടിപ്പെരിയാർ പൊലീസ് വ്യക്തമാക്കി.  അശോക് കുമാറിന്‍റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Read More : മഴ വരുന്നു, ആശ്വാസം! നാളെ 4 ജില്ലകളിൽ മഴ, ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത, കാലാവസ്ഥ പ്രവചനം ഇങ്ങനെ...

click me!