പാമ്പ് കടിച്ചത് അറിഞ്ഞില്ല, കാലിലെ നീര് വീണു പരിക്കേറ്റെന്ന് കരുതി; വണ്ടിപ്പെരിയാറിൽ ആറാം ക്ലാസുകാരൻ മരിച്ചു

By Web TeamFirst Published Sep 3, 2024, 9:42 AM IST
Highlights

ഞായറാഴ്ച ആയതോടെ ദേഹമാസകലം നീര് ബാധിച്ചതിനെ തുടർന്ന് സൂര്യയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടൻ തന്നെ അവിടെ നിന്നും  തേനി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

ഇടുക്കി: വീണ് പരുക്കേറ്റ് കാല് ഉളുക്കി നീരുവന്നതെന്ന് കരുതി ചികിത്സയിലിരുന്ന ആറാം ക്ലാസുകാരൻ മരിച്ചു. കുട്ടി മരിച്ചത് പാമ്പുകടിയേറ്റ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് മരണകാരണം പാമ്പു കടിയേറ്റാണെന്ന് തിരിച്ചറിഞ്ഞത്. വണ്ടിപ്പെരിയാർ ഗവൺമെൻറ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയായ പശുമല എസ്റ്റേറ്റിൽ സൂര്യ (11) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ 27 ന് സ്കൂളിൽ വെച്ച് ഉണ്ടായ വീഴ്ചയിൽ സൂര്യയുടെ ഇടത് കാലിന് പരിക്കേറ്റിരുന്നു. കാലിന് നീര് വന്നതിനെ തുടർന്ന് പിന്നിട് സൂര്യ സ്കൂളിൽ പോകാതെ വീട്ടിൽ വിശ്രമത്തിലായിരുന്നു. 

നീര് കുറയാഞ്ഞതോടെ ഇതിനിടയിൽ കുട്ടിക്ക് തിരുമ്മു ചികിത്സയും നടത്തി. ഞായറാഴ്ച ആയതോടെ ദേഹമാസകലം നീര് ബാധിച്ചതിനെ തുടർന്ന് സൂര്യയെ വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഉടൻ തന്നെ അവിടെ നിന്നും  തേനി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. തേനി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Latest Videos

പോസ്റ്റ്മോർട്ടത്തിൽ പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. മരിച്ച സൂര്യ സഹോദരി ഐശ്വര്യയ്ക്കും ഭർത്താവിനും ഒപ്പമായിരുന്നു കഴിഞ്ഞിരുന്നത്. കുട്ടിയുടെ മാതാപിതാക്കളായ അയ്യപ്പൻ, ഗീതാ എന്നിവർ നേരത്തെ അസുഖ ബാധിതരായി മരണപ്പെട്ടിരുന്നു. പ്രവർത്തി പരിചയ മേളയിൽ എ ഗ്രേഡ് നേടിയ സൂര്യ പഠനത്തിലും പാഠ്യേതര വിഷയത്തിലും എല്ലാം ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. സൂര്യയുടെ അകാല വിയോഗം സഹപാഠികൾക്കും അധ്യാപകർക്കും നാട്ടുകാർക്കുമെല്ലാം വലിയ നൊമ്പരമായിരിക്കുകയാണ്. 

Read More : ഉത്തർപ്രദേശുകാരൻ ദീപു സഹാനി, ഇടപാടെല്ലാം കണ്ണൂർ ടൗണിൽ; പിടിച്ചപ്പോൾ കിട്ടിയത് എംഡിഎംഎയും എൽഎസ്ടി സ്റ്റാമ്പും!

click me!