അച്യുതൻ, സൺ ഓഫ് മോറിസ് വിൻസൻ്റ്; ശബ്ന നിച്ചു എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Oct 6, 2022, 7:16 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശബ്ന നിച്ചു എഴുതിയ ചെറുകഥ. 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined

തന്തയാരാണെന്നറിയാത്തൊരുത്തൻ്റെ കൂടെ നടക്കണ്ടാന്ന് കുടുംബക്കാര് പറഞ്ഞിട്ടുണ്ടെന്നുറ്റ ചങ്ങാതി മോത്ത് നോക്കി പറഞ്ഞപ്പോഴാണ് ഞാൻ നിലവിട്ടു കരഞ്ഞത്. വളർന്നിട്ടിത്രയായിട്ടും ആ ചോദ്യത്തിനു മുന്നിൽ ചൂളിപ്പോയില്ലാതായപ്പത്തൊട്ടമ്മയെ വെറുത്തു. നിങ്ങടെ കൂടെ കിടന്നെന്നെയുണ്ടാക്കിയവൻ്റെ പേര് പറഞ്ഞിട്ടെ എനിക്കിനി ജലപാനമുള്ളുവെന്ന് വാശി കാട്ടിയ എനിക്കു നേരെ വെള്ളക്കാരനൊരാളുടെ ചിത്രം കാണിച്ചമ്മ ഏങ്ങിക്കരഞ്ഞു.

ഇംഗ്ലണ്ടിലുള്ള സായിപ്പാണച്ഛനെന്നറിഞ്ഞപ്പം ഗർവ്വ് തോന്നി, അങ്ങേരമ്മയെ കാണാൻ വരാതിരിക്കില്ലെന്നും ജീവനാണെന്നും നാട്ടിലൊരത്യാവശ്യ പണി തീർക്കാൻ പോയതാണന്നും നിഷ്ക്കളങ്കമായി പറഞ്ഞമ്മ കാത്തിരിപ്പിൻ്റെ കഥ പറഞ്ഞു. 

പെണ്ണിനെ ആവശ്യത്തിനു കിട്ടാനാണുങ്ങൾ എന്ത് തറവേലയും കാണിക്കുമെന്നും, കൈ നനയാതെ മീൻ പിടിച്ചങ്ങേര് മുങ്ങിയതാണന്നുമെനിക്ക് പറയാനറിയാഞ്ഞിട്ടല്ലായിരുന്നു. പെറ്റതള്ളക്കിത്തിരി കാരുണ്യമാകട്ടെന്ന് കരുതി ഞാനൊന്നും പിന്നെ മിണ്ടാൻ പോയില്ല.

ആപ്പയൂപ്പ ചോരയല്ല ഞരമ്പിലെന്നും ഒത്ത വെള്ളക്കാരനാണ് തന്തയെന്നും വിളിച്ചു പറയാൻ കൊതിമുട്ടി.
എനിക്കങ്ങേരേ താവഴിയായി നിറമോ മണമോ കിട്ടിയിട്ടില്ലെന്നും അമ്മയുടെ ഊരാണു മുഴുവനുമെന്നോർത്തപ്പോൾ നാട്ടാര് വിശ്വസിക്കാനിച്ചിരി പാടാണന്നെനിക്കും തോന്നി.

ഞാനുണ്ടായതങ്ങേരറിഞ്ഞിട്ടുകൂടിയില്ലന്നമ്മ പറഞ്ഞപ്പോൾ അങ്ങനെ തടിയൂരി രക്ഷപ്പെടാമെന്നങ്ങേര് വ്യാമോഹിക്കണ്ടതില്ലന്നും ഇംഗ്ലണ്ടിലുള്ള മൊതാലിൻ്റെ നല്ലൊരു പങ്ക് പിടിച്ചു പറ്റുമെന്നും പറഞ്ഞ് പറക്കാനുള്ള പെട്ടി റെഡിയാക്കി.

ആകയമ്മക്ക് കിട്ടിയ കാണപ്പെട്ട പത്തുസെൻ്റിലഞ്ചു വിറ്റാണ് അച്ഛനെ തേടിയിറങ്ങിയത്. ഇനിയവിടെ തന്നെ തമ്പടിക്കണമെന്നും അവിടെയുളെളാരുത്തിയെ വളച്ച് കെട്ടണമൊന്നാക്കെ പകലുറക്കത്തിലും കിനാവ് കണ്ടു.
വിമാനമിറങ്ങിയപ്പോഴാണ് നാടു പോലല്ലവിടെമെന്നും വിരലനക്കാൻ പോലും കാശു വേണമെന്നും മനസ്സിലായത്.
ഉന്തിതള്ളി വയറ്മുറുക്കി നാളു നീക്കി പാട്ടും തുള്ളലുമുള്ളൊരു നൈറ്റ് ബാറിലൊഴിച്ചുകൊടുക്കണ പണി തരമാക്കി.
പണം കയ്യിലുണ്ടെങ്കിലെ തന്തപ്പടിയെ തിരഞ്ഞ് നടക്കാനുള്ള പാങ്ങാവുകയുള്ളുവെന്നെനിക്കറിയാമായിരുന്നു.

ബാറിൽ പാട്ട് പാടണ അമാൻഡയെന്ന് പേരുള്ളൊരുത്തിയെ ഞാനങ്ങതിവേഗം അയ്യോ പാവം കാണിച്ചു വളച്ചെടുത്തു. ഇമ്മാതിരി പോഴത്തിമാരാണ് മദാമ്മമാരെന്നെനിക്കറിവുണ്ടായിരുന്നില്ല. നാട്ടിലാണേൽ പെണ്ണുങ്ങൾ കൂർമ്മബുദ്ധിയും പൊളിവർത്തമാനം വേഗം പിടിക്കുന്നവരുമാണ്.

അവളോടൊപ്പം താമസം തുടങ്ങി ഞാനച്ഛനെ തിരയാൻ തുടങ്ങി, മോറിസ് വില്യംസെന്നെ എഞ്ചിനീയറാണയാളെന്നമ്മ പറഞ്ഞ അറിവ് മാത്രം വെച്ചാണ് തിരച്ചിലു നടത്തിയത്. അങ്ങേര് ചത്ത് പോയിട്ടുണ്ടെങ്കിൽ അവകാശം കിട്ടാൻ തരമില്ലെന്ന ചിന്തയെന്നെ അലട്ടിയിരുന്നു. അച്ഛൻ ദീർഘായുസ് കൂട്ടാൻ അമാൻഡയോടൊപ്പം അവളുടെ ചിലവിൽ പള്ളികൾ കേറി പ്രാർത്ഥന നടത്തി പോന്നയെന്നെ കണ്ട് സ്നേഹം മൂത്ത് മുട്ടിലിരുന്ന് കെട്ടുമോയെന്ന് ചോദിച്ചതവളാണ്, അന്നെൻ്റെ കൊച്ച് അവളുടെ വയറ്റിനകത്ത് കിടക്കാൻ തുടങ്ങീട്ട് മാസം മൂന്നും തികഞ്ഞിരുന്നു. 

നാട്ടിലുള്ള മാതിരി ചുറ്റികെട്ട് വള്ളിക്കേസൊന്നുമില്ലാതെ ഒരുത്തിയെ കൂടെ പൊറുപ്പിക്കാനും വയറ്റിലുണ്ടാക്കാമെന്നും ഉള്ളതായിരുന്നു വേറൊരു സമാധാനം. ഇതിങ്ങനെയൊരു മണ്ടിയെന്നുള്ളിൽ പറഞ്ഞാണ് ഞാൻ കെട്ടാൻ സമ്മതം മൂളിയത്. അവളെ കെട്ടിയാൽ കിട്ടുന്ന പൗരത്വമായിരുന്നുള്ളിൽ അല്ലങ്കിലൊരു ചരക്ക് സാധനത്തിനെയെ ഞാൻ 
കെട്ടുമായിരുന്നുള്ളു.

ഞാൻ വന്നിട്ട് മാസമേഴും അമാൻഡയ്ക്ക് മാസമഞ്ചുമായപ്പോഴാണ് അച്ഛൻ ബ്രിസ്‌റ്റോളിലുണ്ടെന്ന വിവരമറിഞ്ഞത്. 
കേട്ടപാതി ഞാനങ്ങോട്ട് പുറപ്പെട്ടു. അങ്ങേരു കൊമ്പത്തെ എഞ്ചിനിയറാണെന്നു പറഞ്ഞിട്ടിപ്പമവിടൊരു ഓൾഡേജ് ഹോമിലാണന്നും നയാപൈസ കയ്യിലില്ലെന്നും പറഞ്ഞപ്പോൾ എൻ്റെ വന്നയുത്സാഹമങ്ങ് പോയി. ഉണ്ടാക്കിയതല്ലം അങ്ങേര് ആയകാലത്ത് പൊടിച്ചിട്ടുണ്ടെന്നും അങ്ങേർക്കിവിടെ പുള്ളകുട്ടി പരാധീനങ്ങളൊന്നുമില്ലെന്നറിഞ്ഞപ്പോൾ  അച്ഛനാണന്നു പറഞ്ഞാൽ തലയിലാകുമോന്ന് ഞാൻ ഭയന്നു. 

കോളം ചേർക്കാനൊരു പേരു പോരെയെന്നും ഇങ്ങേരെയെടുത്ത്  തലയിലാക്കാണോയെന്നും ചിന്തിച്ചു നിക്കുമ്പഴാണ്  ''അമ്മിണി"യെന്നെന്നെ നോക്കി അച്ഛൻ പിറുപിറുത്തത്. ''മൈസൺ'' എന്നു കൈ നീട്ടി അച്ഛൻ വിളിച്ചപ്പം പണത്തിൻ്റെ കണക്കൊക്കെ മറന്ന് ഞാനങ്ങ് കരഞ്ഞു പോയി. എന്നെയണച്ചു പിടിച്ച് അങ്ങേര് കരഞ്ഞ് "മൈസൺ മൈസണ്ണെ"ന്നു വിളിച്ചു കൂവിയെല്ലാവരേയും വട്ടം കൂട്ടി. 

അപ്പോഴാണങ്ങേര് പാതിതളർന്നു കിടപ്പാണന്നും ഇരുപത്തിയാറാം വയസ്സിലൊരു  ബിൽഡിങ്ങിൻ്റെ മാടിയിൽ നിന്ന് വീണതാണന്നും ഞാനറിഞ്ഞത്. അങ്ങേരൊരു കൊച്ചു കുട്ടിയെപ്പോലെ ഉല്ലസിക്കുന്നെത് കണ്ട് ഞാനൊന്നും  പറയാതെ  തിരിച്ചു പോന്നു.

മുറിയിൽ കയറി  കമിഴ്ന്നു കിടന്നപ്പോൾ ഞാനച്ഛനുമമ്മക്കുമില്ലാതായി എനിക്കു മാത്രമായി ചുരുങ്ങിയിട്ടുണ്ടെന്ന്  തോന്നി. അമാൻഡയപ്പോൾ വയറും താങ്ങി എൻ്റെയരികിലിരുന്നു. നീയെന്നെ സ്നേഹിക്കുന്നുണ്ടോയെന്നും 
അച്ഛനെ കൂട്ടി വന്നാൽ ഞാൻ കലഹിക്കുമെന്ന് പേടിച്ചിട്ടാണോയെന്നും ചോദിച്ചു കൊണ്ടവളെന്നെ ഉത്തരം മുട്ടിച്ചു. 

അമാൻഡയുടെ സമ്പാദ്യം നുള്ളിപ്പെറുക്കി അമ്മയെ ഇങ്ങെത്തിച്ച് അച്ഛനെ വീണ്ടും കാണാൻ പോയി. അന്നേരമവരിരുവരും കെട്ടിപ്പിടിച്ചുമ്മവെക്കണത് കണ്ടെൻ്റെ കയ്യിൽ അമാൻഡ  മുറുകെ പിടിച്ചു. 
നമ്മൊളൊരു കുടുംബമുണ്ടാക്കിയെന്നും നീയെത്ര സ്നേഹമുള്ളവനാണന്നും പറഞ്ഞൻ്റെ നെറ്റിയിൽ മുത്തി.
അന്നേരമെൻ്റെ കപടതയെതെങ്ങോട്ടോ ഒലിച്ചു പോയി. അവളു മണ്ടിയല്ലൊരു പാവം പിടിച്ച നന്മയാണന്നെന്നോടു തന്നെ പറഞ്ഞു.

നാട്ടിലിടവേളക്കു വന്നപ്പോൾ ഞങ്ങടെ വീട്ടിൽ ഞാനൊരു നെയിം ബോർഡു വച്ചു, "അച്യുതൻ സൺ ഓഫ് മോറീസ് വിൻസൻ്റ്". അമാൻഡയുടെ ഒക്കത്തിരുന്നെൻ്റെ കൊച്ചപ്പോൾ പല്ലുകാണിച്ചു ചിരിച്ചു.

click me!