പ്രണയം ഒരാത്മകഥ എഴുതുന്നു, പ്രഭ ശിവ എഴുതിയ കഥ

By Chilla Lit Space  |  First Published May 11, 2022, 3:11 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രഭ ശിവ എഴുതിയ കഥ

 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

അന്ന് രാത്രി ഏകദേശം പതിനൊന്നു മണിയോടടുപ്പിച്ചാണ് അയാള്‍ അവളെ എന്നന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നു എന്നറിയിച്ചത്.

അതറിഞ്ഞിട്ടും നീലിമയ്ക്ക് പ്രത്യേകിച്ചൊരു ഭാവമാറ്റവും ഉണ്ടായില്ല.

അവള്‍ അടുക്കളയില്‍ പോയി കടുപ്പത്തിലൊരു കട്ടന്‍കാപ്പി ഉണ്ടാക്കി ഊതിയാറ്റി കുടിച്ചു കൊണ്ട് ബാല്‍ക്കണിയിലെ ഊഞ്ഞാലിലിരുന്നാടി.

പുറത്ത് തണുത്തകാറ്റ് വീശുന്നുണ്ട്. വല്ലാത്തൊരു കുളിര്‍മ്മ തോന്നുന്നു മനസ്സിനും, ശരീരത്തിനും.

ഉപേക്ഷിക്കുകയും, മറ്റു പലരാല്‍ ഉപേക്ഷിക്കപ്പെടുകയുമെന്നത് ഇന്നും ഇന്നലെയും തുടങ്ങിയ സംഭവമൊന്നുമല്ലല്ലോ എന്നോര്‍ത്തപ്പോള്‍ നീലിമയ്ക്ക് മനസ്സില്‍ ചിരിയൂറി വന്നു.

സ്‌നേഹത്തെയും ജീവിതത്തേയുമെല്ലാം ഉള്ളം കൈയ്യില്‍ ഒതുക്കിപ്പിടിച്ചൊരു കാലമുണ്ടായിരുന്നു.
ചോരാതെ സൂക്ഷിച്ചതൊക്കെയും അറിയാതെ എവിടെയൊക്കെയോ ഊര്‍ന്നുവീണപ്പോള്‍ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെ അതൊക്കെ ശീലമായി തുടങ്ങി.

മനസ്സ് ചിന്തകളുടെ ഓരം ചേര്‍ന്ന് വേദനകളുടെ കുഴിയിലകപ്പെടാതെ പ്രാണനിലൊരിക്കല്‍ ചേക്കേറിയവരുടെ മുഖങ്ങള്‍ വെറുതെ ഓര്‍ത്തുപോയി നീലിമ.

അതൊരു രസം അല്ലാതെ അതിലൊരു പ്രത്യേകതയുമില്ലെന്നറിയാം.

ആദ്യമായി കണ്ണും മനസ്സും കലങ്ങിയത് പതിനെട്ടാമത്തെ വയസ്സിലായിരുന്നു.

ഇഷ്ടങ്ങളുടെ ആലിപ്പഴങ്ങള്‍ ഉടഞ്ഞു വീഴുന്നതുപോലൊരു പ്രണയം. തൊട്ടടുത്ത വീട്ടിലെ മാഷിന്റെ മകന്‍ അരുണുമായി തോന്നിയ അടുപ്പം. രാത്രിയുടെ നിറവില്‍ അരണ്ട വെളിച്ചത്തിലിരുന്ന് ആരും കാണാതെ
അവനായി എഴുതിയ പ്രേമലേഖനങ്ങള്‍. അവനൊടൊപ്പം ജീവിതകാലം മുഴുവനും സന്തോഷമായി ജീവിക്കാമെന്നേറെ കൊതിച്ച കൗമാരം

പക്ഷേ!
പതിയെപ്പതിയെ അവനവളെ അവഗണനയുടെ ചുഴിയിലേക്ക് വലിച്ചെറിഞ്ഞിട്ട് മറ്റു പല പ്രണയങ്ങളേയും തേടിപ്പോയി. വെന്ത മനസ്സുമായി കുറെക്കാലം അരുണിനെയോര്‍ത്ത് വേദനയോടെ ജീവിച്ചു..

ഇനിയൊരിക്കലും മറ്റൊരു പ്രണയത്തിലേക്ക് കാലിടറി വീഴരുതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചെങ്കിലും , അധികകാലം ആ പ്രതിഞ്ജ നിറവേറ്റാനായില്ല. സ്‌നേഹത്തിന്റെ ഇളം തണുപ്പ് വീണ്ടും ഹൃദയത്തെ ഊഷ്മളമാക്കി.

പി.ജി ക്കു പഠിക്കുമ്പോള്‍ തൊട്ടു മുന്‍പിലെത്തെ ബെഞ്ചിലിരുന്ന റിയാസിനോട് ഒരു പുഞ്ചിരിയില്‍ തുടങ്ങിയ അടുപ്പം, വളരെ പെട്ടെന്നായിരുന്നു പ്രണയവും, ഇഷ്ടങ്ങളും നിറഞ്ഞ പൊട്ടിച്ചിരിയായി മാറിയത് .

നാട്ടിലെ കോടീശ്വരനായ ഹോട്ടലുടമയുടെ നാലു മക്കളില്‍ മൂന്നാമനായിരുന്നു റിയാസ്. കൂട്ടുകാര്‍ക്കെല്ലാം അവനെ ഒത്തിരിയിഷ്ടമാണ്. നന്നായി പാടാനും വരയ്ക്കാനുമുള്ള കഴിവുള്ളതിനാല്‍ പെണ്‍കുട്ടികളുടെ
കണ്ണിലുണ്ണിയാണവന്‍.

പൂച്ചക്കണ്ണുകളും, ചെമ്പന്‍ മുടിയുമുള്ള സുന്ദരനായ റിയാസിന് തന്നോടിഷ്ടം തോന്നിയത് തന്നെ വലിയ ഭാഗ്യമായി കരുതി. ജീവിതത്തെ കൈക്കുമ്പിളില്‍ കോരിയെടുത്തതിന്റെ പ്രതീതി ആയിരുന്നു. ഇണക്കിളികളായി പാറിപ്പറന്നു നടന്നു ക്ലാസ് മുറികളിലും, ലൈബ്രറിയുടെ ഇടനാഴികളിലും.

രണ്ടുവര്‍ഷമങ്ങനെ വേഗം കടന്നു പോയി.

നല്ല മഴയുള്ളൊരു ദിവസം കോളേജ് കാന്റീനിലിരുന്ന് ചൂട് ചായയും പഴം പൊരിയും ആസ്വദിച്ചു കഴിക്കുന്നതിനിടയില്‍പെട്ടെന്നുള്ള റിയാസിന്റെ ചോദ്യം കേട്ട് കണ്ണുകളില്‍ ഇരുട്ടു കയറിയത് ഇന്നും അങ്കലാപ്പോടെയെ ഓര്‍ക്കാന്‍ കഴിയുകയുള്ളൂ.

അടുത്തമാസം എക്‌സാം കഴിയുന്നതോടെ നമ്മളീ കോളേജില്‍ നിന്നും പടിയിറങ്ങും. പിന്നീട് , എന്നെങ്കിലുമൊരിക്കില്‍ കണ്ടുമുട്ടുമ്പോള്‍ അന്ന് പറഞ്ഞു ചിരിക്കാന്‍ ഈ പ്രണയവും തമാശകളുമൊക്കെ ധാരാളമാണല്ലേ നീലു?

നീലിമ മുഖം ഉയര്‍ത്തി ദയനീയ ഭാവത്തോടെ റിയാസിന്റെ മുഖത്ത് നോക്കിയപ്പോള്‍ അവന്റെ ചുണ്ടുകളില്‍ വൃത്തികെട്ട ഒരു ചിരി കുരുങ്ങിക്കിടക്കുന്നതു പോലെ തോന്നി.

നീ ജോലിക്കായി ശ്രമിക്കുമോ? അതോ വീട്ടുകാര്‍ പിടിച്ചു നിന്നെ കല്ല്യാണം കഴിപ്പിക്കുമോ?

റിയാസിന്റെ ചോദ്യത്തിനു മുന്നില്‍ ആ മഴയത്തും വിയര്‍ത്തു പോയി നീലിമ.

എന്താണ് മറുപടി പറയേണ്ടതെന്നറിയാതെ അവിടെനിന്ന് എണീറ്റ് അസ്വസ്ഥതയോടെ കാന്റീന് പുറത്തേക്കിറങ്ങിയോടി.

റിയാസിന് അത് വെറും ക്യാമ്പസ് പ്രണയം മാത്രമായിരുന്നു. കൂട്ടുകാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ഒരു ഗേള്‍ഫ്രണ്ട്. അതിനുമപ്പുറം അവന് ഒന്നുമുണ്ടായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മനസ്സ് നുറുങ്ങിയത്.
വീണ്ടുമൊരു പ്രണയതകര്‍ച്ച.

അതിജീവിക്കാന്‍ ഇത്തിരി സമയം വേണ്ടി വന്നു. പിന്നീട് അതുമായി പൊരുത്തപ്പെട്ട കാലങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ കൈയ്യിലിരുന്ന കാപ്പി കപ്പില്‍ നിന്നും ഒരുകവിള്‍ കട്ടന്‍കാപ്പികൂടെ രുചിച്ചു കുടിക്കാന്‍ തോന്നി നീലിമയ്ക്ക്.

ആ കാലങ്ങളില്‍ സ്വയം പറഞ്ഞു സമാധാനിപ്പിക്കുമായിരുന്നു, പ്രണയവും സ്‌നേഹവുമൊന്നും എനിക്ക്
പറഞ്ഞിട്ടുള്ളതല്ല. അതൊന്നും ആഗ്രഹിക്കാന്‍ പാടില്ലാത്ത ഏതാണ്ട് വലിയൊരു സംഭവമാണന്നൊക്കെ
അന്നത്തെ പൊട്ടത്തരങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍  ഇന്ന് ചിരി വരും.

വിരഹം ഉറഞ്ഞുകൂടിയ മനസ്സുമായി അലഞ്ഞു നടന്നു ഒന്നുരണ്ടു വര്‍ഷം.

ആയിടയ്ക്കാണ് ജോലി കിട്ടിയതും ഓഫീസിലെ സഹപ്രവര്‍ത്തകനായ നന്ദനുമായി അടുത്തതും. വീണ്ടും പ്രണയമഴ നനയാന്‍ തുടങ്ങിയതില്‍ അതിശയിക്കാനില്ലല്ലോ.

സ്വപ്നങ്ങള്‍ നാമ്പിട്ടു, കണ്ണുകളില്‍ ലാസ്യ ഭാവങ്ങള്‍ തത്തിക്കളിച്ചു.

അരുണിനും, റിയാസിനുമില്ലാത്ത എന്തൊക്കെയോ പ്രത്യേകതകള്‍ നന്ദനുള്ളതായി തോന്നി. 
വല്ലാത്തൊരിഷ്ടമായിരുന്നു അയാളെ. പ്രാണനില്‍ തറച്ച പ്രണയം എന്നൊക്കെ വേണമെങ്കില്‍ പറയാം.

മറ്റുപല കല്ല്യാണാലോചനകള്‍ വന്നെങ്കിലും നന്ദനെ മാത്രമേ വിവാഹം ചെയ്യുകയുള്ളു എന്ന് വീട്ടുകാരെ അറിയിച്ചു. നന്ദനും ഇഷ്ടമായിരുന്നു ഒന്നിച്ചുള്ളൊരു ജീവിതം.

പക്ഷേ അവിടെ വില്ലത്തിയായത് നന്ദന്റെ അമ്മയായിരുന്നു.

കുഞ്ഞുനാളിലെ മുത്തശ്ശി പറഞ്ഞുറപ്പിപ്പതാണ് നന്ദന്റെ വിവാഹം മുറപ്പെണ്ണ് മീരയുമായി. മൂത്തവരുടെ വാക്കുകള്‍ ധിക്കരിക്കാനാവില്ല. അത് കൊണ്ട് മോള്‍ നന്ദനെ പറഞ്ഞു മനസ്സിലാക്കി ഇതില്‍ നിന്നും ഒഴിഞ്ഞു മാറണമെന്നുള്ള അമ്മയുടെ നിരന്തരമായ നിര്‍ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ ദിവസവും കാരണങ്ങളില്ലാത്ത ഒരോ കാരണങ്ങളുണ്ടാക്കി നന്ദനില്‍ നിന്നും ഒഴിഞ്ഞു മാറിനടന്നു.

അയാള്‍ തെറ്റിദ്ധരിച്ചത് മറ്റൊന്നായിരുന്നു. 

കാശുള്ള മറ്റാരോടോ ഇഷ്ടമാണെന്ന്. ആ ധാരണ ഞാനായി മാറ്റാനും പോയില്ല. അത് അങ്ങനെതന്നെ ഇരുന്നോട്ടെയെന്ന് കരുതി. നന്ദന്റെ അമ്മയുടെ സന്തോഷത്തിന് വേണ്ടി ചങ്കുപൊട്ടുന്ന വേദനയോടെ സ്വപ്നങ്ങളെയെല്ലാം എറിഞ്ഞുടച്ചു അന്നുതന്നെ.

ഇനിയൊരിക്കലും ഒരു പ്രണയമോ, വിവാഹജീവിതമോ വേണ്ടെന്ന് തീര്‍ച്ചപ്പെടുത്തി.

ഓഫീസില്‍ നന്ദനെ അഭിമുഖീകരിക്കേണ്ടിവരുന്ന അവസ്ഥ വേദനാജനകമായതിനാലാണ് പെട്ടെന്നൊരു ട്രാന്‍സ്ഫര്‍ വാങ്ങി ചെന്നൈയിലേക്ക് തിരിച്ചത്.

പിന്നെത്തെ, നീണ്ട അഞ്ചുവര്‍ഷങ്ങള്‍ തീര്‍ത്തും തനിച്ചായിരുന്നു.

ഓഫീസിലെ തിരക്കുകളിലും വായനയിലും, അലക്ഷ്യമായ വിദൂരയാത്രകളിലും സുഖം കണ്ടെത്തി.
ഇടയ്ക്ക് ചിലരൊക്കെ പ്രണയം പറഞ്ഞു. മറ്റുചിലര്‍ വിവാഹ അഭ്യര്‍ത്ഥനകളുമായി വന്നു. അവരെയൊക്കെ കണ്ടതായി പോലും നടിച്ചില്ല. ഏകാന്തതയുടെ കൊടുംതണുപ്പ് അതും ഒരു സുഖമാണെന്ന് തിരിച്ചറിഞ്ഞ കാലം.
കാപ്പി കപ്പിനെ വീണ്ടും ചുണ്ടോടു ചേര്‍ത്തു നീലിമ. ചൂടുള്ള കാപ്പി ഓര്‍മ്മകള്‍ക്ക് ഒരു കൂട്ടാണ്.

വര്‍ഷങ്ങള്‍ക്കിപ്പുറം. ഒരു നവംബര്‍ മാസത്തിലാണ് നാട്ടില്‍ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ക്രിസ്റ്റഫറിനെ കണ്ടുമുട്ടിയത്.

യാത്രയിലുടനീളം ഒരുപാട് സംസാരിച്ചു. ഈ ലോകത്തിന്റെ കീഴില്‍ ഉള്ളതെന്തിനെക്കുറിച്ചും തനിക്ക് മാത്രമേ അറിയാവൂ, എന്ന് കരുതുന്നൊരാള്‍. ആദ്യമാദ്യം അയാളുടെ സംസാരം സഹിക്കാന്‍ പറ്റാതെ വന്നെങ്കിലും പിന്നിടെപ്പോഴോക്കെയോ അയാളുടെ നര്‍മ്മത്തില്‍ പൊതിഞ്ഞ വര്‍ത്തമാനങ്ങള്‍ ഇഷ്ടമായി. പരസ്പരം എന്തൊക്കെയോ സാമാനതകളുള്ളതായി തോന്നി.

ഞാനെന്നുള്ള അഹങ്കാരമൊഴിച്ചാല്‍ ക്രിസ്റ്റഫര്‍ സാധാരണ ഒരു മനുഷ്യനാണ്. ജീവിതത്തിന്റെ തട്ടും മുട്ടും കൊണ്ട് ചളുങ്ങിപോയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ നിവര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാള്‍.

ചെന്നൈ റെയില്‍വേ സ്റ്റേഷനിലിറങ്ങി പരസ്പരം മൊബൈല്‍ നമ്പറും കൈമാറി വീണ്ടും കാണാമെന്നുപറഞ്ഞ്  ബൈ പറഞ്ഞു പിരിഞ്ഞപ്പോള്‍ ഉള്ളിലെവിടെയോ ഒരു വിങ്ങലനുഭവപ്പെട്ടു.

ഒരടുപ്പം അയാളോട് തോന്നിയോയെന്ന് സ്വയം ചോദിച്ചപ്പോള്‍, ഏയ് ഇല്ല, ഒരുദിവസം മുഴുവനും യാത്രയില്‍ കൂടെയുണ്ടായിരുന്നയാളല്ലേ അതുകൊണ്ടാവാമെന്നായിരുന്നു മനസ്സിന്റെ മറുപടി.

അമ്മയെ കണ്ടിട്ട് നാട്ടില്‍ നിന്നും ചെന്നൈ നഗരത്തിലേക്ക് എത്തുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത തോന്നാറുണ്ട്. ഇലകള്‍ പൊഴിഞ്ഞ മരച്ചില്ലയില്‍ ഒരു പക്ഷി തനിച്ചിരിക്കുന്ന പ്രതീതി മഴയും ,മഞ്ഞും, തണുപ്പുമെല്ലാം അന്യമായ പോലെ.

വീടിന്റെ ഡോര്‍ തുറന്ന് അകത്തുകയറിയ ഉടനെതന്നെ മൊബൈലില്‍ നിന്നും റിങ്ങ് ടോണ്‍ ഒഴുകി വന്നു.

എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...

ലിസിയായിരിക്കും.

ഇന്ന് രാവിലെ തന്നെ ഞാനെത്തുമെന്ന് പറഞ്ഞിരുന്നു.

മൊബൈല്‍ കയ്യിലെടുത്തപ്പോള്‍ തെളിഞ്ഞുവരുന്ന പേര് കണ്ടപ്പോള്‍ പെട്ടെന്നൊരു നടുക്കമോ സന്തോഷമോ തോന്നി.

ഹലോ എന്ന് വളരെ ശബ്ദംതാഴ്ത്തി പറഞ്ഞു.

ഞാന്‍ ക്രസ്റ്റഫറാണ് നീലു.

ഒരു നിമിഷം ഉള്ളൊന്നു പിടഞ്ഞു. നീലു.. അടുപ്പമുള്ളവര്‍ മാത്രമേ നീലു എന്ന് വിളിക്കാറുള്ളു.

വീട്ടില്‍ എത്തിയോ? ഞാന്‍ എത്തിട്ടോ- അയാള്‍ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാനും വീട്ടില്‍ വന്ന് കയറിയതേ ഉള്ളൂ ക്രിസ്റ്റോ.

നീലു എന്താ എന്നെ വിളിച്ചത്?

അങ്ങേതലയ്ക്കല്‍ ക്രിസറ്റഫറിന്റെ സന്തോഷത്തില്‍ കുതിര്‍ന്ന ചോദ്യം.

ക്രിസ്റ്റോയെന്ന് എളുപ്പത്തില്‍ വിളിക്കാമല്ലോ അതുകൊണ്ടങ്ങനെ വിളിച്ചന്നേയുള്ളു.

എന്നെ അങ്ങനെയാരും ഇന്നുവരെ വിളിച്ചിട്ടില്ല, എന്റെ അമ്മയല്ലാതെ. നീലു വിളിച്ചു കേട്ടപ്പോള്‍ ഒത്തിരി സന്തോഷമായി.

അയാളുടെ തൊണ്ടയൊന്നിടറിയതായി തോന്നി.

കുളിച്ച് ഫ്രഷായി ബ്രേക്ക് ഫാസ്റ്റും കഴിച്ചിട്ട് റെസ്റ്റ് എടുത്തോളു എന്നുപറഞ്ഞ് ക്രിസ്റ്റോ ഫോണ്‍ വെച്ചപ്പോള്‍
മനസ്സിന് വല്ലാത്തൊരു ഉന്മേഷം തോന്നി.  സന്തോഷം കൊണ്ട് ചിരിക്കണോ, കരയണോ എന്നറിയാത്ത അവസ്ഥ.

വീണ്ടും ഞാന്‍ സ്‌നേഹം ആഗ്രഹിക്കുന്നു.

പറയാനും, കേള്‍ക്കാനും സങ്കടം വരുമ്പോള്‍ തലചായ്ക്കാന്‍ ഒരു തോളിനുമായി വല്ലാതെ കൊതിക്കുന്നു.
വിരസതയുടെ ഉഷ്ണക്കാറ്റേല്‍ക്കാന്‍ ഇനി വയ്യ.

എറിഞ്ഞുടച്ച സ്വപ്നങ്ങളെ നുള്ളിപെറുക്കി വീണ്ടും സ്വരുക്കൂട്ടാന്‍ തുടങ്ങി. രക്തത്തിലൂടെ മത്സരിച്ച് അരിച്ചിറങ്ങുന്നുണ്ട് പ്രണയത്തിന്റെ പുത്തന്‍ ഭാവങ്ങള്‍. അയാളും സ്‌നേഹിക്കാന്‍, പ്രണയിക്കാന്‍ ഒരാളെ തിരെഞ്ഞുകൊണ്ടിരിക്കുകയായിരുന്നെന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി.

ഒറ്റപ്പെടലിന്റെ തിരുമുറിവുകളില്‍ സ്‌നേഹനീരിറ്റിച്ച് രണ്ടുപേരും പരസ്പരം ഊതി തണുപ്പിച്ചു. ആറുമാസത്തോളം പ്രണയത്തിന്റെ രസമുകുളങ്ങള്‍ രുചിച്ച് സ്‌നേഹത്തോടെ ജീവിച്ചു.
പിന്നെയങ്ങോട്ട്, ദിവസങ്ങള്‍ കഴിയും തോറും അയാളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.

ഇഷ്ടങ്ങള്‍ക്ക് മങ്ങലേറ്റു. തമ്മില്‍ കണ്ടുമുട്ടുമ്പോഴെല്ലാം വഴക്കും ബഹളവുമായി. കലഹിച്ചു പിരിയുന്നത് പതിവായി. അയാള്‍ക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ തീരെ താല്പര്യമില്ലെന്ന് പലപ്പോഴുമായി ഭീഷണി വന്നു.

കാരണമെന്താണെന്ന് തിരക്കാന്‍ പോലും മെനക്കെട്ടില്ല. പിന്നിട്ട വഴികളിലെല്ലാം അവഗണനയും ചതിയും അനുഭവിച്ചറിഞ്ഞതിനാല്‍ ഇതും അതുപോലൊരു പ്രണയമാണെന്ന് ഊഹിച്ചെടുക്കാന്‍ പെട്ടെന്ന് കഴിഞ്ഞു.
വേദനയോടെ വളരെ പതിയെ ക്രിസ്റ്റഫറിന്റെ മുഖം മനസ്സില്‍ നിന്നും മാഞ്ഞുകൊണ്ടിരിക്കുകയാണ്....

ബാക്കിവന്ന കട്ടന്‍കാപ്പി കൂടി കുടിക്കാനായി ചുണ്ടുകള്‍ കപ്പിനോടടുപ്പിച്ചപ്പോഴാണറിഞ്ഞത് കാപ്പി തണുത്ത് പച്ചവെള്ളം പോലെയായിരിക്കുന്നു. 

തണുത്ത കാപ്പി സിങ്കിലേക്ക് ഒഴിച്ചിട്ട് ഒരു മുളിപ്പാട്ടും പാടി ഉറങ്ങാനായി കിടപ്പുമുറിയിലേക്ക് പോയി നീലിമ.

കണ്ണുകള്‍ നിദ്രയിലേക്ക് വഴുതി വീണപ്പോഴും ചുണ്ടുകള്‍ പിന്നെയും പിന്നെയും പിറുപിറുത്തു കൊണ്ടേയിരുന്നു പ്രണയിക്കണം ഇനിയും പ്രണയിക്കണം, പ്രണയത്തിന്റെ അസ്ഥികള്‍ പൂക്കുന്നത് വരെ.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!