ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൈബ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഇത് മൂന്നാമത്തെ കുഞ്ഞാണ്. ഇപ്രാവശ്യം പെറ്റതും ആണ്‍കുഞ്ഞായിപ്പോയി. അവന്റെ ചോരമണം തേച്ച ശരീരം ഇടതു കാലിലൂടെ ഇഴഞ്ഞു വന്നപ്പോള്‍ കുഞ്ഞിത്തല പിടിച്ചു വലിച്ചെടുത്തത് ആര്‍ത്തവം മുറിഞ്ഞ ഒരു സ്ത്രീയും. കുഞ്ഞിവായ വാ തോരാതെ കരഞ്ഞു. വേദനയില്‍ വിങ്ങിപ്പൊട്ടിയ ശരീരത്തില്‍ നനഞ്ഞൊട്ടി നിന്ന ഒരു ഇളം നീല നൈറ്റി മറച്ചു വച്ച മാറിടത്തിലേക്ക് ഞാനവനെ കിടത്തി. കുഞ്ഞു നാവ് നുണഞ്ഞും ഉമിനീര് ചുരത്തിയും അവന്റെ വായ കൂടുതല്‍ വികസിച്ചു. സിപ്പ് തുറന്ന് ഒരു മുലയെടുത്ത് കുഞ്ഞിന്റെ വായയിലേക്ക് വച്ചു കൊടുത്തു. കുഞ്ഞിക്കാല് എന്റെ ഉദരത്തില്‍ കുത്തി നിര്‍ത്തി അവന്‍ മുല കുടി തുടങ്ങി.
'നിന്റെ കെട്ടിയോനെ വിവരമറിയിക്കണ്ടെ? ആണ്‍കുട്ടിയെയല്ലെ പെറ്റിരിക്ക്ണ്. നീ അവനോട് പറഞ്ഞ് അടുത്ത കാര്യം നോക്കിപ്പോ പെണ്ണെ.'
അപ്പോഴേക്കും എനിക്ക് രക്തസ്രാവം കൂടി. ഉപയോഗിച്ചു തീര്‍ത്ത, രക്തത്തില്‍ കുതിര്‍ന്ന പഴഞ്ചന്‍ തുണികള്‍ ഒരു മൂലയ്ക്ക്. കുഞ്ഞിനെ ആ സ്ത്രീ വാങ്ങി ഒരു പഴന്തുണിയില്‍ പൊതിഞ്ഞ് അലസമായി നിലത്തു കിടത്തി.
തുടയിടുക്കിലൂടെ അരിച്ചിറങ്ങിയ ചോര നീര് കണ്ട് എനിക്ക് അരിശം തോന്നി. തുടയിടുക്കുകള്‍ തമ്മില്‍ നനഞ്ഞൊട്ടി നിന്നു. രൂക്ഷമായ ചോര മണം മുറിക്കകം നിറഞ്ഞു നിന്നു. താഴെ വിരിച്ച പുല്‍പ്പായയില്‍ ചോരക്കറയുടെ പരന്ന അടയാളം. ധരിച്ചിരുന്ന ഇളം നീല നൈറ്റി അഴിച്ചു മാറ്റി. എന്റെ മെല്ലിച്ച ശരീരം വെള്ള ട്യൂബ് ലൈറ്റില്‍ വിളറി വെളുത്തിരുന്നു. നാലു ചുമരിനുള്ളില്‍ വസ്ത്രമുരിഞ്ഞ് സ്വതന്ത്രയാകാനെ എനിക്ക് കഴിഞ്ഞുള്ളൂ. ആ വയസ്സന്‍ സ്ത്രീ അവരുടെ നരച്ചു തൂങ്ങിയ മുടിനാരുകളെ ശിരോവസ്ത്രം കൊണ്ട് പൂര്‍ണമായും മറച്ചിട്ടു. ഞാനൊരിക്കലും കാണാത്ത അവരുടെ മുഖാവയവങ്ങളെ കറുത്ത വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞ് സംരക്ഷിച്ച് വരുകയാണ്. ധരിച്ചിരുന്ന കറുത്ത പര്‍ദ്ദ ഒന്നുകൂടെ ശരിയാക്കി.
ഇപ്പോള്‍ എനിക്കവരുടെ പീള മൂടിയ കണ്ണുകളെ കാണാം. ഞാനാ കണ്ണിലേക്ക് നോക്കി നിന്നു. ആ സ്ത്രീ എന്റെ നോട്ടത്തെ പീള പടര്‍ന്ന കണ്ണുകൊണ്ട് മായ്ച്ചു നീക്കി. മറ്റുള്ളവരുടെ കാഴ്ചയ്ക്ക് ഓരോ ജീവിതങ്ങള്‍ പീള പടര്‍ന്നും പൂഴി നിറഞ്ഞും യാഥാര്‍ഥ്യ ലോകത്തു നിലനില്‍ക്കും.
അവര്‍ക്ക് ഇപ്പോഴെങ്കിലും എന്നെ സഹായിച്ചു കൂടെ. അയാളുടെ ഉമിനീരൊട്ടിയ നോട്ടുകള്‍
എണ്ണിപ്പെറുക്കുന്ന ഇവര്‍ക്ക് എന്നെ സഹായിക്കാന്‍ കഴിയില്ല. എന്റെ രണ്ടു പേറും എടുത്ത ഇവര്‍ക്ക് എന്റെ ഭര്‍ത്താവ് ഒരുപാട് പണം അവരുടെ കൈത്തണ്ടയില്‍ വച്ചു മടക്കി. അതിനു ശേഷം എന്റെ രണ്ടു കുട്ടികളുടെ തൂക്കിവിലയുടെ പത്തിലൊന്നും അവര്‍ക്കു കിട്ടി.
ഇപ്പോള്‍ മൂന്നാമതും ഒരു വസ്തു വക കിട്ടാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണവര്‍. ഞാനൊരു പഴയ സാരി ചുറ്റിയുടുത്തു. അതിന്റെ മുന്താണി ഭാഗം അരക്കെട്ടില്‍ കുത്തി. കുഞ്ഞ് കരഞ്ഞു തുടങ്ങി. ആ ഒറ്റമുറി വീട്ടില്‍ കുഞ്ഞിന്റെ കരച്ചിലിനും കുടക്കാലു പൊട്ടിയ വേദനയുണ്ടായിരുന്നു. ആ സ്ത്രീ എന്റെ കുഞ്ഞിനെയെടുത്തു. ഒരു നിമിഷം ഞാന്‍ പകച്ചു നിന്നു. പുറത്തെ വാതില്‍ക്കല്‍ വിണ്ടുകീറിയ ഒരു വിടവ് കാണാം. കുഞ്ഞിനെ ആ വിടവിലൂടെ വലിച്ചിഴച്ച് ചന്തക്കാരുടെ വക്കാണം കേള്‍ക്കാന്‍ ആ സ്ത്രീ തയ്യാറായോ എന്നു ഞാന്‍ ഭയന്നു. കുഞ്ഞിനെ അവരുടെ കയ്യില്‍ നിന്നും ഞാന്‍ വലിച്ചെടുത്തു. ആ സ്ത്രീയുടെ കയ്യില്‍, എന്റെ നഖം കീറിയ ഒരു നേര്‍ത്ത വരയിലൂടെ ചോരത്തുള്ളി പുറത്തേയ്ക്കുന്തി നിന്നു.
'ഇതിനെ ഞാന്‍ കൊണ്ടോയില്ലെങ്കിലും നിന്റെ കെട്ടിയോന്‍ കൊണ്ടുപോകും.'
അവര്‍ വേദന കൊണ്ട് കാറി.
അവന്‍ എന്റെ കുഞ്ഞ്. നിശ്ശബ്ദനായി എന്റെ മാറിടത്തില്‍ പുതഞ്ഞു കിടന്നു. ഉറങ്ങുമ്പോള്‍ അവനിടയ്ക്കിടയ്ക്ക് ഉമിനീര് ചുരത്തി. അത് വഴുവഴുപ്പോടെ ഇറങ്ങിത്തിരിച്ച് മുലഞെട്ടില്‍ തേച്ചൊട്ടി നിന്നു. കുഞ്ഞിന്റെ വെളുത്ത ശരീരത്തിനെ പുതച്ചു മൂടിയിരിക്കുന്ന പഴഞ്ചന്‍ തുണി വലിച്ചുമാറ്റിയെടുത്തു. എന്നിട്ടവനെ മുന്താണിയില്‍ പൊതിഞ്ഞ് മാറോട് ചേര്‍ത്തി.
ഞാനെന്റെ കണ്ണുകളെ തുറന്നു പിടിച്ചു. യാഥാര്‍ഥ്യം പുകമൂടിക്കിടക്കുകയാണ്.
നാലു വശം പൊക്കിനിര്‍ത്തിയ ചുമരുകള്‍. ഒരു വശത്തേക്കായി തുറന്നിട്ട ജനാലക്കതകുകള്‍. പുറത്ത് വിശാലമായ മണലാരണ്യം. കാറ്റ് തുപ്പിയ മണല്‍ത്തരികള്‍ വീട്ടുമുറ്റത്ത് ഉറങ്ങിക്കിടക്കുന്നു. കുമ്മായപ്പൊടി അടര്‍ന്നു വീണ വികൃതമായ ചുമരില്‍ തൂക്കിയിട്ട ഒരു പടത്തിലേക്ക് ഞാന്‍ ശ്രദ്ധിച്ചു. ഒരു കല്ല്യാണപ്പടം. ആ പടത്തില്‍ നവവധുവിന് 18 -ന്റെ ആകാരഭംഗി. മുന്‍നിരപ്പല്ലുകള്‍ കാണിച്ച് അവള്‍ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തെ വിടവുള്ളതാക്കി മാറ്റി.
'നിന്നെ കെട്ടിച്ചു വിട്ടിട്ടു വേണം നിന്റെ അപ്പന്റെ കുഴിമാടത്തിന് തൊട്ടപ്പറത്ത് എനിക്കു കൂടി ഒന്നു വെട്ടാന്‍. നിന്റെ താഴെ ഇനിയും മൂന്നെണ്ണം മൂത്തുവരുന്നുണ്ടെന്ന് നീ ഓര്‍ക്കണം.'
അലക്കിയ തുണിയിലെ വെള്ളം പിഴിഞ്ഞെടുത്ത് കയറില്‍ വിരിച്ച് രണ്ട് പച്ച ക്ലിപ്പുകള്‍ അതില്‍ കുത്തിനിര്‍ത്തിക്കൊണ്ട് അമ്മ എന്റെ നേര്‍ക്ക് തിരിഞ്ഞു.
'എനിക്ക് ആരെയും കെട്ടണ്ട...'
'ദേ... പെണ്‍കൊച്ചാണൊന്നും നോക്കത്തില്ല.... നിനക്കൊരു കുഴിവെട്ടാനും ഈ ത്രേസിയ തയ്യാറാണടീ...'
അമ്മയുടെ മുഖത്തിലെ ചോരത്തിളപ്പില്‍ പടര്‍ന്ന ഞരമ്പുകളുടെ വേരോട്ടത്തിന് തടിച്ച ചില പാടുകള്‍ മുഖത്തവശേഷിപ്പിക്കാന്‍ കഴിഞ്ഞു.
'നാളെ നിന്നെക്കാണാന്‍ ചെറുക്കന്റെ വീട്ടുകാര് വരുന്നുണ്ട്. അപ്പറത്തെ കൊച്ചമ്മേടത്തീന്റടുത്ത് നിന്ന് കുറച്ച് പൊന്നും പട്ടുസാരിയും സങ്കടിപ്പിച്ച്ണ്ട്. മര്യാദയ്ക്ക് അണിഞ്ഞൊരുങ്ങി നിന്നോണം. ഇല്ലെങ്കി ഞാന്‍ വെട്ടിയ കുഴിമാടത്തില് ചത്ത് മലച്ച് കിടക്കേണ്ടി വരും.'
വീട്ടിലേക്ക് വരാന്‍ പൊടിമണ്ണ് പറത്തിയ, വിണ്ടുകീറി നില്‍ക്കുന്ന ഒരു ഒറ്റവരിപ്പാതയാണുള്ളത്. അതിന്റെ വശത്തായി ഒരു കൂറ്റന്‍ ആല്‍മരം, വേരുകള്‍ ഭൂമിയിലേക്ക് പടര്‍ത്തി ശിരോഭാഗം പടര്‍ന്ന് പന്തലിച്ച് നിന്നിരുന്നു.
അതിന്റെ തായ് വേരുകള്‍ നീളന്‍ പിടിവള്ളികളായി ഭൂമുഖത്തില്‍ ഉരഞ്ഞു തേഞ്ഞു. എന്റെ പാതിയടഞ്ഞ കണ്ണുകളില്‍ അതിന്റെ തായ് വേരുകള്‍ കുത്തിത്തുളഞ്ഞ് കയറി തടിച്ച ചോപ്പന്‍ വേരുകളായി ഉരുണ്ട ഗോളത്തെ ചുറ്റിപ്പുതഞ്ഞു. കണ്ണ് ചുമന്നു. ആ തായ് വേരുകളില്‍ എത്രയോ പെണ്‍ ശരീരങ്ങള്‍ ത്വരണം ചെയ്തതാണ്. മരത്തില്‍ ഏതെങ്കിലും ഒരു ശിഖരം തിരഞ്ഞെടുത്ത് അതില്‍ കുടുക്കിട്ട് കാറ്റ് തള്ളിവിട്ട തായ് വേരുകള്‍ക്കൊപ്പം ആത്മാവ് ഉപേക്ഷിച്ച അവരുടെ ശരീരവും ത്വരണം ചെയ്ത് തൂങ്ങും.
മിച്ചമുള്ള തായ് വേരുകള്‍ അവരുടെ ശരീരത്തെ അതിക്രമിച്ചിട്ടുണ്ടാകും. കണ്ണുരുളയിലേക്ക് അത് തുളഞ്ഞു കയറി തടിച്ച ചോപ്പന്‍ ഞരമ്പുകളാകുമ്പോള്‍ കണ്ണ് ചുമന്ന് നാവ് പുറം തള്ളി അനാഥമാക്കപ്പെട്ട അവരുടെ ശരീരം ആക്രമിക്കപ്പെടും.
അപ്പനാണ് മരത്തില്‍ കയറി കുടുക്കഴിച്ച് ശവശരീരത്തെ കുത്തനെ വീഴ്ത്തിയിടുന്നത്. എത്രയോ പെണ്‍ ശരീരങ്ങള്‍ ജീവനറ്റ് നിലത്തേക്ക് കുത്തി വീണിട്ടുണ്ട്. കുടുക്കു മുറുകി ചോര ഇരച്ചു കയറി വീര്‍ത്ത പെണ്‍ ശവശരീരങ്ങളുടെ മുഖത്തിനെല്ലാം ചുമന്ന നിറമായിരുന്നു. ആ ശരീരങ്ങളെയെല്ലാം ആത്മാവ് ഉപേക്ഷിക്കുന്നതിനു മുന്‍പ് അവരൊക്കെ ജീവനുള്ള കാമുകിയും ജീവനുള്ള ഭാര്യയും ജീവനുള്ള മകളുമായിരുന്നു.
'പെങ്കൊച്ചിന് നിങ്ങള്‍ എന്നാ തരും? ഞങ്ങടെ ചെറുക്കന് ജോലിയും വിദ്യാഭ്യാസവുമുണ്ട്. ഗള്‍ഫ് പയ്യനെ അങ്ങനെ എളുപ്പത്തിലൊന്നും കിട്ടത്തില്ല. നിങ്ങടെ പെങ്കൊച്ച് ഇക്കാര്യത്തില് ഭാഗ്യം ചെയ്തവളാ...'
'അപ്പനില്ലാത്ത നാല് പെങ്കൊച്ച്ങ്ങളെ പോറ്റി വളര്‍ത്തുന്നതിന്റെ വിഷമം എനിക്കെ അറിയത്തുള്ളു. ഞങ്ങടെ പെങ്കൊച്ചിന് വേണ്ടി അങ്ങേര് കുറച്ച് കാശും പൊന്നും ഉണ്ടാക്കിയിട്ടുണ്ട്.'
'എന്നാ തരാനാ ഉദ്ദേശ്യം?'
തടിച്ച ഉരുളന്‍ വിരലുകള്‍ ഒരു ഇളക്കി മറിയോടെ കട്ടന്‍ചായക്കപ്പിനെ പൊക്കിയെടുത്തു. ശക്തമായ അതിന്റെ ഉയര്‍ച്ചയില്‍ ചുടു കട്ടന്‍ ഒന്നു പൊങ്ങിത്താണ് നിലത്ത് പരന്നൊഴുകി.
'പത്തു പവനും രണ്ടു ലക്ഷം രൂപായും'
എന്നെ വീട്ടുപടിയിറക്കാന്‍ എന്റെ ജീവിതച്ചെലവ് തീര്‍ത്തു പറഞ്ഞു. എനിക്കു മുന്നിലിരുന്ന ആ തടിച്ച സ്ത്രീയും അവരുടെ മകനും പരസ്പരം നോക്കി നിന്നു. അവര്‍ കൂടുതലൊന്നും തര്‍ക്കിക്കാന്‍ നിന്നില്ല. അവരുടെ മകന്‍ എന്നെയും എന്റെ മൂന്ന് അനിയത്തിമാരെയും അടിമുടി നോക്കി ശരിപ്പെടുത്തി. ചന്തയില്‍ നിന്നും മൂത്തതൊരെണ്ണത്തെ വിലപേശി വാങ്ങിക്കുകയാണ് അവരുടെ ലക്ഷ്യം.
അയാളിട്ട ചൂണ്ടക്കൊളുത്തില്‍ എന്റെ ശരീരം കുടുങ്ങി. കൂടുതല്‍ ആഴങ്ങളില്‍ അത് പെട്ടു വലിച്ചു. അങ്ങനെ രണ്ട് സ്ത്രീകളും ഒരു പുരുഷനും വിലപേശല്‍ അവസാനിപ്പിച്ചു. അതിലൊരാള്‍ എന്റെ അമ്മയാണെന്ന സത്യത്തിന് വായയില്‍ നിന്നും നാറുന്ന ഉമിനീര് പുറന്തള്ളാന്‍ തോന്നി.
വിണ്ടു കീറിയ നടപ്പാതയിലൂടെ അമ്മയും മകനും കാലുകളമര്‍ത്തി നടന്നു. നടപ്പാതയില്‍ ഒന്നു കൂടെ നീളന്‍ വിള്ളലുകള്‍ പൊട്ടിപ്പടര്‍ന്നു. ചായക്കപ്പുകളും ബിസ്‌ക്കറ്റ് പാത്രങ്ങളും ദരിദ്രരായി മൂലയിലൊതുങ്ങി.
കാറ്റ് ശക്തമായി വീശിയടിച്ചു. എന്റെ മുടിനാരുകളും പേരാല്‍ വേരുകളും ഒരേ ശക്തിയോടെ ത്വരണം ചെയ്തു.
ഞാന്‍ പേരാല്‍ വേരുകള്‍ക്കിടയില്‍ പെണ്‍ ശവശരീരങ്ങളെ തിരഞ്ഞു. ആരുടെയെങ്കിലും കാമുകിയോ ഭാര്യയോ മകളോ ആത്മാവ് ഉപേക്ഷിക്കപ്പെട്ട ശരീരത്തെ വേരുകള്‍ക്കിടയില്‍ മറച്ച് തൂക്കിയിട്ടിട്ടുണ്ടോ എന്ന് ഉരുളന്‍ കണ്ണുകളെ വിട്ട് ഞാന്‍ പരതി നോക്കി.
ഇല്ല. ഒരു ശവശരീരം പോലുമില്ല.
ഞാനതിന്റെ വേരുകളില്‍ തലകുത്തി ആടുന്നതായി സങ്കല്‍പ്പിച്ചു. പേരാല്‍ വേരുകള്‍ക്കിടയില്‍ ഒരു ശരീരം കൂടി തലകുത്തനെ ത്വരണം ചെയ്യും. അപ്പോള്‍ ഭൂമി എന്റെ തലയ്ക്കു മുകളില്‍ പരന്നു കിടക്കും. ആകാശത്തിനു നേരെ എന്റെ നഗ്‌ന പാദങ്ങള്‍ മുഖം തിരിക്കും. ആത്മാവ് ശരീരത്തെ ഉപേക്ഷിക്കാന്‍ തയ്യാറാകുമ്പോള്‍ ഉടുത്തിരിക്കുന്ന വസ്ത്രമഴിച്ച് കുടുക്കുണ്ടാക്കി അത് കഴുത്തില്‍ച്ചുറ്റി, തിരഞ്ഞെടുത്ത ഒരു ശിഖരത്തില്‍ നിന്നും ഞാന്‍ താഴേക്ക് ചാടും.
ശരീരം താഴേക്ക് നിലം പതിക്കാതിരിക്കാന്‍ കുടുക്ക് അതിനെ പിടിച്ചു നിര്‍ത്തും. ശ്വാസക്കുഴലിനെ വസ്ത്രം ഞെരിച്ച് പൊട്ടിക്കുമ്പോള്‍ ഉരുണ്ട നേത്ര ഗോളങ്ങളും നീണ്ട നാവും പുറം തള്ളി നില്‍ക്കും. നാട്ടുകാര്‍ എന്റെ ശരീരത്തെ കുടുക്കഴിച്ച് താഴേക്കിടും. ഞാന്‍ നിലം പതിച്ച് വീഴും. ജീവനറ്റ എന്റെ ശവശരീരത്തോടൊപ്പം ഞാന്‍ പിടിത്തമിട്ട വേരുകളും അറ്റ് വീഴും.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...