തലസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ 226 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്
തിരുവനന്തപുരം: തലസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ 226 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ആശങ്ക വർധിപ്പിച്ചുകൊണ്ട് 15 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല.
തലസ്ഥാനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ വാക്കുകൾ
തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പോസിറ്റീവായ 226 കേസിൽ 190 പേരും സമ്പർക്കത്തിലൂടെ രോഗംബാധിച്ചവരാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കച്ചവടക്കാർക്ക് സ്റ്റോക്ക് ശേഖരിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. പാറശാല അടക്കമുള്ള അതിർത്തി പ്രദേശത്ത് കൊവിഡ് വർധിക്കുന്നു. കൊല്ലത്ത് 133 പേരിൽ 116 ഉം സമ്പർക്കമാണ്. അഞ്ച് പേരുടെ ഉറവിടം അറിയില്ല. നിയന്ത്രണം ശക്തിപ്പെടുത്തും. തീരമേഖലയിൽ വിനോദത്തിനും കാറ്റ് കൊള്ളാനും പ്രദേശവാസികളെ അനുവദിക്കില്ല.