Malayalam Short Story : സൈറ പ്ലസ് അനിത, പ്രഭ ശിവ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Sep 12, 2022, 4:56 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  പ്രഭ ശിവ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

സൈറ, നിനക്ക്  ഇനിയെങ്കിലും നിന്റെ സ്വഭാവം ഒന്നു മാറ്റിക്കൂടെ?

ഞാന്‍ എന്തിന് മാറണം?

വലിയ കണ്ണുകള്‍ ഒന്നുകൂടി വലിച്ചു തുറന്നു വെച്ചുകൊണ്ട് സൈറ  അനിതയ്ക്കു നേരേ
പൊട്ടിത്തെറിച്ചു.

ഇതാണ് നിന്റെ കുഴപ്പം. എന്തെങ്കിലുമൊന്നു പറഞ്ഞാല്‍  നിനക്കത് കേള്‍ക്കാനുള്ള ക്ഷമ പോലുമില്ല.
ഉടനെ ചാടിക്കടിക്കാന്‍ വരും.

നിന്റെ ഇഷ്ടം പോലെ ആയിക്കോ. 

ഞാനാരാണ്  നിന്നെ ഉപദേശിക്കാനെന്നു പറഞ്ഞു കൊണ്ട് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാനായി അനിത  അടുക്കളയിലേക്ക് പോയി.

അനിതയ്ക്ക് സൈറയോട് ഇത്തിരി ദേഷ്യം തോന്നിയെന്നുള്ളത് സത്യമാണ്, പക്ഷേ...

കുറച്ചു കഴിയുമ്പോള്‍ അവള്‍ തന്നെ സോറി പറഞ്ഞു വരും. അതെപ്പോഴും അങ്ങനെ തന്നെയാണ്.

ഒരു ട്രെയിന്‍ യാത്രയിലാണ്  സൈറയും, അനിതയും ആദ്യമായി കണ്ടുമുട്ടിയത്.

വിശേഷങ്ങള്‍ പങ്കുവെച്ചപ്പോഴാണറിഞ്ഞത് രണ്ടു പേരുടെയും ജീവിതങ്ങള്‍ തമ്മില്‍ എവിടെയൊക്കേയോ സാമ്യമുണ്ടല്ലോയെന്ന്. കൂടാതെ തുല്യ ദുഃഖിതരും. പിന്നീടവര്‍ ഒന്നുമാലോചിച്ചില്ല.

പരസ്പരം താങ്ങും തണലുമായി ഒരു വീട്ടില്‍ തന്നെ പുതിയൊരു ജീവിതം തുടങ്ങാമെന്നുറപ്പിച്ചു.

സൈറ ജീവിതം അവസാനിപ്പിക്കാനായി ഇറങ്ങിത്തിരിച്ചവളാണ്. മരിച്ചേ അടങ്ങു എന്ന വാശിയിലായിരുന്നു അവള്‍.

അനിതയാണെങ്കില്‍ എങ്ങനെയെങ്കിലും ഒന്നു ജീവിച്ചേ മതിയാകൂ എന്ന അവസ്ഥയിലും.

മുപ്പതു വയസ്സായ സൈറ കാഴ്ചയില്‍ സുന്ദരി അല്ലെങ്കിലും കാണാന്‍ നല്ല ചേലാണെന്ന് ചിലരെങ്കിലും പറയാറുണ്ട്. അതിന്റെ അഹങ്കാരവുമുണ്ടവള്‍ക്ക്. ബാങ്ക് മാനേജരായ ജോസഫാണ് അവളുടെ ഭര്‍ത്താവ്.

എന്തിനും ഏതിനും കണക്കുകള്‍ സൂക്ഷിക്കുന്ന ജോസഫിനെ കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് സൈറ വീട് വിട്ടിറങ്ങിയത്.

കറന്റ് ബില്ല് കൂടിയാല്‍ കുറ്റം. സവാള ചീഞ്ഞു പോയാല്‍ കുറ്റം. ബാക്കി വരുന്ന ചോറ് ഇഡ്ഡലിക്കോ, അപ്പത്തിനോ ചേര്‍ത്തരച്ചാല്‍ കുറ്റം.

കൂടുതല്‍ പറയാതിരിക്കുന്നതാണ് നല്ലത്.

ഒരിക്കല്‍ക്കൂടിയൊരിക്കല്‍ ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചാല്‍ അതിനു പോലും പഞ്ചസാരയുടേയും , പാലിന്റെയും കണക്കു പറയുന്ന മനുഷ്യന്‍.

സൈറയ്ക്ക് പഠിക്കുന്ന കാലത്ത് ഒത്തിരി ആണ്‍പെണ്‍ സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായി സിനിമ കാണാന്‍ പോകുന്നതും റെസ്റ്റോറന്റില്‍ കയറി രുചികരമായ ഭക്ഷണം കഴിക്കുന്നതുമൊക്കെ വളരെ ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു.

സൈറയുടെ അപ്പച്ചനും അമ്മച്ചിയും എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കിയാണ് സൈറയെ വളര്‍ത്തിയത്.
ഉള്ളതു വെച്ച് സന്തോഷത്തോടെ ജീവിക്കണമെന്ന ചിന്താഗതിക്കാരായിരുന്നു അവര്‍.

കണക്കുകളും, കണക്കുക്കൂട്ടലുകളുമില്ല.

ഇന്നത്തെ ജീവിതം  ഇന്ന്.

നാളെ, നാളത്തെ കാര്യം.

അതായിരുന്നു അവരുടെ കാഴ്ചപ്പാട്.

അടിച്ചുപൊളി ലൈഫില്‍ നിന്നും സൈറ നേരെ മൂക്കും കുത്തി വീണത് പിശുക്കനായ ജോസഫിന്റെ ജീവിതത്തിലേക്കായിരുന്നു. ജോസഫിന്റെ സ്വഭാവ ഗുണങ്ങളെക്കുറിച്ച് സംസാരിക്കാന്‍  നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നൂറു നാവാണ്.

ഈ മനുഷ്യനെ  എന്തിനാ ആളുകള്‍ ഇങ്ങനെ വര്‍ണ്ണിച്ചു കൊല്ലുന്നതെന്നോര്‍ത്ത് പലപ്പോഴും സൈറ അന്തം വിട്ടു പോയിട്ടുണ്ട്.

സൈറ ഭാഗ്യം ഉള്ളവളാ, ജോസഫിനെ പോലെ ഇത്രയും കരുതലുള്ള ഒരാളെ ഇന്നത്തെ കാലത്ത് കണികാണാന്‍ പോലും പറ്റില്ല. കള്ളുകുടിയില്ല, സിഗരറ്റ് വലി ഇല്ല, നയാപൈസ  അനാവശ്യമായി ചിലവാക്കാറില്ല. എന്തിന് കൂടുതല്‍  പറയണം, ചൂട് കാലത്ത് ഒരു ഗ്ലാസ് ജ്യൂസ് പോലും കടയില്‍ നിന്നും വാങ്ങി കുടിക്കാറില്ല.

എന്താ സ്വഭാവഗുണം അല്ലേ?

നാട്ടുകാരുടെ  പുകഴ്ത്തല്‍   കേള്‍ക്കുമ്പോള്‍ സൈറ ജോസഫിനെ അടിമുടി ഒന്നു നോക്കും.

എന്തൊക്കെ പറഞ്ഞാലും സൈറയുടേയും ജോസഫിന്റെയും കുടുംബ ജീവിതത്തില്‍ എന്നും കല്ലുകടി തന്നെയായിരുന്നു.

ജോസഫിന് ആരും വീട്ടില്‍ വരുന്നത് ഇഷ്ടമല്ല. കാരണം മറ്റൊന്നുമല്ല. അവര്‍ക്ക് ചായയും പലഹാരങ്ങളും കൊടുത്തു മുടിയും.

സൈറയ്ക്ക് എങ്ങും പോകാനുള്ള  അനുവാദവുമില്ല. ജോസഫ് എങ്ങോട്ടും കൂട്ടി കൊണ്ടു പോകുകയുമില്ല 
കാശ് ചിലവായാലോയെന്ന്  ഭയന്ന്.

സൈറയുടെ  നിര്‍ബന്ധപ്രകാരം വര്‍ഷത്തിലൊരിക്കല്‍ കുടുംബത്തില്‍  പോയാലുള്ള പുകില് പുറത്തു പറയാന്‍ കൊള്ളില്ല. പിന്നീടുള്ള ഓരോ ദിവസവും ബേക്കറിയില്‍ നിന്നും വാങ്ങിയ കേക്കിന്റെയും .
ചിലവായ പെട്രോളിന്റേയും കണക്കു പറഞ്ഞു വശം വരുത്തും.

സൈറയുടേയും, ജോസഫിന്റെയും കല്ല്യാണം കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായി.

കുട്ടികള്‍ വേണ്ടെന്നാണ് ജോസഫിന്റെ നിലപാട്.

ഒരു കുട്ടിയെങ്കിലും വേണ്ടേ ജോസഫേയെന്ന് പള്ളിലച്ചന്‍ ചോദിച്ചപ്പോഴാണ് ജോസഫിന്റെ വികാരനിര്‍ഭരമായ മറുപടി.

എന്റച്ചോ..., പഴയകാലത്തെ പോലെയല്ല. ഇന്നത്തെ കാലത്ത് കുട്ടികള്‍ ഉണ്ടായാല്‍ ഗര്‍ഭിണി ആണെന്ന് അറിയുന്ന നിമിഷം മുതല്‍ ചിലവാണ്. കുട്ടികള്‍ വലുതായാലോ, പഠിത്തം, സ്ത്രീധനം, കല്ല്യാണം  ലോണായ ലോണൊക്കെ എടുത്തു അവസാനം കണക്കെണിയില്‍ പെട്ടു ആത്മഹത്യ ചെയ്യേണ്ടിവരും.

ജോസഫിന്റെ വര്‍ത്തമാനം കേട്ട്  പള്ളീലച്ചന്‍  ചുണ്ടിലൊരു പരിഹാസച്ചിരി ഒളിപ്പിച്ചു വെച്ച് കൊണ്ടു പറഞ്ഞു: ഇങ്ങനെയാണെങ്കില്‍ സൈറയുടെ കാര്യം ജഗപൊക.

അച്ചന്‍ എന്തേലും പറഞ്ഞായിരുന്നോ?

ഏയ്... ഇല്ല ജോസഫേ, ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കെട്ടെ എന്ന് പറഞ്ഞതാണ്.

ആയിക്കോട്ടെ അച്ചോ...

ഇതൊക്കെയാണ്   സൈറയുടെ കെട്ടിയവന്‍ ജോസഫിന്റെ സ്വഭാവ ഗുണങ്ങള്‍. 

പിന്നെയെങ്ങനെ സൈറ നാടും വീടും വിട്ട് ഒളിച്ച് ഓടാതിരിക്കും.

പിശുക്കനായ ജോസഫിന്റെ കൂടെ ജീവിച്ചതുകൊണ്ടാകാം സൈറക്ക് എന്തിനും ഏതിനും ദേഷ്യം ഇരച്ചുകയറാറുണ്ട്. എല്ലായ്‌പ്പോഴും മുഖത്തൊരു  പുച്ഛഭാവവും.

അനിതയുടെ ഭര്‍ത്താവ് മുഴുക്കുടിയനും കുടുംബം നോക്കാത്തവനുമായതിനാല്‍ അവളുടെ മുഖത്ത് എപ്പോഴും  ഒരു ദയനീയ ഭാവമായിരുന്നു. ഇപ്പോ കരയും എന്നു തോന്നുന്ന അവസ്ഥ.

സൗന്ദര്യം ഇല്ലാത്ത, മുഴുപ്പും തുടിപ്പുമില്ലാത്ത നിന്നെകൊണ്ട് ഒന്നിനും കൊള്ളില്ലെന്നുള്ള  അയാളുടെ സ്ഥിരം ഡയലോഗ് കേട്ടുകേട്ട്  അനിത ഒരു വഴിക്കായി എന്നു പറഞ്ഞാല്‍  മതിയല്ലോ.

പലപ്പോഴും തോന്നിയിട്ടുണ്ട്, നീര്‍ക്കോലി പോലെയിരിക്കുന്ന അയാളുടെ മുഖത്ത് നോക്കി ഒരാട്ടു വെച്ചു കൊടുക്കണമെന്ന്. നിങ്ങള്‍ക്ക് എന്നെ പറയാന്‍ തക്കവിധം  എന്ത് യോഗ്യതയും സൗന്ദര്യവുമാണുള്ളതെന്ന്.

പിന്നെ, കരുതും തലയ്ക്ക് വെളിവില്ലാത്ത അയാളോട് പറഞ്ഞിട്ട്  ഒരു ഗുണവുമില്ല. വയറു നിറയെ നല്ല പച്ച തെറി കേള്‍ക്കാം എന്നല്ലാതെ.

എല്ലാവരോടും കരുണയും ദയയുള്ളവളുമായതിനാല്‍ അനിതയെ കളിയാക്കി കൊണ്ട് സൈറ ഇടയ്ക്കിടെ പറയാറുണ്ട്, നീ മദര്‍ തേരേസ അല്ല്യോടീ എന്ന്...

അതെ,  അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് അനിത തമാശ രൂപേണ മറുപടി പറയും.

കുടുംബ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചപ്പോള്‍, ഭര്‍ത്താവ് മറ്റൊരു സ്ത്രീയെയും  കൂട്ടി വീട്ടിലേക്ക് കയറിവന്നപ്പോള്‍  അപമാനഭാരത്താല്‍ സ്വന്തം കുഞ്ഞിനെ അമ്മയെ ഏല്പിച്ച് അന്യനാട്ടില്‍ എവിടെയെങ്കിലും പോയി ജോലി ചെയ്തു കുടുംബം പുലര്‍ത്താമെന്ന് കരുതിയാണ്  കോരിച്ചൊരിയുന്ന മഴയുള്ളൊരു ദിവസം നെഞ്ചിടിപ്പോടു കൂടി വൈകി ഓടുന്ന തീവണ്ടിയില്‍ ടിക്കറ്റു പോലുമില്ലാതെ അനിത  കയറിക്കൂടിയത്.

ടോയിലറ്റിന്റെ സൈഡില്‍ ഇത്തിരി പോന്നയിടത്ത് പലതുമാലോചിച്ചിരുന്ന് കണ്ണുനിറഞ്ഞപ്പോഴാണ്
തോളില്‍ ഒരു കൈ പതിയുന്നതറിഞ്ഞത്.

അത് സൈറയുടെ കൈകള്‍ ആയിരുന്നു.

കരയേണ്ട ടോ..., കുറച്ചു കണ്ണുനീര്‍ നഷ്ടപ്പെടുത്താം എന്നല്ലാതെ കരഞ്ഞതു കൊണ്ട് എന്ത് പ്രയോജനമാണുള്ളത്.

സൈറ വാത്സല്യത്തോടെ അനിതയുടെ കണ്ണുനീര്‍ തുടച്ചു.

ജീവിതത്തില്‍ ആദ്യമായാണ് തന്നോട് ഇങ്ങനെയൊരാള്‍ അനുകമ്പയോട്  പെരുമാറുന്നത്.
അനിത അലിവോടെ സൈറയെ നോക്കിയിരുന്നു.

ഒളിച്ചോടി പോകുകയാണോ?

അതെ എന്ന് തലകുലുക്കി അനിത.

വേറെ ആരെങ്കിലും കൂടെയുണ്ടോ?

ആരുമില്ലെന്നു പതിയെ പറഞ്ഞു അനിത.

എനിക്കും ആരുമില്ല. സൈറ കൂളായി ചിരിച്ചു കൊണ്ട് പറഞ്ഞു.

താനും കൂടുന്നുണ്ടോ എന്റെ കൂടെയെന്ന് സൈറ ചോദിച്ചപ്പോള്‍, അനിത പെട്ടെന്ന് തന്നെ ഒന്നുമാലോചിക്കാതെ  അതെ എന്ന് ഉത്തരം പറഞ്ഞു.

സൈറയുടെ ദേഹമാകെ തണുപ്പ് അരിച്ചു കയറി. സന്തോഷം കൊണ്ട് ചുണ്ടുകള്‍ വിതുമ്പി.
കൂട്ടായി ഒരാളെ കിട്ടുന്നത്  വലിയൊരു ആശ്വാസമാണ് ജീവിതത്തില്‍.

നമുക്കിനി ആരുടേയും അടിമയായി ജീവിക്കേണ്ട.

സ്വാതന്ത്ര്യത്തോടെ ജീവിച്ചു കാണിക്കണമെന്ന് ഒരേ സ്വരത്തില്‍ പറഞ്ഞുകൊണ്ട് അവര്‍ കൈകള്‍ തമ്മില്‍ പരസ്പരം മുറുകെ പിടിച്ചു.

അപ്പോഴാണ്  ചായ്, ചായ് എന്നലറി വിളിച്ചു കൊണ്ട് ഒരു ഹിന്ദിക്കാരന്‍ ചെക്കന്‍  ചായക്കപ്പുകളുമായി  മുന്നില്‍ വന്നു നിന്നത്. അവന്റെ പക്കല്‍ നിന്നും ഒരു കപ്പ് ചായ വാങ്ങി രണ്ടുപേരും പങ്കിട്ട് ആസ്വദിച്ചു കുടിച്ചു

അന്നുതൊട്ട്  അവരുടെ രണ്ടു പേരുടേയും ജീവിതത്തില്‍ ഒരാണിനും അധികാരം സ്ഥാപിക്കാനുള്ള അവകാശം അവര്‍ കൊടുത്തിട്ടില്ല.


 

click me!