ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രതി രമേഷ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
അന്നൊരു അവധി ദിനമായിരുന്നു. അലാറത്തിന്റെ അലോസരപ്പെടുത്തുന്ന മണിമുഴക്കമില്ലാത്ത, സ്‌നൂസ് ബട്ടണ്‍ വീണ്ടും വീണ്ടും അമര്‍ത്തി വേദനിപ്പിക്കാത്ത, തികച്ചും ശാന്തമായി പ്രഭാതത്തിലെ സുഖദമായ തണുപ്പിന്റെ ആലസ്യത്തില്‍ ഉറക്കം ആസ്വദിക്കാന്‍ ഭാഗ്യമുള്ള ദിവസങ്ങളില്‍ ഒന്ന്.
അറിയാതെ പോലും ആരും വിളിച്ചു ശല്യപ്പെടുത്താന്‍ അവസരം നല്‍കില്ലെന്ന വാശിയോടെ മൊബൈലെന്ന സന്തത സഹചാരിയെ സൈലന്റ് മോഡില്‍ മാറ്റിയാണ് തലേ രാത്രിയില്‍ ഉറങ്ങാന്‍ കിടന്നത്.
അവധി ദിനങ്ങളില്‍ പ്രഭാത ഭക്ഷണം അല്പം വൈകിയാലും ആര്‍ക്കും പ്രശ്‌നമില്ലാത്തതു കൊണ്ട് അതും ആശ്വാസകരം. ഏക മകളൊരുവള്‍ വിവാഹം കഴിഞ്ഞു പോയതിനു ശേഷം ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയും അടക്കം മൂന്ന് മനുഷ്യ പ്രാണികള്‍ അടങ്ങുന്ന നിശ്ശബ്ദ കുടുംബം.
പരസ്പരം ശല്യമാകാതെ അവരവരുടെതായ തിരക്കുകള്‍ സൃഷ്ടിച്ച് ജീവിതം സുഖകരമാക്കുന്നവര്‍.
പെട്ടെന്നാണ് തുടര്‍ച്ചയായി വാതിലില്‍ മുട്ടുന്ന ശബ്ദവും, അതിന് അകമ്പടിയെന്നോണം ഉച്ചത്തിലുള്ള നിലവിളിയും കേട്ടത്.
ഉറക്കം നഷ്ടപ്പെടുത്തിയത് ആരായാലും ശകലം ദേഷ്യം തോന്നിയെങ്കിലും അമ്മയായിരുന്നു അപ്പുറം.
'രേഖേ, നീയൊന്ന് പെട്ടെന്ന് വന്നേ മോളേ'
അമ്മയുടെ വെപ്രാളപ്പെട്ട ശബ്ദം കേട്ട് വാതില്‍ തുറന്ന് പൂമുഖത്ത് എത്തിയപ്പോള്‍ കണ്ടത് മര്‍ദ്ദനമേറ്റ് അവശയായി മുഖമൊക്കെ മുറിഞ്ഞ് ചുണ്ടിലൂടെയും ചെവിയുടെ പിറകിലൂടെയും ചോര ഒലിപ്പിച്ചു നില്‍ക്കുന്ന നയനയെയാണ്.
ഒരു ചുമരിനപ്പുറം ഭര്‍ത്താവും കുഞ്ഞുമായി വാടകയ്ക്ക് താമസിക്കുന്നവള്‍. ഉയര്‍ന്ന വിദ്യാഭ്യാസവും സ്ഥിരവരുമാനമായി സര്‍ക്കാര്‍ ജോലിയുമുണ്ട്. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിവുള്ളവള്‍. എന്നിട്ടോ, ഒരു താലിയുടെയും, അവന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിന്റെയും പേരില്‍ സ്വയം നേര്‍ച്ചക്കോഴിയാകുന്നു.
ചോരയൊലിപ്പിച്ചു നില്‍ക്കുന്ന അവളുടെ അവസ്ഥ അത്ര നിസ്സാരമല്ലെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.
ഇടയ്‌ക്കെപ്പോഴെങ്കിലും അവധി ദിവസങ്ങളില്‍ അവന്‍ കാണാതെ പാത്തും പതുങ്ങിയും ഓടിയെത്തിയിരുന്ന അവസരങ്ങളില്‍ ഏല്‍ക്കേണ്ടി വന്നിട്ടുള്ള ക്രൂരതയുടെ പല കഥകളും അവള്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ആ കാടത്തത്തിന്റെ അതിര് കടന്നിരിക്കുന്നു എന്ന് വ്യക്തം.
പക്ഷെ ഒന്നും ചോദിക്കാനോ പറയാനോ ഉളള അവസരമല്ലെന്ന് തോന്നി, എത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ അവളുടെ അവസ്ഥ ഗുരുതരമായേക്കാം. അമ്മ നല്‍കിയ വെള്ളം ഒറ്റ വലിക്ക് കുടിച്ച് സിറ്റൗട്ടിന്റെ കൈവരിയില്‍ താങ്ങി നില്‍ക്കുകയാണവള്‍.
മൂന്ന് വയസ്സുള്ള ഒരു മകനുണ്ട് അവര്‍ക്ക്, പക്ഷേ ഭര്‍ത്താവിനെയോ കുഞ്ഞിനെയോ വെളിയിലൊന്നും കാണാനില്ല.
'മോളെ, സഞ്ജു പ്രഭാത സവാരിക്ക് ഇറങ്ങിയതാണ്. അവനെ വിളിച്ചെങ്കിലും കിട്ടിയില്ല, നോക്കിയപ്പോള്‍ മൊബൈല്‍ ഇവിടെ ചാര്‍ജ്ജില്‍ കിടക്കുന്നു. ഇനിയിപ്പോള്‍ എന്താ ചെയ്യുക? എന്നെ ഇയാള്‍ കൊല്ലുന്നേ, രക്ഷിക്കണേ രേഖേച്ചീടമ്മേ, എന്നും പറഞ്ഞ് നിലവിളിയായിരുന്നു. അവനില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് ഓടി വന്നതാണെന്ന് തോന്നുന്നു.'
ദയനീയമായ അവളുടെ മുഖം കണ്ടപ്പോള്‍ ചോര പൊടിയുന്ന തൊലിപ്പുറത്തിനപ്പുറം വലിയ പരിക്കുകള്‍ അവളുടെ ഉടലില്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് വ്യക്തം. കഴുത്തില്‍ താലി കുരുക്ക് വീഴുന്നതോടെ പെണ്ണുടലില്‍ അധികാരം ആണൊരുത്തനാണത്രേ!
ഒറ്റയ്ക്ക് താന്‍ എന്തു ചെയ്യും എന്ന് ഒരു നിമിഷം പകച്ചു പോയെങ്കിലും രണ്ടാമതൊന്ന് ആലോചിക്കാന്‍ നില്‍ക്കാതെ അവളെയും താങ്ങി പിടിച്ച് സ്‌കൂട്ടിയില്‍ തന്നോട് ചേര്‍ത്തിരുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് മരണപ്പച്ചിലായിരുന്നു. പോകുന്നതിനിടയില്‍, 'അമ്മേ, എന്റെ കൂട്ടുകാരി ഇവിടെ അടുത്തുള്ള ആശുപത്രിയില്‍ ഹെഡ് നഴ്‌സാണ്, ഞാന്‍ അവളെ വിളിച്ചോളാം' എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പുറപ്പെടാനായി തയ്യാറായി നില്‍ക്കുകയിരുന്നു ജിന്‍സി.
വിളിച്ചറിയിച്ചതനുസരിച്ച് എമര്‍ജന്‍സിയുടെ പ്രവേശന കവാടത്തില്‍ അവള്‍ കാത്തു നില്പുണ്ടായിരുന്നു.
പാതി മയക്കത്തിലെന്നപോലെ തന്റെ പിറകില്‍ തളര്‍ന്നു ചാരിയിരിക്കുന്ന നയനയെയും കൊണ്ട് ആശുപത്രി വരെ എത്തുക എന്നത് റിസ്‌കുള്ള കാര്യമായിരുന്നു. എങ്കിലും അവധി ദിനം ആയതിനാല്‍ തിരക്ക് കുറഞ്ഞ പ്രഭാതവും ആപത് ഘട്ടത്തില്‍ ഏതോ അദൃശ്യ ശക്തിയുടെ പിന്‍ബലം കൂടെയുണ്ടാകും എന്ന വിശ്വാസവും കൂട്ടിനുണ്ടായിരുന്നു.
പരിശോധനയ്ക്കായി കാഷ്വാലിറ്റിയില്‍ എത്തിച്ചതിനു ശേഷം സന്ദര്‍ശകര്‍ക്കായുള്ള ഒഴിഞ്ഞ കസേരകളിലൊന്നില്‍ ഞാനിരുന്നു. താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഭൂമിയിലെ മാലാഖമാര്‍ ധൃതിയില്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കാണാം. ദിവസവും എത്രമാത്രം കരളലിയിക്കുന്ന കാഴ്ചകളായിരിക്കും ശാന്തിയുടെ പര്യായമായ ഈ വെളുത്ത വസ്ത്രത്തിനുള്ളിലെ ഹൃദയങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കുന്നത്!
ജിന്‍സി അവളുടെ കൂടെയുള്ളതിനാല്‍ ചെറുതൊന്നുമല്ല ആശ്വാസം. അവിടെ ഇരുന്നു കൊണ്ട് തന്നെ നയനയുടെ മാതാപിതാക്കളെ വിവരം അറിയിച്ചു.
'എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ വീട്ടുകാരെ വിവരം അറിയിക്കണേ രേഖേച്ചി' എന്നു പറഞ്ഞ് എത്രയോ മുന്‍പ് തന്നെ അവളുടെ അച്ഛനമ്മമാരുടെ മൊബൈല്‍ നമ്പര്‍ തന്നിരിക്കുന്നു. അത്രത്തോളം പീഡനം സഹിച്ചിരിക്കണം, പാവം!
ഇതിനു മുന്‍പും എത്രയോ വട്ടം അവളുടെ അമ്മക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു, മകളെ ജീവനോടെ വേണമെങ്കില്‍ കൂടെ കൊണ്ടുപോയി താമസിപ്പിക്കണമെന്നും പറഞ്ഞ്.
അപ്പോഴൊക്കെയും അവരുടെ മറുപടി 'ബന്ധുക്കളും നാട്ടുകാരും എന്തു പറയും, അവളുടെ താഴെയുമില്ലേ രണ്ടു പെണ്‍പിള്ളേര്‍. കെട്ടിച്ചുവിട്ടവള്‍ വീട്ടില്‍ വന്നു നിന്നാല്‍ അവര്‍ക്ക് നല്ല ആലോചനകള്‍ വല്ലതും വരുമോ?' എന്നൊക്കെയുള്ള കേട്ടുമടുത്ത പരിദേവനങ്ങളായിരുന്നു.
അല്ലെങ്കിലും കൂടപ്പിറപ്പുകള്‍ക്കും കുടുംബത്തിന്റെ സല്‍പ്പേര് നിലനിര്‍ത്താനും വേണ്ടി ബലിയാടുകളായ എത്രയോ പെണ്‍ജീവിതങ്ങള്‍!
ഇപ്പോഴെങ്കിലും ജിന്‍സിയുടെ സഹായത്തോടെ നയനയെ സഹായിക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കണം. അവളുടെ കാര്യത്തില്‍ സഹായം ആവശ്യപ്പെടാന്‍ ഏറ്റവും ഉചിതമായ വ്യക്തി ജിന്‍സി തന്നെയാണ് - അവളുടെ കഥകള്‍ ഒന്നും തന്നെ ജിന്‍സിക്ക് അറിയില്ലെങ്കിലും.
നയനയുടെ കാര്യം ആദ്യമായി കേട്ടപ്പോള്‍ തന്റെ കൂട്ടുകാരിയുടെ പഴയ കാലമായിരുന്നു മനസ്സില്‍. അവര്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും.
രണ്ട്
'നീ മറ്റേ പണി ചെയ്യാനല്ലേടീ, രാത്രി ഡ്യൂട്ടി ചെയ്യാന്‍ പോകുന്നത്' എന്ന ചോദ്യം ചോദിച്ച് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്ന ഭര്‍ത്താവില്‍ നിന്നും തലയൂരി പോന്ന ചങ്കൂറ്റമുള്ള പെണ്ണൊരുത്തിയാണ് ജിന്‍സി.
'നിന്നെ പോലുള്ള ആണൊരുത്തന്റെ കൂടെ ജീവിക്കുന്നതിനേക്കാള്‍ എന്റെ സേവനമാവശ്യമുള്ള അനേകായിരം വേദനിക്കുന്ന മനസ്സുകളുടെ ഇടയില്‍ ജീവിക്കുന്നതാണ് സൗഭാഗ്യം' എന്ന് സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്തവള്‍.
പിന്നീട് ഒരു വിവാഹത്തെ കുറിച്ച് പോലും ചിന്തിക്കാതെ തന്റെ ജീവിതം അശരണര്‍ക്കായി ഉഴിഞ്ഞു വെച്ച മാലാഖയെന്ന പേരിന് ഏറെ അര്‍ഹതപ്പെട്ടവള്‍. നൈറ്റ് ഡ്യൂട്ടി ചെയ്യാന്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് വരുന്ന അവസരത്തിലോ, മറ്റ് അത്യാവശ്യ ഘട്ടത്തിലോ സ്വമേധയാ ഏറ്റെടുത്ത് ചെയ്തിരുന്നവള്‍.
മൂന്ന്
ഓരോന്ന് ചിന്തിച്ചു കൊണ്ട് എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല. ചെക്കപ്പിനു ശേഷം ചെവിയിലും കൈത്തണ്ടയിലും ബാന്‍ഡേജിട്ട് ആശുപത്രി ബില്ലും അടച്ചതിനു ശേഷമായിരുന്നു നയനയെയും കൊണ്ട് ജിന്‍സി തന്റെ അരികില്‍ എത്തിയത്.
'ഇന്നിവിടെ കിടക്കാന്‍ ഡോക്ടര്‍ പറഞ്ഞതാണ്. കുഞ്ഞ് തനിച്ചാണ് എന്ന ഒറ്റ വാശിയില്‍ ഇവള്‍ സമ്മതിച്ചില്ല' ഇത്തിരി പരിഭവത്തോടെ ജിന്‍സി പറഞ്ഞു.
സ്വകാര്യ ഇടങ്ങളിലേറ്റ മുറിവുകള്‍ കാരണം നടക്കാന്‍ പ്രയാസമുണ്ട്. രക്തം വാര്‍ന്നതിന്റെ ക്ഷീണവുമുണ്ട്.
സംഭവിച്ച കാര്യങ്ങള്‍ കുറച്ചൊക്കെ നയനയോട് ചോദിച്ച് മനസ്സിലാക്കിയിരിക്കണം അവള്‍. അതിന്റെതായ പിരിമുറുക്കം ആ മുഖത്ത് കാണാം. താന്‍ പിന്നിട്ട വഴിയിലൂടെ കടന്നു വരുന്നവരോട് അവള്‍ക്കുള്ള കരുണയുടെയും സ്‌നേഹത്തിന്റെയും അളവ് ഒരല്പം കൂടുതലായിരുന്നു.
'വരൂ, നമുക്ക് കാന്റീനില്‍ നിന്നും എന്തെങ്കിലും കഴിക്കാം.' അതും പറഞ്ഞ് കാന്റിന്‍ ഭാഗത്തേക്ക് നടന്ന ജിന്‍സിയുടെ പിറകെ നയനയുടെ കയ്യില്‍ പിടിച്ച് ഞാനും നടന്നു. ചായ കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ജിന്‍സി ചോദിച്ചു തുടങ്ങി.
'സ്ഥിര വരുമാനമുള്ള ഒരു ജോലിയുണ്ടായിട്ടു പോലും നീ എന്തിനാണ് ഇങ്ങനെ തല്ലും കുത്തും കൊള്ളുന്നത്? സ്വതന്ത്രയായി ജീവിച്ചു കൂടെ? നിന്റെ ഭര്‍ത്താവിന് എന്താണ് ജോലി?'
'സിസ്റ്ററെ അത് പിന്നെ.....'
അവള്‍ കൂടുതലൊന്നും പറയാതെ തന്റെ നേരെ നോക്കി. ബാക്കിയുള്ളത് ഞാന്‍ പറഞ്ഞോട്ടെ എന്നായിരിക്കും.
'അവന്‍ എം.ടെക് കഴിഞ്ഞതാണ്, ഒരു പ്രൊഫഷണല്‍ കോളേജില്‍ പ്രഫസറായിരുന്നു എന്നൊക്കെയാണ് ഇവള്‍ പറഞ്ഞത്. പക്ഷെ ഇവള്‍ക്ക് ഗവണ്‍മെന്റ് ജോലിക്കായുള്ള അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ ലഭിച്ചതോടെ അവന്റെ ജോലി ഉപേക്ഷിച്ച് ഇവളുടെ കൂടെ ഇങ്ങ് പോന്നതാണ്. കുഞ്ഞിനെ നോക്കാന്‍ ആള് വേണ്ടേ എന്നും പറഞ്ഞ്. എന്നാല്‍ അത് വെറുതെയായിരുന്നു. ഇവളുടെ ശമ്പളം മൊത്തം കൈക്കലാക്കുന്നത് മാത്രമല്ല, ഇവളുടെ മൊബൈല്‍ പോലും അവന്‍ കയ്യടക്കി വെച്ചിരുന്നു, ഏത് നേരവും ആരോടോ സംസാരിക്കുന്നു എന്ന പരാതിയും പറഞ്ഞ്.'
ഒന്നും മിണ്ടനായില്ല അതു കേട്ടപ്പോള്‍.
'രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കൈപ്പത്തിയിയില്‍ മുഖം ചേര്‍ത്ത് ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നാല്‍
ചോദിക്കുമത്രേ, ഏതു പുതിയ ടെക്‌നോളജി ഉപയോഗിച്ചാടീ നീ നിന്റെ മറ്റവനോട് സംസാരിക്കുന്നതെന്ന്, തുടര്‍ന്ന് വഴക്കും അടിയും തൊഴിയും.
ഇതൊക്കെ ക്രൂരതയുടെ ചെറിയൊരു അംശം മാത്രം. മൂന്ന് വയസ്സുള്ള മകന്റെ മുന്നില്‍ ഇവളെ നഗ്‌നയാക്കി നിര്‍ത്തി ആ കുഞ്ഞിനോടും പറയുമത്രേ അമ്മയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടിക്കാന്‍... മാനസിക വൈകല്യങ്ങളുടെ എന്തൊക്കെ വേര്‍ഷനാണ്!'
നയന കണ്ണുകള്‍ ഇറുകെയടച്ച് കണ്ണീരിനെ നിയന്ത്രിക്കാന്‍ പാടുപെടുകയായിരുന്നു.
ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരുന്ന ജിന്‍സി സിസ്റ്ററിന്റെ മനസ്സിലൂടെ സ്വന്തം ഭൂതകാലം മിന്നിമറിയുകയായിരുന്നു.
ഭാര്യയെ വീക്ഷിക്കാന്‍ നല്ലൊരു ജോലി കളഞ്ഞുകുളിച്ച് ഏതു നേരവും ചാരപ്പണി ചെയ്തിരുന്ന കാമവെറി പൂണ്ട ഒരുത്തന്‍. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഭാര്യയുടെ അവയവ പരിശോധന നടത്തുന്ന നാണം കെട്ടവന്‍. ആണ്‍ വര്‍ഗ്ഗത്തിന്റെ പേര് കളയാന്‍ മാത്രം പിറവിയെടുത്ത ചില പാഴ് ജന്മങ്ങള്‍. ഒരു വ്യത്യാസം മാത്രം, ഒരു കുഞ്ഞിന് ജന്മം നല്‍കി അതിനെയും നാണം കെടുത്തുന്നതിന് മുന്‍പ് ആ നീചനില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നു.
'ഞാന്‍ കരുതിയത് രാത്രി ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാത്രമേ ഇത്തരം പീഡനങ്ങളുടെ പിന്നാമ്പുറ കഥകള്‍ കാണുകയുള്ളൂ എന്നാണ്. എന്തു ചെയ്യാം പുഴുക്കുത്തുകള്‍ എല്ലായിടവും ഉണ്ട്, ഭൂരിഭാഗം വരുന്ന നല്ലവരായ മറ്റുള്ള ആണുങ്ങള്‍ക്ക് അപമാനമായിട്ട്....'
അപ്പോഴേക്കും നയനയുടെ വീട്ടില്‍ നിന്നും അവളുടെ അമ്മയുടെ കോള്‍ വന്നു.
കോള്‍ സ്പീക്കറില്‍ ഇട്ടു.
'മോളെ, ഇപ്പോള്‍ അവന്റെ ഫോണ്‍ വന്നിരുന്നു. നിങ്ങളുടെ മകള്‍ ആരുടെയോ കൂടെ ഒളിച്ചോടി പോയി, കൊച്ചുമോനെ വേണമെങ്കില്‍ കൂടെ കൊണ്ടു പൊയ്‌ക്കോളൂ, ഞാന്‍ എന്റെ പാടും നോക്കി പോവുകയാണ് എന്നും പറഞ്ഞവന്‍ ഫോണ്‍ കട്ട് ചെയ്തു. എന്റെ കുഞ്ഞ് എവിടെയുണ്ടോ എന്തോ!'- അത്രയും പറഞ്ഞതിനു ശേഷം മറുഭാഗത്ത് നിന്നും ഒരു കരച്ചിലായിരുന്നു.
അല്ലെങ്കിലും എല്ലാം സംഭവിച്ചതിനു ശേഷം കരയാന്‍ മാത്രമാണല്ലോ ചേര്‍ത്തു നിര്‍ത്തേണ്ട പലരും.
'ഒന്നും പേടിക്കേണ്ട, കുഞ്ഞ് സുരക്ഷിതമായി വീട്ടില്‍ കാണും.'
ഫോണ്‍ കട്ട് ചെയ്ത് വീട്ടിലോട്ട് റിങ് ചെയ്തപ്പോള്‍ മറുതലയ്ക്കല്‍ അമ്മയുടെ മറുപടി കേട്ട് സമാധാനമായി.
ഒരു ഉപദ്രവം വലിയ പ്രശ്‌നമില്ലാതെ ഒഴിഞ്ഞു പോയി എന്ന ആശ്വാസവും.
'അവന്‍ കുഞ്ഞിനെ ഞങ്ങളുടെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് പോയിരിക്കുന്നു. ആശുപത്രി കേസാകും എന്ന പേടിയില്‍ മുങ്ങിയതാകാനും വഴിയുണ്ട്. എങ്കിലും അധികം വൈകാതെ തിരിച്ചു വരുമെന്ന കാര്യം ഉറപ്പാണ്.'
എന്നെ പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ ജിന്‍സി നയനയോട് പറഞ്ഞു:
'അതിനു മുന്‍പ് നിനക്ക് സമയമുണ്ട്. ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കാം. ഈ ലോകത്ത് ജീവിക്കാന്‍ ആണ്‍തുണ വേണമെന്ന നിര്‍ബന്ധമൊന്നും ഇല്ല. എത്രയും പെട്ടെന്ന് അവനില്‍ നിന്നും നിയമപരമായി സ്വതന്ത്രയാകണം. ഞാന്‍ താമസിക്കുന്ന ഫ്‌ലാറ്റിന്റെ തൊട്ടടുത്ത് തന്നെ ഒരെണ്ണം ഒഴിഞ്ഞു കിടപ്പുണ്ട്. വാടക കൊടുക്കാനുള്ള വരുമാനം നിനക്കുണ്ട്. നിനക്കും മോനും അവിടെ സുഖമായി ജീവിക്കാം.
ആരുടെയും ശല്ല്യമില്ലാതെ.'
പിന്നെയും എന്തൊക്കെയോ സംസാരിച്ച് അവള്‍ക്കായി പ്രത്യാശയുടെ പുതിയൊരു ജാലകം തുറന്നു കൊടുത്ത് ജിന്‍സി സിസ്റ്റര്‍ യാത്ര പറഞ്ഞു.
ജിന്‍സിയുടെ ഓരോ വാക്കും നയനയുടെ മനസ്സില്‍ പുത്തന്‍ പ്രതീക്ഷയുടെ വിത്തു പാകി. കുഞ്ഞിന്റെ ഓര്‍മ്മയില്‍ അന്ത്യവിരാമം കുറിക്കാന്‍ സാധിക്കാതിരുന്ന തന്റെ ജീവിതത്തെ കുറിച്ച് ഒരു പുനര്‍വിചിന്തനം ചെയ്യാന്‍ ജിന്‍സി സിസ്റ്റര്‍ ഒരു ഹേതുവായി മാറുകയായിരുന്നു.
തളര്‍ച്ചയോടെ ആണെങ്കിലും തന്റെ കൂടെ നടക്കുന്നവള്‍ എന്തൊക്കെയോ പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നുവെന്ന് ഇടറാത്ത അവളുടെ ഉറച്ച കാല്‍വെയ്പുകള്‍ പറയുന്നുണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...