മണല്‍സൂര്യന്‍

By Chilla Lit Space  |  First Published Sep 8, 2021, 5:05 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  പങ്കുജോബി എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


Latest Videos

undefined


ഒരായുസ്സിന്റെ സ്വപ്നങ്ങള്‍ പൊടിഞ്ഞ തരികളല്ലേ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ച് കൊണ്ട്  അനന്തതയിലേക്ക്  പരന്നു കിടക്കുന്നത്. ആത്മനൊമ്പരത്തിന്റെ  തീച്ചൂളയില്‍ അവ വീണ്ടും വീണ്ടും ചുട്ടു പഴുക്കുന്നു. യാന്ത്രികമായി തീര്‍ന്ന  ദിനങ്ങള്‍. അവ ഒന്ന് ചേര്‍ന്ന് വര്‍ഷങ്ങളായി രൂപം പ്രാപിച്ച് ആയുസ്സിന്റെ കണ്ഠനാളത്തില്‍ പിടിമുറുക്കി ഓജസ്സും പ്രസരിപ്പും കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്നു.

മണല്‍ക്കാടുകള്‍ക്കുള്ളില്‍ ജീവിതം തിരയുന്ന പ്രവാസം.  ഇവിടെ ഒഴിവുദിനങ്ങള്‍ പോലും ശുഷ്‌കവും മരവിപ്പ് നിറഞ്ഞതുമായി മാറിയിരിക്കുന്നു.

ശിവോഹി നെടുവീര്‍പ്പിട്ടു.

പെന്‍ഡുലം പോലെ ദിവസവും ഒരേ ദിശയിലേക്കും പിന്നെ എതിര്‍ ദിശയിലേക്കും ഒരേ താളത്തില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന് ഒരു മാറ്റം ആകട്ടെ എന്ന  ഉദ്ദേശത്തോടെയാണ് ശിവോഹി അന്ന് വിശ്രമിക്കാന്‍ തീരുമാനിച്ചത്. 

സഹമുറിയന്മാര്‍ പോയി കഴിഞ്ഞിരുന്നു. പക്ഷികള്‍ ഒഴിഞ്ഞ കൂട് പോലെ വിജനമായ ആ ഒറ്റ മുറിയില്‍ ചൂട് കാപ്പിയും കുടിച്ച് നാട്ടുമ്പുറത്തെ പുഴയോരങ്ങളില്‍ ആഹ്ലാദത്തോടെ  അലയുന്ന മനസ്സിന് പിന്നാലെ പാഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ശബ്ദിച്ചത്.

കൊറിയര്‍ ആണ്. താഴെ കാത്തുനില്‍ക്കുകയാണ്. മുറിയിലേക്ക് കയറിവരേണ്ട ഗോവണിയും, ഗോവണി വരെ എത്തിച്ചേരേണ്ട വഴിയും കൃത്യമായി വിശദീകരിച്ച് പറഞ്ഞുകൊടുത്ത് ശിവോഹി പുറത്തേക്കുള്ള വാതിലില്‍ കണ്ണും നട്ട് ഇരിപ്പായി.

പുറത്തെ ഉരുകിയൊലിക്കുന്ന വെള്ളിവെളിച്ചത്തിന്റെ ഭയങ്കരമായ ചൂടില്‍ നിന്ന് മഴപെയ്ത് ആകെ നനഞ്ഞത് പോലെ വിയര്‍പ്പുകൊണ്ട് സ്‌നാനം ചെയ്ത ഒരു വൃദ്ധന്‍ അകത്തേക്ക് പ്രവേശിച്ചു.

ഈ വാര്‍ദ്ധക്യത്തിലും ഈ മനുഷ്യന്‍ മണല്‍ ചൂടില്‍ ഉരുകുന്നത് എന്തിനായിരിക്കും? ശിവോഹിയുടെ മനസ്സ് ചെറുതായി ഒന്ന് വേദനിച്ചു.

'ഒരു ചായ കുടിക്കുന്നോ?'

'കിട്ടിയാല്‍ സന്തോഷം.'

അയാള്‍ കൈലേസ് എടുത്ത് കഴുത്തിലെയും മുഖത്തെയും വിയര്‍പ്പു തുടച്ചു കൊണ്ട് കസേരയിലേക്ക് ഇരുന്നു.  ആ വൃദ്ധശരീരം നിര്‍ത്താതെ പെയ്ത വിയര്‍പ്പുമണികളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ കൈലേസ് നനഞ്ഞുകുതിര്‍ന്ന് ചുരുണ്ട് ഇരുന്നു. ചായ എടുക്കുന്നതിനിടയിലുള്ള ആ ചെറിയ ഇടവേള നല്‍കിയ വിശ്രമത്തിന്റെ ആശ്വാസം പോലെ അയാള്‍ എന്നെ നോക്കി നിഷ്‌കളങ്കമായി പുഞ്ചിരിച്ചു.

'ഈ പ്രായത്തില്‍ എന്താ ഇവിടെ? നാട്ടിലേക്ക് മടങ്ങിക്കൂടെ?'

ആ മനുഷ്യന്‍ വീണ്ടും ചിരിച്ചു. ശിവോഹി അയാള്‍ക്ക് നീട്ടിയ ചൂടുചായ പതിയെ ഒരിറക്ക് കുടിച്ചതിനുശേഷമാണ് അയാള്‍ പറഞ്ഞു തുടങ്ങിയത്.

'നാല്‍പ്പത്തിയെട്ട് വയസ്സ് വാര്‍ദ്ധക്യമായി കൂട്ടുമെങ്കില്‍ ഞാനും  വൃദ്ധനാണ്.'

നാല്‍പ്പത്തെട്ട് വയസ്സ്!

ശിവോഹി ഒരു ഞെട്ടലോടെ, സ്വയമറിയാതെ വലതുവശത്തെ കണ്ണാടിയിലേക്ക് നോക്കി. അത് തന്നെ നോക്കി കൊണ്ട് ആ മനുഷ്യന്‍ വീണ്ടും പുഞ്ചിരിച്ചു. ശിവോഹി അയാളെ ഒന്നുകൂടി നോക്കി. നാല്‍പ്പത്തെട്ട് വയസ്സെന്നാരും പറയില്ല.  ഒരു പക്ഷേ, പ്രവാസജീവിതമാവണം ഇരട്ടി വേഗതയില്‍ അയാളുടെ ശരീരത്തെ എണ്‍പതുകളിലേക്ക് എത്തിച്ചത്. 

'നീണ്ട  ഇരുപത്തിയെട്ട് വര്‍ഷമായി ഞാന്‍ ഈ മണല്‍കാറ്റിലൂടെ സൂര്യനെ വെല്ലുവിളിച്ച്, കൊറിയറുമായി നടക്കാന്‍ തുടങ്ങിയിട്ട്...' അയാള്‍ പറഞ്ഞു. എന്നിട്ട്, ഇടത്തെ കയ്യില്‍  പകുതി ഒഴിഞ്ഞ ചായ ഗ്ലാസ് പിടിച്ചു കൊണ്ട് ഒരു പേപ്പറും ലെറ്ററും ശിവോഹിക്ക് നേരെ നീട്ടി.

'ഇതാ നിങ്ങളുടെ കൊറിയര്‍. ഇതില്‍ ഒപ്പിടണം. ഇത് എന്റെ അവസാനത്തെ ഡ്യൂട്ടിയാണ്. ഇത് നിങ്ങളെ ഏല്‍പ്പിച്ച് ഞാന്‍ നാട്ടിലേക്ക് മടങ്ങുന്നു. എന്റെ മകന്‍ സമ്പാദിച്ച് തുടങ്ങി. ഇനി എനിക്ക്  വിശ്രമിക്കാം.'

ഒപ്പിടുന്നതിനിടയില്‍  ശിവോഹിയുടെ മിഴികള്‍ അത്ഭുതം കൊണ്ട് മിഴിഞ്ഞു. എത്ര മനോഹരമായ കൈയ്യക്ഷരം. ഒരു ചിത്രകാരന്‍ വളരെ ശ്രദ്ധയോടെ വരച്ചുവച്ച മനോഹരമായ ചെറു ചിത്രങ്ങള്‍ പോലെ അവ നിരയൊത്ത് നിരന്നിരിക്കുന്നു.

'നല്ല കൈയ്യക്ഷരം ആണല്ലോ ഭായ്.. നിങ്ങള്‍ എത്രവരെ പഠിച്ചു?'

'ഞാന്‍ പഴയ ബി എ എക്കണോമിക്‌സ് ആണ്.'-  ശിവോഹിയ്ക്ക് വീണ്ടും അത്ഭുതം.

'പിന്നെ നിങ്ങള്‍ ഈ മണലാരണ്യത്തില്‍ എന്ത് ചെയ്യുന്നു? നാട്ടില്‍ ഒരു ജോലിക്ക് ശ്രമിക്കായിരുന്നില്ലേ?'

'കൈയ്യെത്തും ദൂരത്ത് ഉണ്ടായിരുന്ന ഒരു സ്വപ്നം കൈപ്പിടിയിലൊതുക്കാനുള്ള ആഗ്രഹവുമായാണ് ഞാന്‍ വന്നത്. പലരും സ്വപ്നങ്ങള്‍ കൊയ്തത് ഈ മണ്ണില്‍ നിന്ന് ആയിരുന്നല്ലോ. പക്ഷേ...പലരുടെയും സ്വപ്നങ്ങള്‍ കുഴിച്ചുമൂടപ്പെട്ടതും  ഇതേ മണ്ണില്‍ തന്നെയായിരുന്നു.'

ശിവോഹി അയാളെ തന്നെ നോക്കി നിന്നു. അയാളുടെ വാക്കുകള്‍ തന്നെയും കൊണ്ട് അയാളുടെ ഭൂതകാലങ്ങളിലെ ആഴങ്ങള്‍ തേടി ഊളിയിടുന്ന നിമിഷവും കാത്ത്.

'ജീവിതത്തില്‍ ഞാന്‍ ഏറ്റവും ആഗ്രഹിച്ചത് റംലത്തിനെയാണ്. അത്രയേറെ തീവ്രമായി ഞാന്‍ മറ്റൊന്നും ആഗ്രഹിച്ചിട്ടേയില്ല. ആ സമയം ഞാന്‍ എന്റെ അമ്മാവന്‍മാരുടെ സംരക്ഷണയില്‍ ആയിരുന്നു. അച്ഛന്റെ മരണശേഷം എനിക്കും അമ്മയ്ക്കും വേണ്ടി തീരുമാനങ്ങള്‍ എടുത്തിരുന്നത് അവരാണ്.'

അയാള്‍ ചായ കുടിച്ച് ഒഴിഞ്ഞ കപ്പ് താഴേക്ക് വച്ചു.

'അമ്മാവന്മാര്‍ കാര്യം അറിഞ്ഞു. അവര്‍ക്ക് എതിര്‍പ്പൊന്നുമില്ല. ഒരു നിബന്ധന മാത്രം. സ്വന്തമായി ഒരു വരുമാനം വേണം. എന്നു ഞാന്‍ സാമ്പാദിച്ച് തുടങ്ങുന്നുവോ, അന്ന് വിവാഹം. പഠനം പൂര്‍ത്തിയാക്കി, ജോലി നേടി, സാമ്പാദിക്കുന്നതുവരെ കാത്തിരിക്കാന്‍ റംലത്തിന്റെ വീട്ടുകാര്‍ തയ്യാറല്ല. പിന്നൊന്നും ചിന്തിച്ചില്ല. പഠനമുപേക്ഷിച്ച്  ഈ മണ്ണിലേക്ക് ചേക്കേറി, കൂട്ടിന് ഒരുപിടി മോഹങ്ങളും.'

തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുന്ന അയാളുടെ മിഴികളില്‍ ഉച്ചവെയില്‍ തിളച്ചുമറിഞ്ഞു കൊണ്ടിരുന്നു.

'അന്ന് ഫോണ്‍വിളികളുടെ കാലമായിരുന്നില്ലല്ലോ, കത്തുകളാണ് രാജ്യങ്ങള്‍ തോറും സഞ്ചരിച്ചിരുന്നത്. എത്രയധികം ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഒരു കത്ത് പോയി മറുപടിയും കൊണ്ടുവന്നിരുന്നത്.  റംലത്തിന്റെ പേര്‍ക്ക് ഒരു കത്ത് അയക്കാന്‍ ഞാന്‍ ധൈര്യം സംഭരിച്ചപ്പോഴേക്കും വര്‍ഷം  ഒന്ന് കഴിഞ്ഞിരുന്നു. പിന്നെയും എത്രയോ നാളുകള്‍ക്ക് ശേഷമാണ് ആ കത്തിന്റെ മറുപടി എന്നെയും തേടി വന്നത്.  സന്തോഷവും ആകാംക്ഷയും ഒരുപോലെ എന്നെ വരിഞ്ഞു മുറുക്കിയത് കൊണ്ടാവണം ആ  കത്ത് പൊട്ടിച്ച് വായിക്കാനുള്ള മനോധൈര്യം പോലും എന്നില്‍ നിന്നും ചോര്‍ന്ന് പോയത്. ഏറെ സമയത്തിന് ശേഷം ഒരുവിധം ഞാന്‍ ആ കത്ത് തുറന്നു. അതില്‍ ആകെ ഉണ്ടായിരുന്നത് രണ്ടേ രണ്ട് വാചകങ്ങള്‍ മാത്രം.

'റംലത്തിന്റെ നിക്കാഹ് കഴിഞ്ഞു. അവള്‍ക്കായി ഇനി ഇങ്ങോട്ട് ആരും എഴുതണമെന്നില്ല.'

ആ സമയം ഞാന്‍ എങ്ങനെ അതിജീവിച്ചുവെന്ന് അറിയില്ല. ഉള്ളില്‍ തിളച്ചുമറിയുന്ന വേദന ഉള്ളതുകൊണ്ടാവണം ചുട്ടുപൊള്ളുന്ന മണല്‍ ചൂട് പോലും തണലായി തോന്നിയത്. ഒരു പക്ഷേ എനിക്ക് ലഭിച്ചേക്കാവുന്ന നല്ലൊരു ഭാവിയെ പാതിയില്‍ ഉപേക്ഷിച്ചാണ് ഒരു സ്വപ്നവും മാറോടടുക്കി ഞാനീ മണലില്‍ കാലുകുത്തിയത്. അതേ സ്വപ്‌നത്തെ ഈ മണലിലേക്ക് കുടഞ്ഞെറിഞ്ഞാണ് പിന്നീട് ജീവിക്കാനുള്ള ആഗ്രഹം ഞാന്‍ സ്വന്തമാക്കിയതും. ഒരുപാട് നാള്‍ വിവാഹത്തില്‍ നിന്നും ഒളിച്ചോടി. പിന്നീട് അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി വിവാഹം. അവള്‍ ഒരു പാവം.... അവളോടൊപ്പമുള്ള ജീവിതം  എനിക്ക് സന്തോഷം മാത്രം. എന്റെ അവസാനത്തെ ഡ്യൂട്ടി നിങ്ങളെ ഏല്പിച്ച് ഞാന്‍ ഈ മണലാരണ്യത്തോട് വിട പറയുന്നു. കുറച്ചു ദിവസത്തിനകം ഞാന്‍ തിരികെ പോകും. അന്യദേശം നമുക്ക് നല്‍കുന്നത് എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ ജീവിതം ആണെങ്കില്‍ പോലും സ്വന്തം നാട്ടില്‍ പ്രാരാബ്ദങ്ങള്‍ക്ക് നടുവില്‍ ജീവിക്കുമ്പോള്‍ കിട്ടുന്ന സുഖം ഒരു പ്രവാസത്തിനും നല്‍കാന്‍ കഴിയില്ലല്ലോ.'

ആ മനുഷ്യന്‍ വീണ്ടും ഉച്ചവെയിലിലേക്ക് അലിഞ്ഞുചേര്‍ന്നു. 

അയാള്‍ ചായകുടിച്ച് വച്ച, ഒഴിഞ്ഞ കപ്പ് അവിടെ തന്നെ ഇരുന്നു. 

click me!