ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സജിത്ത് കുമാര്‍ എന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
തീ പാറും വെയിലിനെ തണുപ്പിച്ച്, കഴിഞ്ഞ രാത്രിയില്‍ തിമര്‍ത്തു പെയ്ത മഴയില്‍ നനഞ്ഞ മണ്ണിന്റെ നറു മണത്തില്‍, അവിചാരിതമായി പ്രണയിതാവിനെ കണ്ടുമുട്ടിയപ്പോഴുള്ള സന്തോഷ സൗഗന്ധമാണോ എന്ന് ചിന്തിച്ച് റമ്പിലൂടെ നടക്കുമ്പോഴാണ് ഫോണ്‍ മുഴങ്ങിയത്.
ചിന്തയെ പാതിയില്‍ മുറിക്കാന്‍ ആഗ്രഹിച്ചില്ലെങ്കിലും സ്‌ക്രീനില്‍ തെളിഞ്ഞു വന്ന പേര് ആഗ്രഹത്തെ ഭേദിച്ചു.
'ഹലോ ആവണി, ഇതെന്താ രാവിലെ?'
' ഞാനൊരു കാര്യം ചോദിക്കട്ടെ?'
'ഓ, ചോദിച്ചോളൂ'
'നീ എന്റെ കൂടെ ഒരു യാത്രയ്ക്ക് വരുമോ?'
'എവിടേക്ക് യാത്ര പോകുന്ന കാര്യമാ നീ പറയുന്നത് ?'
'അഭിയേട്ടന്‍ എന്നോട് പറഞ്ഞു. നിനക്കിഷ്ടമുള്ളവരുടെ കൂടെ ഒരു യാത്ര പോയ് വാ. ടെന്‍ഷന്‍ പിടിച്ച ജീവിത യാത്രയില്‍ നിനക്ക് ഒരു ബ്രേക്ക് വേണം, അല്ലേല്‍ നീ ഭ്രാന്തിയായ് പോകുമെന്ന്. ശരിക്കും എനിക്കും അങ്ങിനെ തോന്നി തുടങ്ങിയിരുന്നു?'
ശങ്കയിലാണ്ട് നില്‍ക്കുമ്പോള്‍ വീണ്ടും ചോദിച്ചു.
'തയ്യാറെണെങ്കില്‍ ഒരു മെസേജ് ചെയ്യണേ. എല്ലാം അറേഞ്ച്‌മെന്റും ഞാന്‍ ചെയ്‌തോളാം.'
ഫോണ്‍ വെച്ചപ്പോള്‍, അവളുടെ വാക്കുകളില്‍ പൂത്തു വിടര്‍ന്ന മോഹങ്ങളും പുതുമഴയുടെ ഗന്ധവും ശ്വാസം മുട്ടിച്ചപ്പോള്‍ തിരിച്ചു നടന്നു, വര്‍ത്തമാന കാലത്തിലും നിറം മങ്ങാത്ത കാലപ്പഴക്കമേറിയ ഓര്‍മ്മകളെയും കൂട്ടുപിടിച്ച്.
ഒരു അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സ്റ്റാഫ് റൂമിലെ സൗഹൃദ മരചില്ലയില്‍ മൊട്ടിട്ടത് പ്രണയ പൂക്കളാണെന്ന് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന നാട്യവുമായി ആവണിയോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.
നീലകാശത്ത് ചൊരാതുകള്‍ കത്തിച്ചു വെച്ച്, പൗര്‍ണ്ണമി ചന്ദ്രിക പ്രണയ കഥകള്‍ പറയുന്ന ഏകാന്ത രാവുകളില്‍ അവളറിയാതെ അവളോടൊപ്പം നീല മേഘവാനില്‍ ചുറ്റി പറന്നതും പൂക്കള്‍ നിറഞ്ഞ അരളി മരച്ചോട്ടിലിരുന്നതും നിലാമഴയില്‍ കടല്‍ത്തീരങ്ങളിലൂടെ ഹൃദയം കോര്‍ത്തു നടന്നതും വീണ്ടും മനസ്സിന്റെ അഭ്രപാളികളില്‍ തെളിഞ്ഞു.
രാവിലത്തെ കണ്ടുമുട്ടലുകള്‍ക്കു ശേഷവും ഫോണ്‍ കോളിലൂടെയും മെസേജുകളിലൂടെയും അവളുടെ സാമീപ്യം തേടുന്ന മനസ്സില്‍ പ്രണയമാണെന്ന് അറിഞ്ഞിട്ടും അത് ഇണയെ കൊതിക്കുന്ന ഭ്രാന്ത യൗവ്വനത്തിന്റെ ചാപല്യമാണെന്ന് മനസ്സിനെ പറഞ്ഞു പറ്റിക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു.
കാലം കരുതി വെച്ച വിഭജന പ്രതിഭാസമായി ജോലിയും പഠനവും ഞങ്ങള്‍ക്കിടയില്‍ കടന്നു വന്നു. സര്‍ക്കാര്‍ ഉദ്യോഗം ലഭിച്ചു ഞാനും ഉന്നത വിദ്യാഭ്യാസം ചെയ്യനായി അവളും സ്‌കൂളിനോട് വിട പറഞ്ഞകന്നു. അവളുടെ വേര്‍പാട് ഒത്തിരി ദു:ഖത്തിലാഴ്ത്തിയെങ്കിലും, പ്രണയം തുറന്നു പറഞ്ഞ് അവളെ വിഷമിപ്പിക്കില്ല എന്ന ഉറച്ച തീരുമാനത്തില്‍ മുറുകെ പിടിച്ച് സമാന്തര പാതകളിലൂടെ ഞങ്ങള്‍ യാത്ര ചെയ്തു.
സര്‍ക്കാര്‍ ജോലി നേടിയതോടെ ഞാനും വിവാഹ കമ്പോളത്തിലെ മത്സരത്തിനു അര്‍ഹത നേടി. കല്യാണ ആലോചനകള്‍ ബന്ധുക്കള്‍ ഏറ്റെടുക്കുകയും ശ്രീരേഖ എന്റെ ജീവതത്തിലെ നല്ല പാതിയാവുകയും ചെയ്തു. വൈകാതെ തന്നെ, ഞങ്ങള്‍ക്കിടയില്‍ നറുനിലാവായ് പെയ്തിറങ്ങിയ ആദവ് മോന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടയില്‍ ആയിരുന്നു ഒരു ഫോണ്‍ വന്നത്
'ഹലോ, ഞാന്‍ ആവണിയാണേ'
മനസ്സില്‍ പതഞ്ഞു പൊങ്ങിയ സന്തോഷം മൂടിവെച്ച് ചോദിച്ചു.
'ആവണി എന്തൊക്കെയുണ്ട് വിശേഷങ്ങള്‍'
'സുഖം. അടുത്ത മാസം 15 ന് എന്റെ കല്യാണം ആണ്. എന്തായാലും വരണം'
'വരന്‍?'
'അഭിലാഷ്, ഗവണ്‍മെന്റ് സര്‍വ്വീസില്‍ ആണ്, ഞാനൊരു ഉപദേശം ചോദിക്കട്ടെ?'
'ചോദിച്ചോളൂ'
'എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു, ഞാനത് അഭിലാഷിനോട് പറയട്ടെ'
അതു കേട്ടപ്പോള്‍ അറിയാതെ ചോദിച്ചു പോയി.
'ആളാരായിരുന്നു?'
'എന്റെ കൂട്ടുകാരിയുടെ ബ്രദറായിരുന്നു'
'പിന്നെന്താ ഉപേക്ഷിച്ചത്?'
'പ്രണയം അറിഞ്ഞിട്ടും അറിയാതെ നടിച്ചാല്‍ എന്താ ചെയ്യുക'
മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി. സംസാരത്തെ വേഗം തിരിച്ചു വിട്ടു.
'തുറന്നു പറയാനാവാത്ത പല അപ്രിയ സത്യങ്ങള്‍ ജീവിതത്തിലുണ്ടാവാം. കേള്‍ക്കുമ്പോള്‍ മറ്റേയാള്‍ അതിനെ എങ്ങനെ ഉള്‍ക്കൊള്ളും എന്ന് പറയാന്‍ പറ്റില്ല. സാവധാനത്തില്‍ എല്ലാം മനസ്സിലാക്കിയതിനു ശേഷം പറഞ്ഞാല്‍ മതി'
കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അവള്‍ ഫോണ്‍ വെച്ചു.
പക്ഷേ കല്യാണത്തിന് ഞാന്‍ പങ്കെടുത്തില്ല. പ്രണയം പറയാതെ അവളില്‍ നിന്ന് ഞാന്‍ അകന്നു നിന്നെങ്കിലും മറ്റൊരാള്‍ അവളെ സ്വന്താമാക്കുന്നത് കാണാനാവില്ല എന്നതായിരുന്നു സത്യം.
കാര്‍മേഘത്തിനിടയിലൂടെ ചാടി വന്ന വെയില്‍ നാളം കണ്ണിലടിച്ചപ്പോഴാണ് തിരികെ വീടിന്റെ മുമ്പിലുള്ള തൊടിയില്‍ എത്തി എന്ന് മനസ്സിലായത്.
ഉമ്മറകോലായിലെ തൂണില്‍ ചാരിയിരുന്നു. മനസ്സ് വീണ്ടും ആവണിയിലേക്ക് ചാഞ്ഞു.
കഴിഞ്ഞ വര്‍ഷമായിരുന്നു ആവണിയുടെ വാട്‌സ് ആപ്പ് മെസേജ് വന്നു തുടങ്ങിയത്. സുപ്രഭാതവും ശുഭ രാത്രിയും ഫോര്‍വേര്‍ഡ് മെസേജുകളും പതുക്കെ കൊച്ചു ചാറ്റുകളിലേക്ക് വഴിമാറി.
മനസ്സില്‍ ഒളിച്ചു വച്ച നിശ്ശബ്ദ പ്രണയം ഏതോ ഒരു നിമിഷത്തില്‍ അവള്‍ വെളിപ്പെടുത്തിയപ്പോള്‍ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ ആയില്ല.
'നമ്മളില്‍ ആരെങ്കിലും ഒരാള്‍ മനസ്സ് ഒന്നു തുറന്നുവെങ്കില്‍'- പറയാതെ അറിയാതെ നഷ്ടമായ ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ചുള്ള നിരാശ ചാറ്റുകളില്‍ പങ്കു വെച്ചു.
മുഖപുസ്തകത്താളുകളില്‍ ഞാന്‍ എഴുതിക്കൂട്ടിയ കവിതകളില്‍ അവളോടുള്ള പ്രണയം കടന്നു കൂടി .
ഉറക്കം വരാത്ത രാത്രികളില്‍ അവള്‍ ഹൃദയതന്ത്രികളില്‍ താളമിട്ട് കവിതകള്‍ ചൊല്ലി കേള്‍പ്പിച്ചു. കൂട്ടുകാര്‍ എന്നിലെ നഷ്ട പ്രണയത്തിന്റെ വേരുകള്‍ അന്വേഷിച്ചു നടന്നു. മനസ്സ്, പറയാതെ അറിയാതെ പോയ വര്‍ണ്ണശബളമായ പ്രണയത്തിന്റെ വസന്ത കാലത്തേക്ക് വീണ്ടും ചേക്കേറാന്‍ കൊതിക്കുകയാണെന്ന് മനസ്സിലായ നിമിഷം ഞങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് നടന്നു. പരസ്പരം നിയന്ത്രിച്ചു.
ഓര്‍മ്മത്തുമ്പുകൊണ്ട് വീണ്ടും മനസ്സില്‍ ചിന്തുമ്പോഴാണ് പിന്നില്‍ നിന്ന് ശബ്ദം കേട്ടത്.
'ഇതെന്താ, ഇവിടെ ഇരിക്കുന്നത്?'
ശ്രീരേഖ ഈറന്‍ മുടി തുമ്പിലെ വെള്ളം കുടഞ്ഞു കൊണ്ട് അടുത്തു വന്നിരുന്നു.
'മുഖത്ത് എന്താ ഒരു മ്ലാനത.'
'ഏയ്, ഒന്നുമില്ല.'
'അല്ല ചേട്ടനെ എനിക്കറിഞ്ഞൂടെ, എന്തോ പ്രശ്‌നം. ഉണ്ട്.'
'ഒന്നുമില്ലടാ. നമുക്ക് ഒരു യാത്ര പോയാലോ? ഓഫീസിലെ തിരക്ക് പിടിച്ച ജോലിയില്‍ നിന്ന് മനസ്സ് ഒന്ന് ഫ്രീയാക്കണം'
'മം ഞാന്‍ ചേട്ടനോട് അങ്ങോട്ട് പറയാന്‍ നോക്കുകയായിരുന്നു. ഇപ്പോ കുറേയായി കവിതയൊന്നും കാണാറില്ലാലോ. ഒറ്റയ്ക്ക് ഒരു യാത്ര പോയ്, നിറയെ അനുഭവങ്ങളുമായി തിരിച്ചു വാ'
അവളെ നല്ലോണം ഒന്നു നോക്കി.
' ശരിക്കും പറഞ്ഞതാ . എനിക്കും വീട്ടില്‍ പോയി നില്‍ക്കാം അമ്മയെ ഡോക്ടറെ കാണിക്കാനും ഉണ്ട്'
അവള്‍ പറയുന്നത് സത്യമാണെന്ന് മനസ്സിലായതോടെ എന്റെ വാട്ട്‌സ് ആപ്പിലൂടെ ആവണിക്ക് ഒരു സ്‌മൈലി പറന്നു പോയി.
രണ്ട്
രാജശ്രീ ടൂര്‍ കോര്‍ഡിനേറ്റര്‍ നന്ദുവില്‍ നിന്നും ഐഡന്റിറ്റി കാര്‍ഡും വാങ്ങി ഇന്റിഡിഗോ ബോയിംഗ് വിമാനത്തിലെ സീറ്റ് നമ്പര്‍ 38 -ല്‍ പോയിരുന്നു. സീറ്റ് നമ്പര്‍ 37 -ല്‍ നേരത്തെ ആളുണ്ടായിരുന്നു. അപരിചതത്വത്തിന്റെ കപട മുഖം മൂടിയണിഞ്ഞു.
സീറ്റ് ബെല്‍റ്റ് മാറ്റി നേരെ ഇരുന്നു. പഞ്ഞികെട്ടുകളിലൂടെ ഒഴുകി കൊണ്ടിരിക്കുന്ന വിമാനത്തോടൊപ്പം മനസ്സും ഒഴുകി. അടുത്തിരിക്കുന്ന ആവണിയെ നോക്കി. ഇളം റോസ് ചുരിദാറില്‍ അവള്‍ ഏറെ സുന്ദരിയായിരുന്നു. ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരിയുമായി കണ്ണുകള്‍ അടച്ചിരിക്കുന്നു.
' ആവണി ഇതെന്താ ആലോചിക്കുന്നത്?'
' സ്വപ്നം കണ്ടിരുന്ന ഈ യാത്ര യാഥാര്‍ഥ്യമായെന്ന് ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല.'
സുവര്‍ണ്ണ പൂക്കള്‍ വിടര്‍ന്ന ആകാശച്ചെരുവിലൂടെ ചിറകുകള്‍ വിരിച്ച് പറക്കുന്ന അവളോട് ചോദിച്ചു.
'അഭിലാഷിന് എന്തു പറ്റി ഇങ്ങിനെ ഒരു യാത്രയ്ക്ക് പ്രേരിപ്പിക്കാന്‍?'
'ഒരു ഭാഗത്ത് വീട്ടുപണി. മറുഭാഗത്ത് ഓഫീസിലെ തിരക്ക്, കുട്ടികളുടെ സ്‌കൂള്‍, പഠനം അവരുടെ അസുഖങ്ങള്‍. ശരിക്കും ഇതിനിടയില്‍ ഞാന്‍ മരവിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് അഭിയേട്ടന്‍ ചോദിച്ചത്. നിനക്കെന്താ പറ്റിയത് ആവണി? ആകെ കോലം കെട്ടു പോയല്ലോ? നിനക്കിവിടെ സുഖമല്ലേ?'
തൊണ്ട നനച്ചു കൊണ്ട് അവള്‍ തുടര്‍ന്നു.
' അഭിയേട്ടന്റെ വാക്കുകള്‍ ഞാനറിയാതെ എന്നെ വല്ലാതെ സങ്കടപ്പെടുത്തി അറിയാതെ മിഴികള്‍ നിറഞ്ഞു പോയി'
'എനിക്കും ഉണ്ടായിരുന്നു മധുരിതമായ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും പക്ഷേ അവയൊക്കെ ഞാന്‍ മറന്നു പോയിരുന്നു. ഞാനെന്ന വ്യക്തി എപ്പഴോ മരിച്ചു പോയിരുന്നു'
അവളുടെ ഭാവമാറ്റം സാകൂതം നോക്കി.
'ശരിക്കും എന്റെ ഇഷ്ടമെന്ത് ആഗ്രഹമെന്ത് എന്ന് എന്നോട് ആരും ചോദിച്ചിരുന്നില്ല എന്നതിനപ്പുറം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുകയായിരുന്നു. നമ്മള്‍ക്കു വേണ്ടിയും നമ്മള്‍ കുറച്ച് ജീവിക്കേണ്ടേ?'
അവളുടെ ചോദ്യം കേട്ട് ഞാന്‍ ചിരിച്ചു.
'എന്തു പറഞ്ഞാലും ആളെ മയക്കുന്ന ചിരിയാ ഉത്തരം. എന്നാലും എനിക്കീ ചിരി ഇഷ്ടമാണ്'
അവളും ചിരിച്ചു. ഒരുമിച്ചുള്ള ആകാശ യാത്രയുടെ സുഖം അനുഭവിച്ചറിഞ്ഞു ഒരേ ഹൃദയതാളത്തോടെ ഞങ്ങള്‍ കണ്ണുകള്‍ അടച്ചു .
മൂന്ന്
വെള്ളിവെളിച്ചം വീശുന്ന ഹൈദ്രബാദിലെ പ്രണയ മേഘങ്ങളെ നോക്കി ഹോട്ടലിന്റെ മുന്‍വശത്തുള്ള ഉദ്യാനത്തിലിരിക്കുമ്പോള്‍ ആവണി വന്നു പറഞ്ഞു.
'ആദ്യം ചാര്‍മിനാര്‍ കാണാനാണ് പോകുന്നത് എന്ന് ടൂര്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ബസ്സില്‍ നീ എന്റെ അരികില്‍ ഇരിക്കണേ'
'പിന്നല്ലാതെയോ'-ഞാനവളെ നോക്കി ചിരിച്ചു.
നാല് മിനാരങ്ങളുള്ള മാര്‍ബിളിലും ഗ്രാനൈറ്റിലും നിര്‍മ്മിച്ച മനോഹരമായ ചാര്‍മിനാറിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചു നടക്കുമ്പോള്‍ ആവണി പറഞ്ഞു
'ചാര്‍മിനാറില്‍ നിന്ന് ഗോല്‍കൊണ്ട കോട്ടവരെ ഒരു രഹസ്യ തുരങ്കമുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. ആരും കാണാതെ അതിലൂടെ ഒന്നു നടക്കാനാഗ്രഹമുണ്ട്.'
'ഞാനും കൂടെ വരട്ടെ.'
മറുപടി കേട്ട് അവള്‍ ചിരിച്ചു,
'തുരങ്ക പാതയില്‍ നിറയെ നീര്‍മാതളം പൂത്തുവിടരട്ടെ. അപ്പോള്‍ നമുക്ക് ഒരുമിച്ച് വിയര്‍ത്തൊട്ടിയ ശരീരങ്ങള്‍ അടുപ്പിച്ച് അവയെ നനക്കാന്‍ പോകാം'-അതും പറഞ്ഞ് അവള്‍ മുന്നോട്ട് നടന്നു. അവള്‍ പറഞ്ഞ വാക്കുകളിലെ അര്‍ത്ഥമാലോചിച്ച് പിറകെ ഞാനും .
നിശബ്ദതയെ പുണര്‍ന്ന് തൊട്ടടുത്തുള്ള മെക്കാ മസ്ജിദിനു മുമ്പിലെത്തിയ ഞങ്ങളെ ഉണര്‍ത്തിയത് ധാന്യമണികള്‍ കൊക്കിലൊതൊക്കി കൂട്ടത്തോടെ പറന്നുപോകുന്ന പ്രാവുകളുടെ ചിറകടി ശബ്ദമായിരുന്നു.
പ്രാക്കൂട്ടത്തോടൊപ്പം പറക്കാതെ ഏകാകിയായി ധാന്യമണികള്‍ കൊത്തി പറക്കുന്ന ഒരു പ്രാവിനെ ചൂണ്ടി അവള്‍ പറഞ്ഞു
'പാവത്തിന്റെ ഇണ മൃതിയടഞ്ഞു കാണും ഇണകളിലൊരാള്‍ മൃതിയടഞ്ഞാല്‍ മറ്റേയാള്‍ മരണം വരെ ഏകാകിയായി ജീവിക്കും.'
വീശിയടിച്ച തണുത്ത കാറ്റില്‍ ഇളകിയാടുന്ന ചുരിദാറിന്റെ നീല ഷാള്‍ ഒതുക്കി പിടിച്ചു നില്‍ക്കുന്ന ആ വണിയേയും പ്രണയാര്‍ദ്ര തേങ്ങലുകള്‍ പുറപ്പെടുവിക്കുന്ന പ്രാവിനെയും നോക്കി. 'നീയില്ലെങ്കില്‍ എനിക്ക് ജീവിക്കാന്‍ വയ്യ എന്ന പ്രണയത്തിന്റെ കാതല്‍ അവള്‍ എന്നെ ഓര്‍മ്മിപ്പിക്കുകയാണോ'
'എനിക്ക് കുറച്ച് കുപ്പിവളകള്‍ വാങ്ങണം. നമുക്ക് ലാഡ് ബസാറിലേക്ക് പോയാലോ?'
അല്പസ്വപ്നങ്ങളുടെ നിറം ചാലിച്ച കുപ്പിവളകളുടെ വര്‍ണക്കൊട്ടാരത്തിലൂടെ ഞങ്ങള്‍ നടന്നു.
കൈത്തണ്ടയില്‍ കയറാന്‍ മടിച്ചു നില്‍ക്കുന്ന കുപ്പിവളകള്‍ എനിക്ക് നേരെ നീട്ടി കൊണ്ട് അവള്‍ ചോദിച്ചു
'ഈ വളകള്‍ ഒന്ന് കൈയ്യില്‍ ഇട്ട് തരുമോ?'
കൂമ്പിയ കൈവിരലുകളിലൂടെ, നനുത്ത രോമങ്ങളില്‍ ചിത്രം വരച്ചു ചുവന്ന കുപ്പിവളകള്‍ പിണക്കമില്ലാതെ അവളുടെ കൈത്തണ്ടയില്‍ ഊര്‍ന്നിറങ്ങി.
എന്നും എനിക്ക് പ്രിയപ്പെട്ട അവളുടെ കൈകളില്‍ ചുവന്ന വര്‍ണ്ണം വളയങ്ങള്‍ തീര്‍ത്തപ്പോള്‍ സന്തോഷം തോന്നി. കുപ്പിവള കിലുക്കവുമായി എന്നില്‍ നിന്ന് കൈകള്‍ പിന്‍വലിക്കാതെ വളകളുടെ വര്‍ണ്ണ സാമ്രാജ്യത്തിലൂടെ ഞങ്ങള്‍ നടന്നു.
തെളിമയാര്‍ന്ന ഹൈദ്രബാദിന്റെ നീലാകാശത്ത്, അവളുടെ വിയര്‍പ്പു കണങ്ങള്‍ മഴമേഘങ്ങളായി ആര്‍ത്തലച്ചു പെയ്യുന്ന മഴയ്ക്കായി കൊതിച്ചു.
ഉച്ച ഭക്ഷണത്തിനു ശേഷം, ഗോല്‍കൊണ്ടയില്‍ എത്തി. അന്ത:പുരത്തിന്റെ ജനാലകളിലൂടെ അകത്തേക്ക് എന്റെ നോട്ടം പാളി വീണു
എന്റെ കണ്ണുകളിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു ആവണി. ലജ്ജാ ഭാരത്താല്‍ എന്റ തല താഴ്ന്നു .
പിറ്റേ ദിവസം രാമോജി സ്റ്റുഡിയോവില്‍ ആടിയും പാടിയും ഞങ്ങള്‍ ചുറ്റികറങ്ങി .
നാല്‍പ്പതുകളില്‍ എത്തിയാല്‍ തുറന്നു നോക്കാന്‍ പാടില്ല എന്നു കരുതി മാറ്റി വെച്ച പ്രണയ പാഠങ്ങള്‍ ഞങ്ങള്‍ വീണ്ടും എടുത്തു പഠിച്ചു.
ആവണി സന്തോഷത്തിനിടെ മെല്ലെ എന്നോട് മന്ത്രിച്ചു. 'ഈ ദിവസങ്ങള്‍ ഒരിക്കലും ഞാന്‍ മറക്കില്ല.
അത്രയേറെ ആഗ്രഹിച്ചിരുന്നു നമ്മള്‍ ഒരുമിച്ചുള്ള ഈ യാത്ര'-നിയന്ത്രണം വിട്ട് പറന്നുയരാന്‍ വെമ്പിയ സ്വപ്നങ്ങള്‍ക്ക് പരിധികളില്ലാത്ത ആകാശം കാണിച്ചു തന്നു അവളുടെ വാക്കുകള്‍
അന്നു വൈകുന്നേരത്തെ യാത്ര കഴിഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് പോകുമ്പോള്‍ ആവണി അരികില്‍ വന്നു.
'രാത്രി നമുക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാം. ഞാന്‍ റൂമിലോട്ട് വരാം'
സന്തോഷത്തോടെ നടന്നകലുന്ന അവളെ നോക്കി കുറച്ച് നേരം അവിടെ തന്നെ നിന്നു..
റൂമില്‍ എത്തി കുളിച്ച്, അവള്‍ക്ക് പ്രിയപ്പെട്ട ഹൈദ്രബാദ് ബിരിയാണി റിസപ്ഷനില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്തു.
അവളെ കാത്തിരുന്ന ഓരോ നിമിഷവും ഓരോ യുഗമായി തോന്നി. പ്രായത്തിന്റെ പക്വത മറന്ന് മനസ്സ് ലോലവികാരങ്ങളില്‍ ചാഞ്ചാടി.
വാതിലില്‍ മൃദുവായ മുട്ടു കേട്ടതും ഞാനോടി വാതില്‍ തുറന്നു.
ആവണിയെ ഒന്നു നോക്കി.
മുടിഴിയകള്‍ മുന്നിലേക്കിട്ട് മുടി മാടിയൊതുക്കി അവള്‍ എന്നെ നോക്കി.
എന്താ ഇങ്ങിനെ നോക്കുന്നത് ? എന്നില്‍ നിന്നും ഉത്തരമൊന്നുമുണ്ടാകാതെ വന്നപ്പോള്‍, അവള്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.
അതിനും ഉത്തരമൊന്നുമില്ലാതെ വന്നപ്പോള്‍ അവള്‍ എന്റെ അരികിലേക്ക് നീങ്ങി നിന്നു.
വിയര്‍പ്പലിഞ്ഞ പെര്‍ഫ്യൂം ഗന്ധത്തോടൊപ്പം അവളുടെ ശ്വാസവും മുറിയില്‍ നിറഞ്ഞു. ഞാന്‍ പതുക്കെ ചുവന്ന കുപ്പിവളകളിട്ട ഇടതു കൈ പിടച്ചു അവളുടെ കൈപ്പത്തിക്കുമേല്‍ വലതു കൈപ്പത്തി വെച്ചു. ഒരു വിദ്യുത് തരംഗം എന്നിലൂടെ കടന്നു പോയി. അവള്‍ കണ്ണടച്ചു നിന്നു. ഒരു നിമിഷാര്‍ദ്ധത്തില്‍ അവളെന്റെ കരവലയത്തിലായി. എന്തോ അവകാശം പോലെ ഞാനവളെ ഇറുകെ ഇറുകെ പുണര്‍ന്നു. ഒരു മണിപ്രാവിനെപോലെ അവളെന്റെ ഹൃദയത്തോട് ഒട്ടി നിന്നു. എന്റെ മുഖം താഴേക്ക് വന്നു അവളുടെ സീമന്ത രേഖയില്‍ മുട്ടി നിന്നു. നെറുകയില്‍ ഞാനൊന്നു അമര്‍ത്തി ചുംബിച്ചതും ഒരു തേങ്ങലോടെ അവളെന്റെ കരവലയത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി സോഫാ സെറ്റിലിരുന്നു.
വിറയലോടെ ഞാനും അവള്‍ക്കരികില്‍ ഇരുന്നു.
ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ കിട്ടാതെ കുഴങ്ങി.
ആവണി പതുക്കെ എന്നോട് പറഞ്ഞു.
'എന്നോട് ക്ഷമിക്കൂ. എന്തോ എനിക്കാവില്ല! പക്ഷേ നിന്നെ നിഷേധിക്കുവാനും എനിക്കാവില്ല! വേണമെങ്കില്‍.'
ഞാന്‍ അവളുടെ കൈ വീണ്ടും കവര്‍ന്ന് ദൂരേക്ക് നോട്ടമെറിഞ്ഞ് കൊണ്ട് പറഞ്ഞു
'ഒരിക്കലും ഇല്ല ആവണി. കെട്ടുപോകാതെ ഞാന്‍ കാത്തു സൂക്ഷിച്ച പ്രണയത്തിന്റെ സ്ഫുലിംഗങ്ങള്‍ എന്നില്‍ ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ നിന്റെ സാമിപ്യം അത് ഒന്ന് ആളി കത്തിച്ചപ്പോള്‍ , എല്ലാം മറന്നു പോയി. കാരണം നിന്നെ അത്രയധികം സ്‌നേഹിച്ചിരുന്നു'
ആവണി കണ്ണുനീര്‍ തുടച്ച് എന്റെ നെഞ്ചില്‍ പറ്റി ചേര്‍ന്നു പറഞ്ഞു.
'ഈ കാലമത്രയും നിന്നില്‍ അലിയുന്ന നിമിഷത്തെ കുറിച്ച് സ്വപ്നം കണ്ടിരുന്നു. പക്ഷേ ഈ ജന്മത്തില്‍ എനിക്ക് അതിനാവില്ല എന്ന് മനസ്സിലായി.' അവള്‍ അത് പറഞ്ഞപ്പോള്‍ അവളുടെ സീമന്തരേഖയില്‍ നിന്നും എന്റെ ചുണ്ടില്‍ പറ്റിയ സിന്ദൂരം കവിളില്‍ ഊര്‍ന്നിറങ്ങി പൊള്ളിച്ചു.
'ഞാനെപ്പോഴും അകലെ അല്ലാത്ത കടല്‍ത്തീരത്തൂടെ നിന്റെ തോളില്‍ തലചായ്ച്ച് നടന്ന്, മണല്‍ത്തരികളില്‍ പാദമൂന്നി നിന്റെ ചുണ്ടുകളുടെ മാധുര്യം നുണയണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു. പക്ഷേ പേടി ആയിരുന്നു ആരെങ്കിലും കണ്ടെങ്കില്‍. പക്ഷേ, ഇവിടെ ഇപ്പോള്‍ ആരും കാണാനില്ലെങ്കിലും, മനസ്സാക്ഷിയെ വഞ്ചിക്കാന്‍ എനിക്ക് ആവില്ല. കൂടാതെ എന്നെ സന്തോഷത്തോടെ യാത്രയാക്കിയ എന്റെ അഭിയേട്ടനെ അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസത്തെയും'-അവള്‍ എന്റെ കൈപിടിച്ച് കുറേ ദൂരം കരഞ്ഞു.
അവള്‍ മുറിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു കുറ്റബോധത്തിന്റെ കൂര്‍ത്ത സൂചി മുനകള്‍ ഉള്ളാളങ്ങളില്‍ തുളച്ച് കയറുന്നുണ്ടായിരുന്നു
പിറ്റേ ദിവസം രാവിലെ, എയര്‍പോര്‍ട്ടിലേക്കുള്ള മടക്ക യാത്രയില്‍ വളരെ സന്തോഷവതിയായി ആവണി എന്റെ അരികില്‍ ബസ്സില്‍ ഇരുന്നു. യാത്ര പോലും പറയാതെ കഴിഞ്ഞ ദിവസം മുറിയില്‍ നിന്ന് പോകുമ്പോളുണ്ടായിരുന്ന ഭാവങ്ങള്‍ അവളെ വിട്ടകന്നിട്ടുണ്ടായിരുന്നു.
സന്തോഷത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. മൂളലുകള്‍ കൊണ്ട് ഉത്തരം നല്കി, ഞാന്‍ പുറം കാഴ്ചകളില്‍ മിഴിയൂന്നിയിരുന്നു.
ബസ്സ് ഹുസൈന്‍ സാഗറിന്റെ അരികിലൂടെ കടന്നുപോകുമ്പോള്‍ ഹൃദയാകൃതിയുള്ള തടാകത്തിന്റെ മദ്ധ്യഭാഗത്തുള്ള ശ്രീബുദ്ധന്റെ അരികില്‍ ഒറ്റ കുതിപ്പിനു എത്തി ഒന്നു പൊട്ടിക്കരയാന്‍ മനസ്സ് കൊതിച്ചു. ബുദ്ധാ, നേരമില്ലല്ലോ. നഷ്ടങ്ങളുടെ കൂട്ടത്തില്‍ ഈ ആഗ്രഹവും എഴുതി വെക്കാം എന്നു ആശ്വസിച്ചു.
എയര്‍പോര്‍ട്ടിലും വിമാനത്തിലും ആവണിയെ സന്തോഷവതിയായി കണ്ടു. വിമാനത്തില്‍ കയറി എന്റെ തോളില്‍ തല ചായ്ച്ച് അവള്‍ വേഗം ഉറങ്ങി. ഞാനവളുടെ മുഖത്ത് നോക്കി. ഇന്നലെ നടന്ന സംഭവം സ്വപ്നം കാണുമായിരുക്കുമോ? ഓര്‍ത്തെടുക്കാന്‍ ഇഷ്ടപ്പെടുന്നത് കാണുന്നത് ദുഃസ്വപ്നങ്ങളല്ലേ ?
എയര്‍പോര്‍ട്ടിനു പുറത്തിറങ്ങിയപ്പോള്‍, ആവണി ചോദിച്ചു. 'എങ്ങിനെയാ പോകുന്നത് ?'
'ടൗണില്‍ നിന്ന് ബസ്സില്‍ പോകണം.'
'ശരി വീട്ടില്‍ എത്തിയിട്ട് വിളിക്കാം. അഭിയേട്ടന്‍ കാറുമായി വന്നിട്ടുണ്ട്.'
ആ പേരും കേട്ടതും എന്തോ ഒരു വെപ്രാളം മനസ്സില്‍. ഞാന്‍ വേഗം മുന്നോട്ട് നടന്നു.
ബാഗും തൂക്കി ആലോചനയില്‍ മുഴുകി നടക്കുമ്പോള്‍ ആയിരുന്നു പിന്നില്‍ നിന്ന് കാറിന്റെ നിര്‍ത്താതെയുള്ള ഹോണടി.
ഞാന്‍ വേഗം ഫുട്പാത്തില്‍ കയറി നിന്നു. കാറിലേക്ക് നോക്കി. ആവണി ആയിരുന്നു കാറില്‍.
' വാ കാറില്‍ കയറൂ.'
തിരക്കിനിടയില്‍ ഞാന്‍ വേഗം കാറില്‍ കയറി ഇരുന്നു.
' നോക്ക് ഇതാണ് അഭിയേട്ടന്‍'
ഞാന്‍ ഒരു വിളറിയ ചിരി വരുത്തി.
'അഭിയേട്ടന് ആളെ മനസ്സിലായില്ലേ?'
'ഓ പിന്നല്ലാതെ. യാത്രയില്‍, ഇദ്ദേഹവും ഉണ്ടായിരുന്നു അല്ലേ?'
'ഉം'-ഞാനൊന്നു മൂളി .
'യാത്ര എങ്ങിനെ ഉണ്ടായിരുന്നു?'
' നല്ല വണ്ണം ആസ്വദിച്ചു'-ഞാന്‍ വീണ്ടും വിക്കി.
'നീ ഇങ്ങനെ, പേടിക്കുകയൊന്നും വേണ്ട. അഭിയേട്ടന് എല്ലാം അറിയാം. ഞാന്‍ ആദ്യ രാത്രിയില്‍ തന്നെ നിന്നോടുള്ള എന്റെ നിശബ്ദ പ്രണയം അഭിയേട്ടനോട് പറഞ്ഞിരുന്നു'
ഞാന്‍ അവളെ ഒരു താക്കീതോടെ നോക്കി.
അവള്‍ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു
'അതിനു ശേഷം ഞങ്ങളുടെ സൗന്ദര്യ പിണക്കങ്ങളിലും വഴക്കുകളിലും നീ ഒരു വില്ലനായും നായകനായും വരാറുണ്ട്. ഇനിയും വരും അല്ലേ അഭിയേട്ടാ?'-അവര്‍ രണ്ടു പേരും ഉറക്കെ പൊട്ടി ചിരിച്ചു
അവരുടെ ചിരിയില്‍ പങ്കു ചേരാനാവാതെ അവരുടെ സ്‌നേഹവും തുറന്നു പറച്ചിലുകളും കണ്ട് അത്ഭുതപ്പെട്ടിരുന്നു.
ആവണി യാത്രയിലെ രസകരമായ നിമിഷങ്ങള്‍ അഭിയുമായി പങ്കു വെക്കാന്‍ തുടങ്ങിയപ്പോള്‍. കാറിലെ കുളിര്‍മ കണ്‍പോളകളുടെ കനം കൂട്ടി.
ആവണിയുടെ വീട്ടില്‍ നിന്നും ചായയും പലഹാരവും കഴിച്ച് അഭിലാഷിനോടും മക്കളോടും യാത്ര പറഞ്ഞു ഞാനിറങ്ങി.
ആവണി എന്നെ യാത്രയാക്കാന്‍ കൂടെ ഇറങ്ങി.
' എനിക്കറിയാം നീ കരുതുന്നുണ്ടാവും ഞാന്‍ നല്ലൊരു നടിയാണെന്ന്, അല്ലേ?'
ഇവളെന്താണ് പറയാന്‍ തുടങ്ങുന്നത് എന്ന ആകാംക്ഷയില്‍ നോക്കി.
'ഇന്നലെ രാത്രിയില്‍, അരുതാത്തത് സംഭവിച്ചിരുന്നെങ്കില്‍, ആവണി ആ നിമിഷം മരിച്ചു പോയേനേ. പിന്നെ അഭിയേട്ടനെയോ കുഞ്ഞങ്ങളെയോ അഭിമുഖീകരിക്കാന്‍ ആവില്ല. അവരില്‍ നിന്ന് ഒളിച്ചോടിയേനെ .
ഞാന്‍ പ്രണയിച്ചത് നിന്റെ ഉടലിനെ ആയിരുന്നില്ല നിന്റെ ഹൃദയത്തെയാണ്. ഞാന്‍ മരിക്കും വരെ അതിനെ പ്രണയിച്ചു കൊണ്ടിരിക്കും'
അവളെ ഒരു തരത്തിലും മനസ്റ്റിലാവാതെ ഞാന്‍ വീണ്ടു യാത്ര പറഞ്ഞിറങ്ങി.
വീട്ടിലേക്ക് കയറുമ്പോള്‍ തൊടിയില്‍ മിഴി തുറന്നു നില്ക്കുന്ന നീര്‍മാതള പൂക്കള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...