Malayalam Short Story: പറങ്കിമല, ഷിന്റോ എസ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jun 7, 2022, 3:57 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷിന്റോ എസ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

Latest Videos

 

വൈരമുത്തുവിനും ഭാര്യക്കും എണ്ണം പറഞ്ഞ നാല് കറുത്ത പെണ്‍മക്കള്‍ക്കു ശേഷം ഒരു വെളുത്ത കുഞ്ഞ് വേണമെന്ന ആഗ്രഹം അതിതീവ്രമായിരുന്നു. കാത്തു കാത്തു ജനിച്ച കുഞ്ഞും കറുത്തത് തന്നെയാണെന്ന് അറിഞ്ഞപ്പോള്‍ പേരിലെങ്കിലും വെളുക്കട്ടെയെന്ന് കരുതി അവര്‍ അവന് വെള്ളമുത്തു എന്ന് നാമധേയം നല്‍കി.

റബ്ബറും, കാപ്പിയും, കുരുമുളകും അടക്കം അഞ്ചാറു വിളകള്‍ സുഗമമായി വളരുമായിരുന്ന വിശാലമായ കുന്നാണ് വെള്ളമുത്തുവിന് അപ്പന്‍ വൈരമുത്തു പതിച്ചു നല്‍കിയത്. എന്നാല്‍ കുന്നിന്‍ ചെരുവില്‍ പതിമൂന്ന് ഏക്കര്‍ തിരഞ്ഞു പിടിച്ച് വെള്ളമുത്തു അതില്‍ പറങ്കിമാവ് നട്ടു. എന്ത് കൊണ്ട് പതിമൂന്ന് ഏക്കര്‍ എന്ന് ചോദിച്ചവരോടെല്ലാമായി വെള്ളമുത്തു വിളിച്ചു പറഞ്ഞു

'പതിമൂന്ന് കെട്ട ശകുനം, കെട്ട വേലക്ക് കെട്ട ശകുനമാണ് നല്ലത്'

വെള്ളമുത്തു പറഞ്ഞതിന്റെ അകപ്പൊരുള്‍ നാട്ടുകാര്‍ക്ക് ആര്‍ക്കും മനസ്സിലായില്ല. എങ്കിലും വെള്ളമുത്തു നട്ട പതിമൂന്ന് ഏക്കര്‍ പറങ്കിമാവ് നിലകൊള്ളുന്ന കുന്നിനെ കാലക്രമേണ നാട്ടുകാര്‍ പറങ്കിമല എന്ന പേര് നല്‍കി വിളിച്ചു. പറങ്കിമലയുടെ  ഏറ്റവും ഉയര്‍ന്ന ഭാഗത്ത് തന്നെ ഒരു ചെറു കൂര കുത്തിയ വെള്ളമുത്തുവിന് ഒരു വിലാസവും ലഭിച്ചു. - 'പറങ്കിമലയിലെ മുത്തു'

വെള്ളമുത്തുവിന്റെ മാവുകള്‍ വലുതായി. മീനത്തിലെ കത്തുന്ന ചൂടില്‍ മണ്ണിലെ നീരോട്ടം നിലച്ച് മനുഷ്യനും മൃഗവുമടക്കം സര്‍വതും വാടിക്കരിഞ്ഞ് നില്‍കുമ്പോള്‍ മുത്തുവിന്റെ മാവുകള്‍ പൂത്തു. അതില്‍ നിറയെ തലതിരിഞ്ഞ മാങ്ങകള്‍ കായ്ച്ചു. തലതിരിഞ്ഞ ലോകത്തെ നേരെ കാണാന്‍ തലതിരിഞ്ഞ പറങ്കിമാങ്ങകളോളം മികച്ചത് മറ്റൊന്നില്ല എന്നായിരുന്നു മുത്തുവിന്റെ പക്ഷം. പറങ്കിമാങ്ങകളുടെ തലതിരിഞ്ഞ നോട്ടത്തിലൂടെ വെള്ളമുത്തുവും തലതിരിഞ്ഞ ലോകത്തെ നേരെ കണ്ടു. 

മുത്തുവിന്റെ മാവുകള്‍ പിന്നെയും വളര്‍ന്നു. മാവിന്റെ ഉണക്കയിലകള്‍ വീണ് മണ്ണ് കാണാത്ത വിധം പറങ്കിമലയെ മൂടി. സ്വന്തം അവശിഷ്ടം വളമാക്കി മാവുകള്‍ പിന്നെയും വളര്‍ന്നു. ഒന്ന് നശിച്ചാലെ മറ്റൊന്ന് വളരൂ എന്ന പൊതു തത്വത്തെ തീര്‍ത്തും നിഷ്ഫലമാക്കി ഒന്നും നശിക്കാതെ തന്നെ മാവുകള്‍ വളര്‍ന്നു. മണ്ണിനെ പൊതിഞ്ഞ് ഒരു ആവരണം പോലെ നില്‍ക്കുന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ അനേകായിരം സൂക്ഷ്മ  സ്ഥൂല ജീവികളും പെറ്റു പെരുകി.

മാവുകള്‍ക്കൊപ്പം പടര്‍ന്ന് പന്തലിച്ച മുത്തുവിന്റെ പ്രഭാവലയത്തില്‍ കാലക്രമേണ ഒരു ഇണയും വന്നുചേര്‍ന്നു. പറങ്കിമലയുടെ നെറുകയിലുള്ള ഒറ്റമുറി കൂരയില്‍ പാ വിരിച്ച് അവര്‍ അന്തിയുറങ്ങി. ചന്ദ്രനും നക്ഷത്രങ്ങളും കണ്ണുപൊത്തി കളിച്ച അമാവാസി രാത്രികളില്‍ കൂരക്ക് മുന്നിലെ വലിയ പാറക്കു മുകളില്‍ നഗ്‌നരായി അവര്‍ ശയിച്ചു. പറങ്കിമാവുകള്‍ക്കിടയിലെ ഇരുട്ടില്‍ ഒളിച്ചു നില്‍ക്കുന്ന ഇഴജന്തുക്കളെയും കുറുക്കനെയും കാട്ടുപന്നിയേയും സാക്ഷിയാക്കി അവര്‍ കേളികളാടി. ദൈവം സൃഷ്ടിച്ച ആദിമ ലോകത്തിന്റെ വര്‍ത്തമാനകാല പ്രതിരൂപങ്ങളായി, വെള്ളമുത്തുവും ഭാര്യ ലക്ഷ്മിയും അവരുടെ പറങ്കിമലയുടെ നെറുകയും.

പറങ്കിമലയുടെ നെറുകയും അതിലെ കൂരയും പൊതുസമൂഹത്തിന് അപ്രാപ്യമായ ഒരു കേന്ദ്രമായി നിലകൊണ്ടു. പറങ്കിമാവുകള്‍ക്ക് നടുവില്‍ ഇരുട്ടില്‍ മുങ്ങി നില്‍ക്കുന്ന കൂര മലയുടെ താഴ് വാരത്ത് നില്‍ക്കുന്ന ആരുടെയും ദൃശ്യവലയത്തില്‍ പെടുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ മുത്തുവിന്റെയും ഭാര്യയുടെയും സൈ്വര്യവിഹാരത്തിന് ആരും തടസ്സമായില്ല. അത് മാത്രമല്ല ലക്ഷ്മിയെ മറ്റുള്ളവരുടെ കണ്ണില്‍ നിന്നും അകറ്റി നിര്‍ത്താനും പറങ്കിമലയിലെ മാവുകളുടെ വിശാലമായ മറയെ മുത്തു ഉപയോഗപ്പെടുത്തി. 

ലാഭേച്ഛ മൂത്തപ്പോള്‍ പറങ്കിമാവുകള്‍ക്ക് പുറമേ പുതിയ വാതായനങ്ങളിലൂടെ മുത്തുവിന്റെ കൂര്‍മബുദ്ധി സഞ്ചരിച്ചു. ഒരുപക്ഷേ അത് കാലത്തിന് മുന്നേ തന്നെ സഞ്ചരിച്ചതിനാലാവണം പറങ്കിമലയുടെ കിഴക്കേച്ചെരിവിന്റെ ഒത്ത നടുക്കായി പാറക്കെട്ടുകള്‍ ചുറ്റിപ്പിണഞ്ഞു നില്‍ക്കുന്ന ഒരു ചെറുവട്ടത്തെ മാവൊന്നും നടാതെ മുത്തു മാറ്റിനിര്‍ത്തിയിരുന്നു. അവിടെ മാവുകള്‍ക്കൊപ്പം വളര്‍ന്ന കാറ്റാടിപ്പുല്ലിന് ഒരാള്‍ പൊക്കം വണ്ണം വച്ചു. കെട്ടുപിണഞ്ഞുകിടക്കുന്ന പാറക്കൂട്ടത്തിനു നടുവില്‍ വട്ടത്തില്‍ മുത്തു പുല്ലു വെട്ടിയൊതുക്കി. പുറത്ത് പുല്ലും പാറക്കെട്ടും ഒരു കോട്ടമതില്‍ പോലെ അതിനെ അതിരിട്ടു. പറങ്കിമലയിലെ രണ്ടാമത്തെ നിഗൂഢ  കേന്ദ്രമായി മുത്തു ആ സ്ഥലത്തെ മാറ്റിയെടുത്തു. ആ രണ്ട് കേന്ദ്രങ്ങളും മലയുടെ രണ്ട് ഭാഗത്തായതിനാല്‍ അവ തമ്മിലും ബന്ധപ്പെട്ടിരുന്നില്ല.

പറങ്കിമലയില്‍ പുല്ല് വെട്ടിയുണ്ടാക്കിയ സ്ഥലത്തെ മുത്തു പറങ്കിവട്ടമെന്ന്  വിളിച്ചു. പറങ്കി വട്ടത്തു നിന്ന് താഴ് വാരത്തേക്ക് പറങ്കി മാവുകളുടെ ഇരുട്ടിലൂടെ മുത്തു ഒരു വഴിയും വെട്ടി. പറങ്കിമലയുടെ ചുവട്ടില്‍ മഴക്കാലം തിമിര്‍ത്തു പെയ്താല്‍ അഞ്ചെട്ട് മാസത്തേക്ക് അരയോളം വെള്ളം ഒഴുകുന്ന തോട്ടിന്റെ വക്കത്തു മുത്തു ആ വഴി മുറിച്ചു. അങ്ങനെ പറങ്കിമാവുകള്‍ പൂക്കുന്ന വേനലിലൊഴികെ പറങ്കിമലയെ മറ്റിടങ്ങളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്താനും മുത്തുവിന് സാധിച്ചു.

അടുത്ത മീനച്ചൂടില്‍ പതിവിലും നന്നായി മുത്തുവിന്റെ മാവുകള്‍ കായ്ച്ചു. പഴുത്ത മാങ്ങകള്‍ പെറുക്കിയെടുത്ത് മുത്തു പറങ്കിവട്ടത്തിനടുത്ത് കൂട്ടിയിട്ടു. കശുവണ്ടി മുരണ്ടിയെടുത്ത് മൃതാവശിഷ്ടമായ മാങ്ങകളെ മുത്തു അവിടെത്തന്നെ ജീര്‍ണ്ണിക്കാന്‍ അനുവദിച്ചു. രണ്ട് മൂന്ന് ദിവസം കൊണ്ട് തന്നെ മാങ്ങകളുടെ ജീര്‍ണ്ണിച്ച അവശിഷ്ടങ്ങള്‍ പറങ്കിവട്ടത്തിനു സമീപത്ത് ഒരു ചെറുകുന്നായി രൂപം പ്രാപിച്ചു. ജീര്‍ണിച്ച മാങ്ങകളുടെയും അവ അടിഞ്ഞ് മണ്ണിലേക്കൊഴുകിയ നീരിന്റെയും മധുരവും പുളിപ്പും കലര്‍ന്ന ഗന്ധം പറങ്കിമലയിലേക്കും മല കടന്ന് താഴ് വാരത്തേക്കും വ്യാപിച്ചു. ജീര്‍ണ്ണിച്ച മാങ്ങകളിലത്രയും പല നീളത്തിലും വണ്ണത്തിലുമുള്ള അനേകായിരം വെളുത്ത പുഴുക്കള്‍ നുരഞ്ഞു പൊന്തി. മാങ്ങകള്‍ തീര്‍ത്ത കുന്നില്‍ ആഴ്ന്നിറങ്ങി പുഴുക്കളുടെ ഒരു വിശാലമായ സാമ്രാജ്യമായി അത് രൂപാന്തരം പ്രാപിച്ചു. അതിനു മുകളിലൂടെ പറക്കുന്ന ഈച്ചകളുടെ മൂളല്‍ ഒരു ഹൂങ്കാരമായി പറങ്കിമലയാകെ പ്രതിധ്വനിച്ചു. 

 

 

മാങ്ങകള്‍ അടിഞ്ഞു പാകമായപ്പോള്‍ മുത്തു പറങ്കിവട്ടത്ത് അടുപ്പ് കൂട്ടി. തട്ടുതട്ടായി വച്ച മണ്‍കലങ്ങളിലൂടെ ജീര്‍ണ്ണിച്ച് പുഴുവരിച്ച മാങ്ങകളുടെ ചൂടും ചൂരും നീരാവിയില്‍ ലയിപ്പിച്ച് കടത്തി വിട്ടപ്പോള്‍ അടുത്ത് വച്ച പാത്രത്തിലേക്ക് പളുങ്കിന്റെ നിറവും രൂക്ഷഗന്ധവുമുള്ള നീര് ഇറ്റിറ്റ് വീണു. മാങ്ങകള്‍ ജീര്‍ണ്ണിച്ച ഗന്ധത്തെ അടിച്ചമര്‍ത്തി പുതുഗന്ധം അന്തരീക്ഷമാകെ വ്യാപിച്ചു. 

അടുപ്പിലെ പുകയും പുതുഗന്ധവും താഴ് വാരങ്ങളിലേക്കും പരന്നപ്പോള്‍ ചിലരെങ്കിലും പറങ്കിമലയെ ശ്രദ്ധിച്ചു. താഴ് വാരത്ത് നിന്നും ചെറുപ്പക്കാരുടെ ഒരു കൂട്ടമാണ് പറങ്കിമലയിലേക്ക് ആദ്യമായി തോട് കടന്നത്. പറങ്കിവട്ടത്ത് നിന്നു തോട്ടുവക്കത്തേക്ക് എത്തി നോക്കുന്ന വഴിയില്‍ മുത്തുവിന്റേതല്ലാത്ത പുതിയൊരു കാല്‍പാദം പതിഞ്ഞു. പറങ്കിമലയിലേക്ക് വന്ന പുതിയ ആളുകളെ മലയുടെ ഇരുട്ടില്‍ ഒളിച്ചു പാര്‍ത്ത ജീവികളത്രയും അമ്പരപ്പോടെയും ഭയപ്പാടോടെയുമാണ് നോക്കിയത്. പറങ്കിവട്ടത്തേക്കുള്ള വഴിയിലെ കരിയിലകളെ ആവര്‍ ചവിട്ടിമെതിച്ചപ്പോള്‍ വഴിയോരത്തെ പറങ്കി വേരുകള്‍ക്കിടയില്‍ മടിപിടിച്ച് ചുരുണ്ട് കിടന്ന അണലിക്കുഞ്ഞുങ്ങള്‍ കൂടുതല്‍ ഇരുട്ടിലേക്ക് ഇഴഞ്ഞു. വഴിയിലേക്ക് കണ്ണ് നട്ടിരുന്ന കുറുക്കന്മാര്‍ മലയുടെ ഉള്ളറകളിലേക്ക് പേടിച്ചോടി. താഴ് വാരത്തുള്ളവര്‍ മലയിലേക്ക് കാലൂന്നിയപ്പോള്‍ അത് കൊണ്ടുവന്ന മാറ്റങ്ങള്‍ ചെറുതായിരുന്നില്ല.

പറങ്കിമലക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ ആകെയുണ്ടായിരുന്നത് പറങ്കിവട്ടത്ത് പാതിയില്‍ അവസാനിക്കുന്ന ആ വഴി മാത്രമായിരുന്നു. അതിനപ്പുറത്തേക്ക് മുത്തുവിന്റെ കൂരയിലേക്കും പറങ്കിമലയുടെ മറ്റിടങ്ങളിലേക്കും സഞ്ചരിക്കാന്‍ ഇരുട്ടിന്റെ മറയും നിലത്ത് അടിഞ്ഞുകിടക്കുന്ന മാവിലകളും കടക്കണം. ഇരുട്ടിന്റെ മറപറ്റി നില്‍ക്കുന്ന കുറുക്കനെയും പന്നിയെയും ഭയക്കണം, ഇലകളില്‍ ഒളിച്ചിരിക്കുന്ന അണലിക്കുഞ്ഞുങ്ങളെ ഭയക്കണം, മാവുകളുടെ കൊമ്പിലിരുന്ന് കൂവുന്ന കൂമനെയും ഭയക്കണം. അതുകൊണ്ട് തന്നെ ആരും അങ്ങനൊരു സാഹസത്തിനു മുതിര്‍ന്നില്ല.

പറങ്കിമലയിലെ ഏക വഴിയിലൂടെ നടന്ന് ആ യുവാക്കള്‍ പറങ്കിവട്ടത്തെത്തി. അവിടെ പറങ്കിമാങ്ങ വാറ്റി ഉണ്ടാക്കിയ ചാരായം കുപ്പികളില്‍ നിറച്ച് മുത്തു അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. തൊള്ള നിറയുവോളം ചാരായം ഒഴിച്ച് കൊടുത്ത് മുത്തു അവരെ ഉന്മാദത്തിന്റെ നെറുകയില്‍ എത്തിച്ചു. സ്വബോധമില്ലാത്ത അവസ്ഥയില്‍ പറങ്കിവട്ടത്ത് നിന്നും താഴ്വാരത്തേക്കുള്ള വഴിയിലേക്ക് അവരെ തള്ളി വിട്ടുകൊണ്ട്, പറങ്കിമലയിലേക്ക് നെടുകെ പിളര്‍ന്ന പുതിയ വാതില്‍ മുത്തു തുറന്നിട്ടു. 

അടുത്ത ദിവസം ചാരായത്തിന്റെ ചൂട് തേടിയെത്തിയ യുവാക്കള്‍ക്കൊപ്പം താഴ്‌വാരത്തിലെ പുരുഷ പ്രജകളത്രയും ഉണ്ടായിരുന്നു. പറങ്കിവട്ടത്തേക്കുള്ള വഴിയില്‍ നിലയ്ക്കാത്ത ജനാരവം. പറങ്കിവട്ടത്ത് തിങ്ങിക്കൂടിയ പുരുഷന്മാര്‍ ഒരു ഉത്സവപ്രതീതി സൃഷ്ടിച്ചു. വന്നു ചേര്‍ന്നവര്‍ക്കത്രയും മുത്തു ചാരായം ഒഴിച്ച് നല്‍കി. കാലുറക്കാത്തവര്‍ ആടിയാടി കുന്നിറങ്ങിയപ്പോള്‍ പുതുപ്രജകള്‍ കുന്ന് കേറിക്കൊണ്ടെയിരുന്നു.

അതിനിടയില്‍ പറങ്കിവട്ടത്തിനകത്ത് നിന്ന് 'എരിവിനൊന്നുമില്ലെ?' എന്ന് വിളിച്ച് ചോദിച്ച ആരോടോ മുത്തു പറഞ്ഞു, 'നാളെ എല്ലാം ശെരിയാക്കാം'

ഒറ്റ ദിവസം കൊണ്ട് തന്നെ മുത്തുവിന്റെ പണപ്പെട്ടി നിറഞ്ഞു. പറങ്കിവട്ടത്തിന് ചുറ്റും മാങ്ങ കൂട്ടിയിട്ട കുന്നുകളുടെ എണ്ണം വര്‍ദ്ധിച്ചു. കുടിക്കാന്‍ വന്നവരില്‍ ഒരു ചെക്കനെ മുത്തു കൈയ്യാളായും നിര്‍ത്തി. 

അന്നു സന്ധ്യക്ക് മുത്തു പറങ്കിക്കാട്ടിലേക്കിറങ്ങി. കത്തുന്ന ഉച്ചനേരത്ത് പോലും സൂര്യപ്രകാശം നേരിട്ടെത്താത്ത പറങ്കിക്കാട്. പകല്‍ നേരത്തല്ലാതെ മുത്തു പറങ്കിക്കാട്ടിലേക്ക് ഇറങ്ങുന്നത് ഇതാദ്യമായിരുന്നു. ആരോടോ പറഞ്ഞ് എത്തിച്ച ഓട്ടോയുടെയും ബൈക്കിന്റെയും പഴയ കുറച്ച് ക്ലച്ച് വയറുമായി മുത്തു കാട്ടിലേക്കിറങ്ങി.

 

 

പലപ്പോഴായി മാങ്ങ പെറുക്കുന്നതിനിടയില്‍ പറങ്കിക്കാട്ടിലെ കുറെ പൊത്തുകള്‍ മുത്തു ശ്രദ്ധിച്ചിരുന്നു. പല വലുപ്പത്തിലുള്ള പൊത്തുകള്‍. അവയില്‍ അതിഭീമാകാരമായവയും ഉണ്ടായിരുന്നു. ഒരാള്‍ക്ക് സുഖമായി നുഴഞ്ഞു കയറാന്‍ പോന്ന വലുപ്പമുള്ള. അത്തരത്തിലുള്ള ഏറ്റവും വലിയ പൊത്ത് തന്നെ മുത്തു തേടിപ്പിടിച്ചു. ഒരു വലിയ ഗുഹാമുഖം പോലെയുള്ള കവാടത്തില്‍ പോടിമണ്ണിളകി കിടക്കുന്നത് ഒരു സ്ഥിര സഞ്ചാര പാതയുടെ സൂചനയായി മുത്തു കണ്ടു. ഗുഹാമുഖത്ത് നിന്നും ഉള്ളിലെ ഇരുട്ടിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ ഗുഹ രണ്ടായി വഴി പിരിയുന്നു. അതൊരു ശുഭ സൂചകമായി കണ്ട് കൊണ്ടുവന്ന വയറുകളില്‍ ഒന്ന് മുത്തു കയ്യിലെടുത്തു. ഒരു നിത്യാഭ്യാസിയുടെ കൈതഴക്കത്തോടെ മുത്തു വയറില്‍ ഒരു കുരുക്കിട്ടു. ഗുഹാമുഖത്തോളം വലുപ്പമുള്ള ഒരു കുരുക്ക്. അതിന്റെ മറുവശം ഒരു പറങ്കിമാവിലും കൊളുത്തിയിട്ടു. വലിയ ചില പൊത്തുകള്‍ കൂടെ കണ്ടെത്തി മുത്തു സമാനമായ രീതിയില്‍ കുരുക്കിട്ടു.

അന്ന് മുത്തു അന്തിയുറങ്ങാന്‍ കൂരയിലെത്തിയില്ല. പറങ്കിവട്ടത്തിനകത്ത് ശയിക്കാന്‍ മുത്തു പുല്ലുമെത്ത ഒരുക്കി.

രാത്രിയുടെ ഏതോ യാമത്തില്‍ പറങ്കിക്കാട്ടിലെ ഇരുട്ടിലെവിടെയോ നിന്ന് അത്യുച്ചത്തില്‍ ഉയര്‍ന്നു വന്ന അലര്‍ച്ച കേട്ട് മുത്തു ഉറക്കമുണര്‍ന്നു. ദീര്‍ഘമായ സുഷുപ്തിയില്‍ നിന്നും വിട്ടുണര്‍ന്നതിനാല്‍ ദിക്കറിയാതെ തെറിച്ചു വീണ പ്രതിധ്വനിയായി ആ അലര്‍ച്ച അവസാനിച്ചു. 

തലക്ക് മുകളില്‍ ചന്ദ്രന്‍ പടിഞ്ഞാറെ ചെരുവില്‍ എത്തി നില്‍ക്കുന്നു. നക്ഷത്രങ്ങള്‍ പലതും അഗാധ നിദ്രയിലാണ്. സ്വപ്നലോകത്ത് വിഹരിക്കുന്ന ചില താരകങ്ങള്‍ മാത്രം മിന്നി തെളിഞ്ഞു.

അകലെ കാട്ടിനുള്ളില്‍ നിന്നും വീണ്ടും അലര്‍ച്ച മുഴങ്ങി. കൂടുതല്‍ ഉച്ചത്തില്‍ എന്നാല്‍ ഏറെ ദയനീയമായി തോന്നുന്ന ഒരലര്‍ച്ച. കൂടുതല്‍ ശ്രദ്ധിച്ചപ്പോള്‍ കേവലമൊരു അലര്‍ച്ച എന്നതിനേക്കാള്‍ ജീവന്‍ പിടഞ്ഞു തീരുന്ന വേദനയായിരുന്നു അതില്‍ നിഴലിച്ചിരുന്നത്. അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്തോറും ചെവിക്കുള്ളിലേക്കും വീണ്ടൂം കേള്‍ക്കുമ്പോള്‍ തലച്ചോറിന്റെ മടക്കുകളിലേക്കും അവ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു.

മുത്തു സാമാന്യത്തിലും വീതിയേറിയ അറവുകത്തിയും കനം കൂടിയ ഒരു ഇരുമ്പ് വടിയുമായി ശബ്ദം കേട്ട ഭാഗത്തേക്ക് കാടിറങ്ങി. കാടിന്റെ ഉള്ളറയിലേക്ക് ചെല്ലുന്തോറും ശബ്ദം അടുത്തടുത്തായി വന്നു. ഒടുവില്‍ അതിന്റെ പൂര്‍ണ സ്ഥായിയില്‍ ചെവിക്കുള്ളിലേക്ക് തുളച്ചു കയറുന്ന രൂപത്തിലെത്തിയപ്പോള്‍ അല്പമകലെ കുരുക്കുകളില്‍ ഒന്നിട്ട സ്ഥലത്ത് പൊടിപടലങ്ങള്‍ ഉയരുന്നത് മുത്തു കണ്ടു.

സൂക്ഷിച്ച് നോക്കിയപ്പോള്‍ തേറ്റകള്‍ക്കിടയില്‍ കുരുക്ക് മുറുകി പിടയുന്ന ഒരു കാട്ടുപന്നി. അതിന്റെ വാ അടപ്പിച്ചു കൊണ്ട് കുരുക്ക് മുറുകിയിരിക്കുന്നു. ശക്തമായ പിന്‍ കാലുകള്‍ കൊണ്ട് വലിച്ചും തള്ളിയും കുരുക്കിളക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഓരോ തവണയും കുരുക്ക് കൂടുതല്‍ കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു. കുരുക്ക് മുറുകുന്നതിനനുസരിച്ച് അതിന്റെ അലര്‍ച്ചയുടെ തീവ്രതയും കുറഞ്ഞ് വന്നു.
     
മുത്തു കുറച്ച് നേരം ആ കാഴ്ച നോക്കി നിന്നു. ഓരോ പിടച്ചില്‍ കഴിയുന്തോറും അതിന്റെ കാലുകളുടെ ശക്തി കുറഞ്ഞു വന്നു. ഒടുവില്‍ ഒരു ചെറു മുരള്‍ച്ചയോടെ അത് നിലത്ത് പിടഞ്ഞ് വീണു. 

ക്ഷീണിച്ച് അവശനായി കിടക്കുന്ന ഭീമാകാരനായ ആ കാട്ടുപന്നിക്കടുത്തേക്ക്  മുത്തു നടന്നടുത്തു. അമാന്തമൊന്നുമില്ലാതെ മുത്തു തന്റെ വലിയ വാളെടുത്ത് അതിന്റെ കഴുത്തിന് തന്നെ ആഞ്ഞ് വെട്ടി. ദയനീയമായ ഒരു നിലവിളിയോടെ ഒറ്റവെട്ടിന് തന്നെ ശരീരത്തില്‍ നിന്നും തല ഛേദിക്കപ്പെട്ട് മണ്ണിലമര്‍ന്നു. തലയറ്റുപോയ ശരീരം അവസാനമായി ഒന്ന് പിടഞ്ഞ് നിശ്ചലാവസ്ഥയിലായി. ചെറിയ സമയം കൊണ്ട് തന്നെ അടര്‍ന്നു വീണ തലക്കും ശരീരത്തിനും ഇടയില്‍ രക്തം ഒരു ചെറുതടാകമായി പരന്നു. 

രാത്രിയുടെ നിശബ്ദതയെ ഭേദിച്ച് താഴ്‌വാരത്തേക്ക് പടര്‍ന്ന നിലവിളി ശബ്ദം അടുത്ത പകല്‍ പതിവിലും കൂടുതല്‍ ആളുകളെ പറങ്കിവട്ടത്തെത്തിച്ചു. മസാലയും ഇറച്ചിയും വേവുന്നതിന്റെ ഗന്ധം ചാരായാഗന്ധത്തോടൊപ്പം പറങ്കിമലയാകെ വ്യാപിച്ചു.

പറങ്കിവട്ടത്തെ പകല്‍ നേരങ്ങളിലെ ജനസാന്ദ്രത വര്‍ധിച്ചപ്പോള്‍ മുത്തു കുറെ കൂടെ മുന്‍കരുതലുകള്‍ എടുത്തു. പറങ്കിക്കാട്ടിലെ ഇരുട്ടിലും മണ്ണിലമര്‍ന്ന ചപ്പുചവറുകള്‍ക്കിടയിലും മുത്തു പല തരത്തിലുള്ള കെണികളൊരുക്കി. പറങ്കിവട്ടവും അതിലേക്കുള്ള വഴിയും വിട്ട് ആരും പറങ്കിക്കാട്ടിലേക്ക് ഇറങ്ങുന്നില്ലെന്നും, ആ വഴിയിലൂടെയല്ലാതെ ആരും പറങ്കിമല കയറുന്നില്ലെന്നും മുത്തു ഉറപ്പുവരുത്തി. പോലീസുകാരും, എക്‌സൈസുകാരും, ഫോറസ്‌റുകാരും പറങ്കിമല ചവിട്ടിയില്ല. അങ്ങനെ മുത്തു എല്ലാ അര്‍ത്ഥത്തിലും പറങ്കിമലയുടെ സര്‍വാധിപതിയായി.

പറങ്കിക്കാട്ടില്‍ മുത്തു ഒളിച്ചു വെച്ച കുരുക്കുകള്‍ ഓരോന്നായി മിക്ക രാത്രികളിലും മുറുകി. രാത്രികളില്‍ ഇര കാത്ത് പറങ്കിവട്ടത്ത് ശയിച്ച മുത്തു കൂരയിലേക്ക് പോകാതെയായി.

ഒരാഴ്ചക്ക് മേലെയുള്ള പറങ്കിവട്ടത്തെ വാസവും അത്രയും തന്നെ കാലത്തെ ഏകാന്തതയുടെ പിടിമുറുക്കവും വേണ്ടിവന്നു ഒരു കുടുംബനാഥനെന്ന സ്മരണയുടെ വലരികള്‍ മുത്തുവിലേക്ക് പടര്‍ന്ന് കയറാന്‍. ഒരാഴ്ചക്ക് മേലെയായി ലക്ഷ്മിയെ കുന്നിന്മുകളിലെ കൂരയില്‍ തനിച്ചാക്കിയതിന്റെ കുറ്റബോധം താനൊരു മനുഷ്യനല്ലാതായിരിക്കുന്നോ എന്ന സംശയം മുത്തുവില്‍ ജനിപ്പിച്ചു.

അന്ന് മുത്തു പറങ്കിവട്ടത്ത് തങ്ങിയില്ല. ആളൊഴിഞ്ഞ ശേഷം, പുകയുന്ന അടുപ്പില്‍ വെള്ളമൊഴിച്ച് മുത്തു പറങ്കിവട്ടത്തിന് പുറത്തിറങ്ങി. പറങ്കി മാവുകള്‍ക്കിടയിലെ ഇരുട്ടിലൂടെ കൂരയിലേക്കു നടക്കുമ്പോള്‍ ആ വഴി മുത്തുവിന് അന്യമായി തോന്നി. സ്ഥിരമായി ആളനക്കമുള്ള സഞ്ചാരപാതയല്ലാത്തത് കൊണ്ട് ഒരു വഴി എന്ന് പറയാന്‍ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും പറങ്കിമാവുകളുടെ ഇലപ്പൊത്തുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങിയ ചെറുനിലാവെട്ടം മുത്തുവിന് മുന്നില്‍ വഴി തെളിച്ചു നീങ്ങി.

ഹ്രസ്വമായതെങ്കിലും അതിദീര്‍ഘങ്ങളായ വിടവുകളുണ്ടാക്കാന്‍ പോന്ന ഒരു ഇടവേളക്ക് ശേഷം മുത്തു വീണ്ടും പറങ്കിമലയുടെ നെറുകയിലുള്ള കൂരയിലെത്തി. പറങ്കിമലയിലെ ഏറ്റവും നിഗൂഢ കേന്ദ്രമായതിനാല്‍ തന്നെ കൂരയില്‍ ഒരു വെളിച്ചത്തിന് പോന്ന തിരികളൊന്നും മുത്തു സൂക്ഷിച്ചിരുന്നില്ല. പാതി മറഞ്ഞ ചന്ദ്രനില്‍ നിന്നും പൊഴിഞ്ഞു വീണ വെളിച്ചത്തിന്റെ കണികകള്‍ കൂരക്ക് ചുറ്റും പരന്നിരുന്നു. ചന്ദ്രന്റെ പൊട്ട് പശ്ചാത്തലമാക്കിയുള്ള കൂരയുടെ സൗന്ദര്യം മുത്തുവിനെ വല്ലാതെ ഭ്രമിച്ചു.

കുന്ന് കയറി മുത്തു കൂരയിലേക്ക് നടന്നു. അപരിചിതമായി തോന്നിയ സഞ്ചാര പഥങ്ങള്‍ മുത്തുവില്‍ ഒരു പരവേശം ജനിപ്പിച്ചിരുന്നു. ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന വൃക്ഷത്തലപ്പുകള്‍ തനിക്ക് നേരെ പിടിച്ച് നിന്ന വാളുകളായി മുത്തുവിന് അനുഭവപ്പെട്ടു.

 

 

കൂരക്ക് മുന്‍വശത്ത് അല്പമകലെയായി നിലകൊള്ളുന്ന വലിയ പാറയില്‍ നിലാവിന്റെ പാതിവെളിച്ചത്തില്‍ അവ്യക്തമായ ചില നിഴല്‍ രൂപങ്ങള്‍ മുത്തു കണ്ടു. അല്പം അടുത്തേക്ക് നടന്ന് സൂക്ഷിച്ച് നോക്കിയപ്പോള്‍ അവ കേവലം രൂപങ്ങളല്ലെന്നും പാറക്ക് മുകളില്‍ ശയിക്കുന്ന രണ്ട് മനുഷ്യരാണെന്നും മുത്തുവിന് ബോധ്യമായി. അതിനിഗൂഢമായി നിലനിര്‍ത്തുകയും അപരിചിതര്‍ കൂരയിലെത്താതിരിക്കാന്‍ പലവിധ പ്രതിസന്ധികള്‍ ഒരുക്കിയിട്ടും അത് തരണം ചെയ്ത രണ്ടു പേര്‍ മുത്തുവില്‍ അല്പം ആകാംക്ഷയും ഭയാശങ്കയും ജനിപ്പിച്ചു.

മുത്തു അല്പം കൂടെ അടുത്തേക്ക് നടന്നു. പാറയും അതിനു മുകളിലുള്ളവരും മുത്തുവിന് കൂടുതല്‍ സ്പഷ്ടമായി തുടങ്ങി. അപരിചിതരായ രണ്ട് മനുഷ്യര്‍ എന്നതിനേക്കാള്‍ കൈ കോര്‍ത്തിണക്കി നഗ്‌നരായി ശയിക്കുന്ന രണ്ട് പേരെ മുത്തു കണ്ടു. ആകാശത്ത് നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി നഗ്‌നരായി ശയിക്കുന്ന രണ്ട് പേര്‍. അതിലെ സ്ത്രീ ശരീരം തനിക്ക് ഏറ്റവും പരിചിതമായ ഉടല്‍ തന്നെ എന്നറിഞ്ഞ നിമിഷം മുത്തുവിന്റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു. അല്പ നിമിഷത്തേക്ക് ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം നിലച്ചിട്ടെന്ന പോലെ പാതി ബോധം മുത്തുവിനെ വിട്ടകന്നു. ശരീരവും രക്തവും തണുത്ത് മരവിച്ചു.

സ്ഥലകാല ബോധം തിരിച്ചു വന്നപ്പോള്‍ മുത്തുവിലെ രക്തയോട്ടം അതിതീവ്രമാം വിധം വര്‍ധിച്ചിരുന്നു. കൈകള്‍ക്കും കാലുകള്‍ക്കും പതിവില്ലാത്ത തരം ഒരു കരുത്ത് മുത്തുവിന് അനുഭവിച്ചറിയാന്‍ കഴിഞ്ഞു. മുഖങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ അയാള്‍ വീണ്ടും അടുത്തേക്ക് നടന്നു. രണ്ടാമത്തേത് മുത്തു കയ്യാളായി കൂട്ടിയ ചെക്കനായിരുന്നു.

ഏതൊക്കെയോ ബിന്ദുവിന് ചുറ്റും ആപേക്ഷികമായി കറങ്ങിക്കൊണ്ടിരുന്ന മനുഷ്യത്വത്തിന്റെ അവസാന കണികയും മുത്തുവില്‍ നിന്നും വിട്ടകന്നു. മുത്തുവിന്റെ ആത്മാവ് ഒരു മൃഗത്തിലേക്കോ ഒരു അസുരനിലേക്കോ പരകായപ്രവേശം നടത്തി.

കയ്യിലുണ്ടായിരുന്ന വയറിന്റെ രണ്ടറ്റത്തായി അതിസൂക്ഷ്മമായി മുത്തു ഓരോ കുരുക്കിട്ടു. പതിയെ നടന്ന് പാറക്ക് പിറകിലെത്തി. തനിക്ക് മാത്രം അവകാശപ്പെട്ടതെന്ന് വിശ്വസിച്ചിരുന്ന ശരീരം മറ്റൊരാള്‍ കൈവശപ്പെടുത്തിയ കാഴ്ച മുത്തു ഒരിക്കല്‍ കൂടെ കണ്ടു. കുരുക്കിന്റെ രണ്ടറ്റങ്ങളും ഓരോ കയ്യിലും എടുത്ത് ശ്രദ്ധയോടെ മുത്തു അവരുടെ കഴുത്തിലേക്കിട്ടു. സ്വകാര്യ നിമിഷത്തിലെ അപരിചിത സാന്നിധ്യം ഒരു ഞെട്ടലോടെയാണ് അവര്‍ ഉള്‍ക്കൊണ്ടത്. ഞെട്ടി പിടഞ്ഞെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനു മുന്നേ തന്നെ കുരുക്ക് മുറുകിയിരുന്നു.

അതിചടുലമായിരുന്നു മുത്തുവിന്റെ നീക്കങ്ങള്‍. പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുത്തുവിന്റെ കൈകള്‍ ചലിച്ചു. പാറയില്‍ കൈ കുത്തി എഴുന്നേല്‍ക്കാന്‍ അവര്‍ ശ്രമിച്ചു. അവരുടെ കഴുത്ത് പാറ വിട്ടുയരുന്നതിന് മുന്നേ തന്നെ മുത്തു അതിശക്തമായി കുരുക്ക് വലിച്ചു. രണ്ട് തലകളും ഒരേ സമയം പാറയിലിടിച്ച് നിന്നു. ശരീരം പിടഞ്ഞു. പിടഞ്ഞ് പിടഞ്ഞ് അവസാന ചലനവും നിലക്കുന്നത് വരെ മുത്തു ശക്തമായി തന്നെ കുരുക്ക് വലിച്ച് പിടിച്ചു. വലിച്ച് പിടിച്ച കുരുക്കിനുള്ളില്‍ രണ്ട് ജീവനുകള്‍ ഇല്ലാതാവുന്നത് മുത്തു ഒരു ആത്മനിര്‍വൃതിയോടെ കണ്ടു. അതിനകം തന്നെ മലമൂത്ര വിസര്‍ജ്ജനാദികളാല്‍ ആ പാറപ്പുറം മലിനമാക്കപ്പെട്ടിരുന്നു. അതിനു മുകളിലെ പിടച്ചിലില്‍ ആ രണ്ട് ശരീരങ്ങളിലും അവ പരന്നിരുന്നു. കഴുത്തിന് ചുറ്റും വരിഞ്ഞു മുറുകിയ കുരുക്കയഞ്ഞപ്പോള്‍, കഴുത്ത് വാര്‍ന്ന മുറിവിലൂടെ ചോരയൊഴുകി. പാറപ്പുറത്ത് പരന്ന വിസര്‍ജ്ജ്യാവശിഷ്ടങ്ങളില്‍ ചാലുകള്‍ തീര്‍ത്ത് അത് മണ്ണിലേക്കിറങ്ങി.

പറങ്കിക്കാട്ടില്‍  നിന്നും ഒരു അലര്‍ച്ച ഉയര്‍ന്നു. 

കാട്ടില്‍ ഒളിച്ചു വച്ച ഏതോ കുരുക്കില്‍ ഒരു പന്നി കുരുങ്ങിയിരിക്കുന്നു. അല്പസമയത്തിനകം തന്നെ മുത്തു ഒരു ഭീമാകാരമായ പന്നിയെ ചുമലിലേറ്റി കൂരക്ക് മുന്നിലെത്തി. മുത്തു അതിനെ പതിമൂന്നു കഷണങ്ങളായി കൊതിനുറുക്കി പറങ്കിക്കാട്ടില്‍ പതിമൂന്നിടങ്ങളിലായി കുഴിച്ചിട്ടു. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു. 'പതിമൂന്ന് കെട്ട ശകുനം, കെട്ട വേലക്ക് കെട്ട ശകുനമാണ് നല്ലത്'

അടുത്ത ദിവസം പറങ്കിവട്ടത്ത് എത്തിയവര്‍ക്കെല്ലാം മുത്തു ചാരായവും ഇറച്ചിയും സൗജന്യമായി നല്‍കി. സൗജന്യം മോന്തുന്നതിനിടയില്‍ ആരോ വിളിച്ച് ചോദിച്ചു.

'ഇന്നെന്താടാ ഇറച്ചിക്ക് ഒട്ടും കട്ടിയില്ലല്ലോ? വളുവളാന്നിരിക്കുന്നു'

'അതൊരു പെണ്‍പന്നിയായിരുന്നു. ഒട്ടും മൂപ്പുണ്ടായിരുന്നില്ല. അതോണ്ടാ'

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!