Malayalam Short Story : രണ്ടു പെണ്ണുങ്ങള്‍, സൈനബ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Sep 2, 2022, 5:04 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൈനബ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

ബോര്‍ഡിങ് സ്‌കൂളില്‍ അമ്മ എന്നെ തള്ളി വിട്ടു. കയ്യിലെ സ്വര്‍ണവള വിറ്റ് പണമുണ്ടാക്കി ഫീസ് കൊടുത്തു. അച്ചടക്കച്ചൂണ്ടു വിരലുകള്‍ സദാസമയം തല പൊക്കുന്ന ആ സ്‌കൂളിന് ചെകുത്താന്റെ ഛായയാണ്. ഗെയ്റ്റും ചുറ്റുമതിലുമെല്ലാം കരിവാളിച്ച് നിലക്കും. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അച്ചടക്ക സൂചികാ പട്ടിക വിവരിച്ചു തന്നപ്പോള്‍ അവരുടെ നീളന്‍ നഖങ്ങളോടു കൂടിയ വിരലുകള്‍ വായ്ത്താരികള്‍ പാടി. 

ആദ്യം പറഞ്ഞു തുടങ്ങിയത് കിടപ്പറ വസതിയെക്കുറിച്ചായിരുന്നു. എനിക്കൊപ്പം രണ്ട് മൂന്ന് പേര്‍ കൂടി മുറി പങ്കിട്ടെടുക്കുമത്രെ. ഞാനത് ഇഷ്ടപ്പട്ടിരുന്നില്ല. നീണ്ടു നിവര്‍ന്ന്, ചിലപ്പോള്‍ കൈകാലുകള്‍ തെക്കോട്ടും വടക്കോട്ടും എറിഞ്ഞ് വായ പിളര്‍ത്തി ശ്വാസമെടുക്കുമ്പോള്‍ ഉമിനീര് സഹികെട്ട് താഴേക്ക് ഇറങ്ങിയെത്തും. അത് ഉടുപ്പിന്റെ കോതയില്‍ തുടച്ചു നീക്കി മറ്റൊന്നിലേക്കും ചലിക്കാതെ അങ്ങനെതന്നെ കിടന്നുറങ്ങും. അമ്മയെ കൂടെക്കിടത്തി അവര്‍ക്കു മീതെ കമിഴ്ന്ന് കിടന്നും ഉറക്കം നടക്കാറുണ്ട്. ചിലപ്പോള്‍ മാറത്ത് ചുണ്ടുകള്‍ അടുപ്പിച്ച് ഉറങ്ങും. വായ് ചലനങ്ങള്‍ പ്രായോഗികമല്ലാതിരുന്നപ്പോള്‍ ചുണ്ടുകള്‍ മുലഞെട്ടില്‍ അമര്‍ത്തി ഉറങ്ങാന്‍ ശ്രമിക്കുമായിരുന്നു. പിന്നീട് ചുണ്ടുകള്‍ക്കും മുലഞെട്ടിനും തമ്മില്‍ അകല്‍ച്ചയുണ്ടാകാന്‍ ജാക്കറ്റും സാരിയും പിന്നെ എന്റെ പ്രായോഗികമായ ശബ്ദ മുറകളും കാരണമായി. 

ഉറങ്ങാന്‍ നേരം കവിള്‍ത്തടം അമ്മ നനയിപ്പിക്കും. തിരിച്ച് ഞാനും ചുംബനങ്ങള്‍ നട്ടുനനയ്ക്കും. ഇരുള്‍ വേട്ടയാടുന്ന മുറിയില്‍ വാളിനെയും വില്ലിനെയും ഉരുക്കി ഒഴുക്കി വിടും. അവിടം കഥാപാത്രങ്ങള്‍ നിറയും. മിക്കിയും മിന്നിയും പിന്നെ സ്‌നോവൈറ്റും കേന്ദ്രകഥാപാത്രങ്ങളായി മാറുമ്പോള്‍ പിളര്‍ക്കപ്പെട്ട വായയുടെ കേന്ദ്രതലത്തില്‍ നിന്നും കോട്ടുവായ ഇറങ്ങിത്തിരിച്ച് നിശാന്ധതയിലെ ഉറക്കച്ചന്തയില്‍ കിടന്ന് പോരാടും. ഇതൊന്നും ഹോസ്റ്റല്‍ മുറിയില്‍ സാധ്യമാകാത്ത പക്ഷം ഉറക്കച്ചീളുകള്‍ ഉമ്മറത്തേക്ക് ഉരുണ്ടു പോയി.

അടുത്തത് സമൃദ്ധമായ കാന്റീന്‍ ഭക്ഷണങ്ങളെക്കുറിച്ചായിരുന്നു. ഹോസ്റ്റല്‍ ഭക്ഷണം അള്‍സറിനും ഛര്‍ദ്ദിക്കും മുഖവുരയിടുമ്പോള്‍ വയറിനകത്ത് അതിന്റെ ഫലവത്തായ വിശേഷണങ്ങള്‍ കിടന്ന് മറിയും.

പാചകക്കാരി മറിയത്തിന്റെ കൈപുണ്യവും അമ്മയുടെ കൈപുണ്യവും അന്തരത്തിന് തികച്ചും യോജിച്ചതായിരുന്നു. ചോറൂണ് നടത്താന്‍ പുറകേ ഓടിയെത്തുമ്പോള്‍ അമ്മയുടെ മുഖത്ത് വിയര്‍പ്പ് തുള്ളികള്‍ കായിട്ട് തളിര്‍ക്കും. മുന്‍പേ ഓടുന്ന ഞാന്‍ അമ്മയുടെ പരാജിത മുഖഭാവം എന്റെ വിജയഭാവത്തില്‍ കോരിയെടുക്കും. തൈര് സാദവും വെണ്ടക്കാപ്പൊരിയലും ഊര്‍ഗായും പാത്രത്തില്‍ ഒന്നായി കുഴഞ്ഞു കിടക്കും. ഓരോ ഉരുളയിലും മുറിഞ്ഞ വെണ്ടക്കയുടെയും ഊര്‍ഗായുടെയും പൊടിപ്പുകള്‍ കാണാം. ചോറുരുളകളില്‍ വിരല്‍കുത്തി ഇടിച്ചു നിരത്തിയാല്‍ ചുമന്ന ചുണ്ട് പലമാതിരി വ്യതിചലിച്ച് പോകും. ചിലപ്പോഴത് മുറിഞ്ഞ ശബ്ദമായി ചെവിക്കുള്ളില്‍ കറങ്ങിയൊതുങ്ങും.

'ഇവിടെ തരുന്ന ഭക്ഷണം ഗുണനിലവാരമുള്ളതാണ്. എല്ലാ കുട്ടികളും കഴിക്കുന്നുണ്ട്. അവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇന്നേവരെ ഉണ്ടായിട്ടില്ല. ഞങ്ങള്‍ കുട്ടികള്‍ക്കായി ഇടയ്ക്കിടെ മെഡിക്കല്‍ ചെക്കപ്പ് ഇവിടെ നടത്താറുണ്ട്.'

പ്രിന്‍സിപ്പലിന്റെ കറുത്ത് വിങ്ങിച്ച മുഖം കണ്ണുരുള പകര്‍ത്തിയെടുത്തു. അപായപ്പെടുത്തുന്ന നോട്ടം ചെകുത്താന്റെ കെട്ടഴിച്ചു വിട്ടു. ഭക്ഷണഗുണനിലവാരത്തിന്റെ മഹിമ അവരോരോന്നായി പെറുക്കിയെടുത്തു. മറിയത്തിന്റെ വെപ്പുഭാഷ അറിയാത്ത അമ്മ സ്വന്തം ഭാഷയാണെന്നു കരുതി ഒരോ വറ്റും പല്ലിടുക്കിലിട്ടു ചവച്ചു തുപ്പി.

ആ മുറിയില്‍, ഒരു മൂലയ്ക്ക് ഞാന്‍ കൂനിച്ച് ഇരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍പിള്ളേര്‍ക്ക് എന്നെക്കാള്‍ പത്ത് വയസ്സിന് മൂപ്പുണ്ട്. വലിയ ചേച്ചിമാര്‍. വെളുത്ത തൊലിക്കാരികളും കറുത്ത തൊലിക്കാരിയും. അതെ, അക്കൂട്ടത്തില്‍ ഒരു കറുത്ത തൊലിക്കാരിയും ഉണ്ടായിരുന്നു. പേര് പദ്മ. എന്റെ പുറം തട്ടിക്കൊണ്ട് എനിക്കൊപ്പം കൂനിച്ചിരിക്കാന്‍ ആയാസിച്ചവള്‍. മുക്കുത്തിക്കല്ല് മൂക്കിന്റെ വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടന്നപ്പോള്‍ ഞാനതൊന്ന് പതിയെ അമര്‍ത്തി നോക്കി.

'വേണ്ടാമ്മ... റൊമ്പ വലിക്കിറത്.'

എന്ന് പറഞ്ഞ് കൊണ്ട് കൈ തട്ടി മാറ്റി. ഇരുമ്പു കട്ടിലിന്റെ വശത്ത് കൈ ചെന്നിടിച്ച് വായ പിളര്‍ന്നപ്പോള്‍ അവളുടെ ചുണ്ടുകള്‍ കൈകള്‍ക്കു മീതെ വച്ച് രഹസ്യപ്പേച്ചു വാര്‍ത്ത നടത്തി.

മുറിയില്‍ മൂന്ന് കട്ടിലുകളെ ഉണ്ടായിരുന്നുള്ളൂ. ഓരോന്നും ഓരോ മൂലയിലേക്ക്. മൂപ്പത്തി അക്കാമാര്‍ പദ്മയില്‍ നിന്നും വടം വലിക്കയറുകള്‍ പൊട്ടിച്ച് ഓടുമായിരുന്നു. പദ്മ അവരുടെ ശരീരത്തില്‍ പിടിച്ച് കയറാതിരിക്കാനായി ഓരോ മൂലയിലേക്കും കട്ടില് നീക്കിക്കൊണ്ടുപോയി പുതപ്പുവിരി ചുറ്റിപ്പുതഞ്ഞ് കിടക്കുമായിരുന്നു. പദ്മയ്ക്ക് അവരോട് അനുരാഗം പൊട്ടിപ്പുറപ്പെടാന്‍ അധികം നേരമെടുക്കേണ്ടി വന്നില്ല. ഹോസ്റ്റല്‍ മുറികളിലെ എല്ലാ പെണ്‍കുട്ടികളും അവളുടെ അനുരാഗത്തിന് വഴങ്ങിക്കിട്ടേണ്ട നോട്ടപ്പുള്ളികളാണ്. പദ്മ അവളുടെ കിടപ്പു മെത്തയില്‍ എന്നെയും പങ്കു ചേര്‍ത്തു. മൂന്ന് കട്ടിലുകളിലായി നാലുപേര്‍. അവളെന്നെ ചുറ്റിവരിഞ്ഞ് കിടന്നുറങ്ങുമ്പോള്‍ പൊക്കിളും തുടയിടുക്കുകളും പ്രത്യേകം ഞാന്‍ സൂക്ഷിച്ചു. അവളുടെ നീണ്ടു തളിര്‍ത്ത ചുണ്ടുകള്‍ ശരീരത്തില്‍ അമര്‍ന്ന് പാടുകള്‍ പ്രത്യക്ഷമാകാന്‍ തുടങ്ങി. മൂപ്പത്തി അക്കാമാര്‍ അവളില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ ശരീര സൂക്ഷിപ്പുകാരികളായിരുന്നു. മാറിടവും പിന്‍ഭാഗവും ഒരിക്കലും ശരീരത്തില്‍ നിന്നും പുറത്തേക്കുന്തി നിന്നില്ല. അതിനെ അടക്കിയൊതുക്കി ശരീരത്തിലെ യഥാസ്ഥാനത്തു തന്നെ പുതച്ചു മൂടിയ സൂക്ഷിപ്പുകാരികള്‍.

പദ്മയ്ക്ക് നീണ്ട കൈകാലുകളാണ്. ആരെയും നിമിഷ നേരംകൊണ്ട് വലിച്ച് വശത്താക്കി വാതിലടയ്ക്കും. ഞാനവളെ അക്ക എന്ന് വിളിച്ചപ്പോള്‍ എന്റെ ചുണ്ടില്‍ നീണ്ട വിരലമര്‍ത്തി വച്ചു.

'നാന്‍ ഉന്നുടയ പദ്മ. വേറെതുവും സൊല്ലാതെ'

വിരല്‍ പോയ പോക്കില്‍ ചുണ്ടുകള്‍ മലര്‍ക്കെ വിരിഞ്ഞു.

പദ്മയ്ക്ക് കൂടെപ്പിറന്നവര്‍ ആരുമില്ല. പെറ്റമ്മയ്ക്ക് പിറന്ന ആദ്യ കുഞ്ഞും അവസാന കുഞ്ഞും ഇവളായിരുന്നു. ഇവളെ പെറ്റ് പൊക്കിള്‍ക്കൊടി മുറിക്കുമ്പോഴേക്കും അമ്മയുടെ ജീവന്റെ നാളങ്ങള്‍  ചോരയില്‍ കുതിര്‍ന്ന് ഇഴപിരിഞ്ഞു. നാട്ടിലെ രാഷ്ട്രീയക്കാരന്‍ ധര്‍മ്മലിങ്കം അപ്പാസ്ഥാനം ഏറ്റുപിടിച്ച് ഇവളെ രണ്ടാനമ്മയ്ക്ക് തൂക്കി വിറ്റു. അണ്ണാഡിഎംകെ പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥിക്കസേരയില്‍ അയാളുടെ പിന്‍ഭാഗം പതിഞ്ഞു. അന്നുമുതല്‍ വീടിന്റെ പരിസരത്ത് പകല്‍വേളയില്‍ കാലൂന്നിയിട്ടില്ല. പദ്മ, ദിനവും മൂന്ന് നേര ശാപ്പാടാനായി രണ്ടാനമ്മയുടെ നാവിനൊത്ത് വളയണമായീരുന്നു. ഇല്ലെങ്കില്‍ നാവ് ചുഴറ്റി അവളെ വീടിനു പുറത്തേക്ക് തെറിപ്പിക്കും. അവളും ശകാരത്തില്‍ വീണ് മുറിപ്പെടും. ഓരോ വാക്കുകളും മുള്ള് കണക്കെ അവളുടെ ശരീരത്തില്‍ തറഞ്ഞു. അത് പഴുത്ത് ഓരോ ഭാഗങ്ങളും വ്രണപ്പെട്ടു.

ഒരിക്കല്‍ മനസ്സ് കലങ്ങി കലക്കവെള്ളം രണ്ടാനമ്മയുടെ മേല്‍ തെറിപ്പിച്ചപ്പോള്‍ അവളുടെ തൊലിക്കുമീതെ കത്തികൊണ്ട് കീറലുണ്ടാക്കി അതില്‍ ഉപ്പു വാരിത്തേച്ചു. നീറി നിലവിളിച്ചു കൊണ്ട് അപ്പക്കല്ലെടുത്ത് രണ്ടാനമ്മയുടെ തലയ്ക്ക് ആഞ്ഞടിച്ചു. തലമണ്ട പൊട്ടി ചോര ഒലിച്ചിറങ്ങിയപ്പോള്‍ അവളുടെ വായ മുഴുവനും വെളുത്ത പല്ലുകള്‍ നിരയായി നിരന്നുവെന്ന് കണ്ണിറുക്കിക്കൊണ്ട് പല്ലിളിച്ച് കാണിച്ചു തരുമ്പോള്‍ ഞങ്ങള്‍ പുതപ്പു വിരിക്കുള്ളില്‍ പതര്‍ച്ചയോടെ പരസ്പരം നോക്കിക്കുഴഞ്ഞു.

ഇതറിഞ്ഞതും പാര്‍ട്ടിക്കാരന്‍ അപ്പാ ധര്‍മ്മലിങ്കം ഇവളെ ഈ ബോര്‍ഡിങ് സ്‌കൂളിന്റെ മുറ്റത്ത് ഇറക്കി വിട്ട് പാര്‍ട്ടിക്ക് കൊടിപിടിക്കാന്‍ പോയെന്ന് പദ്മ പറയുമ്പോള്‍ ലഭിക്കാത്ത സ്‌നേഹത്തെ കീറിമുറിച്ച് നോക്കുന്ന ഡോക്ടറമ്മയായി എനിക്കവളെ തോന്നി.

ഞാന്‍ ഒഴികെ മറ്റെല്ലാവരും അവള്‍ക്ക് പുച്ഛ മുഖങ്ങളാണ്. വൃത്തികെട്ട തൊലിക്കാരികള്‍ എന്ന് പറയുമ്പോള്‍ ഞാനവളുടെ വായ ശ്രദ്ധിക്കാറുണ്ട്. ഓരോ ദിവസവും ഓരോ പെണ്‍കുട്ടിയിലും അവള്‍ അമര്‍ന്ന് കിടക്കും. ആര്‍ക്കും അവളുടെ ചെകിട്ടത്തടിക്കാനുള്ള ധൈര്യമില്ല. എല്ലാവരും മോങ്ങിക്കൊണ്ട്  പുറത്തേയ്‌ക്കോടുമ്പോള്‍ വാതില്‍പ്പടിയില്‍ നിന്നുകൊണ്ട് അവള്‍ വെള്ള നിരയുണ്ടാക്കും.

പാര്‍ട്ടിക്കാരന്‍ അപ്പാ ധര്‍മ്മലിങ്കത്തിന്റെ അധികാര പദവിയില്‍ പദ്മയ്ക്ക് ഹോസ്റ്റല്‍ മുറികളില്‍ കടന്നു കയറാം, കൈവേലകള്‍ ചെയ്യാം. അവളെ വീട്ടില്‍ തീറ്റിപ്പോറ്റുന്നതിനേക്കാളും പ്രിന്‍സിപ്പലിന്റെ കൈ നിറച്ച് വായ അടക്കാന്‍ പാര്‍ട്ടിക്കാരന്‍ അപ്പാ അത്രമേലൊന്നും പണിപ്പെട്ടില്ല. അയാളുടെ രാത്രി സമീപനം അവളുടെ രണ്ടാനമ്മ പെറ്റുപെരുത്ത് വീടാകമാനം ഉണ്ണി മൂത്രമാക്കി. അവള്‍ക്കിത് ഒട്ടും രസിച്ചില്ല.  രണ്ടാനമ്മയ്ക്കും പാര്‍ട്ടിക്കാരന്‍ അപ്പാവിനും ചീത്തവാക്കുകള്‍ കൊണ്ടവള്‍ പുഷ്പാര്‍ച്ചന നടത്തുമായിരുന്നു.

ഒരു രാത്രി അവളെന്നെ ചേര്‍ത്തുപിടിച്ച് കിടന്നു. അവളുടെ വിരല്‍ ഒരുപാടു നേരം ശരീരത്തില്‍ ഉരസി. കേടുപാടുകള്‍ ഉണ്ടാക്കാതെ സൂക്ഷിച്ച് ഉരസി. മുഖത്തിലൂടെ വായു വരകള്‍ പല കോണുകള്‍ വരഞ്ഞിട്ടു. പദ്മയ്ക്ക് വായ നാറ്റം ഉണ്ടായിരുന്നില്ല. ബൂമര്‍ ചവച്ചു തുപ്പുന്ന വായ ഒരുപാട് പെണ്‍ചുണ്ടുകളെ നുണഞ്ഞിട്ടുണ്ട്.

'നിന്റെ തൊലിക്ക് നല്ല നിറമാ. ഇതിന് പുച്ഛത്തിന്റെയൊ പരിഹാസത്തിന്റെയൊ മണമൊ രുചിയൊ ഒട്ടും ഇല്ലതാനും.'

പുറം തൊലി കരിഞ്ഞ പദ്മ വെളുത്ത തൊലി കണ്ടപ്പോള്‍ ഒന്ന് ഇളക്കി നോക്കി. പുച്ഛനോട്ടങ്ങളും പരിഹാസച്ചിരികളും അവളെ തേച്ചുരച്ചപ്പോള്‍ കണ്ണുകള്‍ നിലം പൊത്തി. ദുഃഖങ്ങള്‍ക്ക് മുറ തെറ്റിയപ്പോള്‍ അത് നിലവിളിയായി മാറി.

'ഇവിടെയുള്ളവരെയൊന്നും എനിക്കിഷ്ടമല്ല. എല്ലാവരും വികൃതരൂപികളാ. പുറം ചട്ട മിനുക്കി അകക്കാമ്പ് ഒടിഞ്ഞു പോയവര്‍.'

'തങ്കമേ.... നീയല്ലാതെ ഈ പദ്മയെ ആര് സ്‌നേഹിക്കാന്‍. നിന്റെ ശരീരത്തിന് നല്ല ഗന്ധം. നീ തനിച്ചാകുമ്പോള്‍ എന്നെക്കുറിച്ചോര്‍ക്കരുത്. പിന്നീട് നിന്റെ കണ്ണുകള്‍ അടയില്ല. ഓരോ അവയവവും ഉറഞ്ഞു പോകും.  അപ്പോള്‍ നീ ആരെയെങ്കിലുമൊന്ന് പുണരാന്‍ കൊതിക്കും. ഒരു സ്ത്രീയെ പുണര്‍ന്നോളൂ... അവള്‍ നിന്റെ പുറംമൂടിയെ തകര്‍ക്കില്ല. നിന്റെ ബലഹീനതയില്‍ വസ്ത്രങ്ങളെ കീറിപ്പറിച്ച് അക്രമസക്തയാകില്ല. നഖത്തിനിടയില്‍ നിന്റെ തൊലി പുതയില്ല. മുലഞെട്ടില്‍നിന്ന് ചോര വാര്‍ന്നൊഴുകില്ല. ആര്‍ക്കും നിന്നെ ഉരിഞ്ഞുകൊടുക്കാതെ സൂക്ഷിച്ചു വയ്ക്കുക, എനിക്കുവേണ്ടി.'

അന്ന് രാത്രി, പൊക്കിള്‍ച്ചുഴിയില്‍ അവളുടെ വിരലുകള്‍ സ്ഥാനമിട്ടു. രാവിലെ അവളുടെ വിരലുകള്‍ കൊഴിഞ്ഞുപോയതറിഞ്ഞ് എന്റെ കണ്ണുകള്‍ നിവര്‍ന്നു. 

മൂപ്പത്തി അക്കാമാര്‍ മുറിയില്‍ നിന്നും പുറംതള്ളപ്പെട്ടിരുന്നു. പുറത്തേക്കു തുറക്കുന്ന വാതില്‍ എന്നെയും പുറംതള്ളി. എല്ലാ മുറി വാതിലുകളും വായ പിളര്‍ന്ന് നിന്നു. പുറത്തെ ആല്‍മരച്ചുവട്ടില്‍ പദ്മയുടെ നോട്ടപ്പുള്ളികളായ ഹോസ്റ്റല്‍ മുറികളിലെ മൂത്തതും മൂപ്പെത്താതുമായ രതി ദേവതകള്‍ മേല്‍പ്പോട്ട് നോക്കി വക്രച്ചിരികള്‍ ചിരിക്കുന്നത് കണ്ട് ഞാനങ്ങോട്ടേയ്ക്ക് നടന്നു.

ആദ്യത്തെ ഘട്ടത്തില്‍, വള്ളിമീശകള്‍ താഴേക്ക് ചത്തുതൂങ്ങിയ നിലയിലുള്ള ആല്‍മരം മുന്നില്‍.

രണ്ടാമത്തെ ഘട്ടത്തില്‍, തിരഞ്ഞെടുത്ത ഒരു വള്ളിമീശ എന്തിനെയൊ പാടുപെട്ട് തൂക്കിനിര്‍ത്തിയിരിക്കുന്നു.

മൂന്നാമത്തെ ഘട്ടത്തില്‍, അത് ഒരു ശരീരമാണെന്ന് കാഴ്ച ശരിവെക്കുന്ന നേരം, ഗളബന്ധസ്ഥയായി പദ്മ അതില്‍ ത്വരണം ചെയ്യുകയായിരുന്നു.

അധ്യാപകര്‍ അവളുടെ ചത്തു തൂങ്ങിയ ശരീരത്തെ കുടുക്ക് അഴിച്ചുമാറ്റി നിലത്തിറക്കി. ഗെയ്റ്റ് തുറന്ന് കടന്നു വന്ന ആംബുലന്‍സ് സ്ട്രക്ച്ചറില്‍ അവളെ കിടത്തി. തുറന്ന ഗെയ്റ്റിലൂടെ ശരവേഗത്തില്‍ ആംബുലന്‍സ് പുറം തള്ളപ്പെട്ടു. നോക്കി നിന്ന എല്ലാ പെണ്‍ശരീരങ്ങളില്‍ നിന്നും അവളുടെ രതി ദ്രവ്യം ഒലിച്ചിറങ്ങി. 

എന്നില്‍ നിന്ന് അത് പുറത്തേക്ക് വന്നതേയില്ല. ഉടലിന്റെയുള്ളില്‍ അതങ്ങനെ തിങ്ങിനിറഞ്ഞു. ശരീരം വീര്‍ത്തുപൊങ്ങുന്നതായി അനുഭവപ്പെട്ടു. രക്തച്ചുവപ്പില്‍ ശരീരം തിളങ്ങി. കണ്‍കുഴികളില്‍ ചോപ്പന്‍ ഞരമ്പുകള്‍ മുളച്ചു പൊന്തി. അടക്കിപ്പിടിക്കാന്‍ കഴിയാത്തതെന്തോ ചതതുളച്ച് ദൂരേക്ക് തെറിച്ചു വീണു.  പെറുക്കിയെടുക്കാന്‍ തുനിഞ്ഞപ്പോഴേക്കും ഭൂമി അതിനെ ഗര്‍ഭത്തില്‍ ചുമന്നു.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!